ജർമ്മനിയിൽ നടന്ന കോൺഫറൻസ് വേദിയിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയ ധീരവനിത, ആരാണ് ഭിക്കാജി കാമ?

By Web TeamFirst Published Sep 24, 2020, 4:13 PM IST
Highlights

ബിക്കാജിയുടെ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ ബ്രിട്ടീഷ് അധികാരികള്‍, ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് അവരെ ഭീഷണിപ്പെടുത്തി.

1907 ഓഗസ്റ്റ് 21 -ന് ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ ഒരു അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനം നടക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആ അവസരത്തിലാണ് ഭിക്കാജി റസ്തം കാമ ഇന്ത്യൻ ദേശീയ പതാകയുടെ ആദ്യപതിപ്പ് പുറത്തിറക്കുന്നത്. ആ പതാക ഉയർത്തിക്കൊണ്ട് അവർ അന്ന് പറഞ്ഞു, "ഇത് സ്വതന്ത്ര ഇന്ത്യയുടെ പതാകയാണ്. പതാകയ്‌ക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്യാൻ ഞാൻ എല്ലാ മാന്യന്മാരോടും അഭ്യർത്ഥിക്കുന്നു.” അവരുടെ പ്രവൃത്തിയിൽ ആശ്ചര്യഭരിതരായ കോൺഫറൻസിലെ എല്ലാ പ്രതിനിധികളും എഴുന്നേറ്റുനിന്ന് ഇന്ത്യയുടെ ആദ്യ പതാകയ്ക്ക് മുന്നിൽ അഭിവാദ്യമർപ്പിച്ചു. അങ്ങനെ ഒരു വിദേശമണ്ണിൽ ഇന്ത്യൻ പതാക ആദ്യമായി ഉയർത്തിയ വനിതയായി മാറി ഭിക്കാജി കാമ. ഇന്ന് അവര്‍ ജനിച്ച ദിവസമാണ്.  

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കത്തിൽ വളരെയധികം സംഭാവന നൽകിയ, സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനത്തിനായി പോരാടിയ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഭിക്കാജി കാമ. അവർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. മുപ്പത്തിയഞ്ച് വർഷക്കാലം നാടുകടത്തപ്പെട്ടെങ്കിലും, സ്വാതന്ത്ര്യത്തിനായുള്ള അവളുടെ ശ്രമങ്ങൾ അവർ തുടർന്നു കൊണ്ടേയിരുന്നു. അവരുടെ ജന്മദിനത്തിൽ, ചരിത്രത്തിന്റെ താളുകളിൽ നിന്ന് പലപ്പോഴും മാഞ്ഞുപോയ അവരുടെ ജീവിതത്തെ കുറിച്ചറിയാം.  

മഹാരാഷ്ട്രയിൽ നിന്നുള്ള ആ സ്വാതന്ത്ര്യസമര സേനാനി 1861 -ലാണ് ജനിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിന്ന ഒരാളായിരുന്നു അവർ. ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തോട് താല്പര്യം തോന്നിയ ഭിക്കാജി ചെറുപ്പം മുതലേ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തല്‍പരയായിരുന്നു. 1885 -ൽ അവർ പ്രശസ്ത അഭിഭാഷകനായ റസ്തോംജി കാമയെ വിവാഹം കഴിച്ചു. പക്ഷേ, സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളിലുള്ള അവരുടെ ഇടപെടൽ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. റസ്തോംജി, ബ്രിട്ടീഷുകാരെ ആരാധിക്കുകയും അവരുടെ സംസ്കാരത്തെ സ്നേഹിക്കുകയും ചെയ്തപ്പോൾ, ഭിക്കാജി സ്വന്തം രാജ്യത്തിനായി നിലകൊണ്ടു. ഭിക്കാജി തന്റെ സമയവും ഊർജ്ജവും സഹജീവികള്‍ക്കായി നല്‍കി. സാമൂഹിക പ്രവർത്തനങ്ങളിലേര്‍പ്പെട്ടു. 

1896 -ൽ ബോംബെ പ്രസിഡൻസിയിൽ ബ്യൂബോണിക് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടു. പ്ലേഗ് ബാധിതരെ രക്ഷിക്കാൻ ഭിക്കാജി മുന്നിട്ടിറങ്ങി. ബോംബെയിൽ നൂറുകണക്കിന് ആളുകൾ മരിച്ചുവീണുകൊണ്ടിരുന്ന സമയത്ത്, അവർക്കും രോഗം പിടിപെട്ടു. അവർ സുഖം പ്രാപിച്ചുവെങ്കിലും, രോഗം അവരുടെ ആരോഗ്യനില മോശമാക്കി. തുടർന്ന്, യൂറോപ്പിലേക്ക് പോകാൻ അവർക്ക് നിർദ്ദേശം ലഭിച്ചു. 1902 -ൽ അവർ ലണ്ടനിലേക്ക് പോയി. അവിടെ താമസിക്കുന്നതിനിടെ, ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്പത്തികനയത്തിന്റെ കടുത്ത വിമർശകനായ ദാദാഭായ് നവറോജിയെ അവർ കണ്ടുമുട്ടി. അങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ലാല ഹർദയാൽ, ശ്യാംജി കൃഷ്ണവർമ്മ എന്നിവരുൾപ്പടെ മറ്റ് ഇന്ത്യൻ ദേശീയവാദികളുമായി അവർ അടുത്ത് പരിചയപ്പെടുകയും ലണ്ടനിലെ ഹൈഡ് പാർക്കിൽ നിരവധി യോഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

ബിക്കാജിയുടെ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ ബ്രിട്ടീഷ് അധികാരികള്‍, ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് അവരെ ഭീഷണിപ്പെടുത്തി. ദേശീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പ് തന്നാൽ ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കാമെന്നും ബ്രിട്ടീഷ് രാജ് പറഞ്ഞു. എന്നാൽ, അവർ അതിന് വിസമ്മതിക്കുകയും യൂറോപ്പിൽ പ്രവാസിയായി തുടരുകയും ചെയ്തു. അതേവർഷമാണ് അവർ ജർമ്മനിയിൽ ഇന്ത്യൻ പതാക ഉയർത്തുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടായ ക്ഷാമത്തിന്റെ വിനാശകരമായ ഫലങ്ങളെ ഓർമ്മിപ്പിക്കാനും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ലോകശ്രദ്ധയിൽ കൊണ്ടുവരാനും ഇതുവഴി അവർക്ക് സാധിച്ചു.   

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് 40 വർഷം മുൻപായിരുന്നു അത്. ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കത്തുന്ന ദേശസ്നേഹത്തെക്കുറിച്ച് ലോകം അപ്പോഴും അറിഞ്ഞിരുന്നില്ല. എതിർക്കുന്നവരെ ജീവപര്യന്തം തടവിലാക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്ന ആ കാലത്ത്  ബിക്കാജിയുടെ ഈ പ്രവർത്തനങ്ങളെയും രാജ്യദ്രോഹമായിത്തന്നെ ബ്രിട്ടീഷ് രാജ് കണ്ടു.

1909 -ൽ അവർ പാരീസിലേക്ക് താമസം മാറി. മറ്റ് രണ്ട് പ്രവർത്തകർക്കൊപ്പം പിന്നീട് അവർ പാരീസ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിക്കുകയുണ്ടായി. ആഭ്യന്തര ഭരണ പ്രസ്ഥാനത്തിന്റെ മറ്റൊരു ശാഖയായിരുന്നു ഇത്. വിദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ ദേശീയ സംഘടനകളിലൊന്നായി ഇത് വളർന്നു. അവളുടെ പാരീസ് ഭവനം പിന്നീട് വിപ്ലവകാരികളുടെ അഭയസ്ഥാനമായി മാറി. സ്വാതന്ത്ര്യസമരത്തിലെ ശ്രദ്ധേയമായ പ്രവർത്തനത്തിലൂടെ ബിക്കാജി ഒരു വിപ്ലവ പാരമ്പര്യം തന്നെ സൃഷ്ടിച്ചു. ഭൂരിഭാഗം സ്ത്രീകളെയും സ്കൂളുകളിൽ പോകാൻ പോലും അനുവദിക്കാത്ത ഒരു സമയത്ത് പുരുഷന്മാർക്കൊപ്പം നിലകൊള്ളാൻ അവർ കാണിച്ച ധൈര്യം പ്രശംസനീയമാണ്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് എന്നപോലെ തന്നെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായും ഉറക്കെ ശബ്ദിച്ചിരുന്ന സ്ത്രീയായിരുന്നു ബിക്കാജി. 1935 -ല്‍ എഴുപത്തിനാലാമത്തെ വയസ്സിലാണ് അവര്‍ മരിക്കുന്നത്. 

click me!