പുതിയ പുകയില നിരോധന നിയമ ഭേദഗതിക്കെതിരെ സിഗരറ്റ് കമ്പനികൾ രംഗത്ത്

By Web TeamFirst Published Jan 8, 2021, 2:49 PM IST
Highlights

പുകവലി നിയന്ത്രണം ഈ മേഖലയിലെ തൊഴിലിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും, കർഷകരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഉള്ള ആശങ്കകളാണ് കമ്പനികൾ സർക്കാരുമായി പങ്കുവയ്ക്കുക.   

കാലങ്ങളായി പുകയില വിരുദ്ധ നിയമം കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. പുകയില ഉപയോഗം വേണ്ടരീതിയിൽ നിയന്ത്രിക്കാൻ നമുക്ക് ഇന്നും സാധിച്ചിട്ടില്ല. ഇന്ത്യയിൽ ഓരോ വർഷവും 1.35 ദശലക്ഷം ആളുകളാണ് പുകയില ഉപയോഗം മൂലം മരിക്കുന്നത്. എന്നാൽ, ഇപ്പോൾ പുകയില വിരുദ്ധ നിയമം കടുപ്പിക്കാനൊരുങ്ങുകയാണ് രാജ്യം. ഏറ്റവും പുതിയ തീരുമാനം അനുസരിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വിമാനത്താവളങ്ങളിലും പുകവലി മേഖലകൾ നിരോധിക്കും. കൂടാതെ നിയമപരമായ പുകവലിക്കാനുള്ള പ്രായം 18 -ൽ നിന്ന് 21 ആയി ഉയർത്തുകയും ചെയ്യും. എന്നാൽ, ഈ നിയന്ത്രണങ്ങൾക്കെതിരെ സിഗരറ്റ് കമ്പനികൾ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്.   

ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ, രാജ്യത്തെ സിഗരറ്റ് കമ്പനികളുടെ വിൽപ്പനയെ അത് കാര്യമായി ബാധിച്ചേക്കാമെന്ന് കമ്പനികൾ ആശങ്കപ്പെടുന്നു. ഐടിസി, ഗോഡ്ഫ്രി ഫിലിപ്‌സ്, ഫിലിപ്പ് മോറിസ് എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ സിഗരറ്റ് നിർമ്മാതാക്കൾ. ഏകദേശം 1200 കോടി വിറ്റുവരവുള്ള ഒരു വിപണിയാണ് അത്. “ചില നടപടികൾ വളരെ കടുത്തതും പ്രശ്‌നകരവുമാണ്” ഒരു പുകയില വ്യവസായ എക്സിക്യൂട്ടീവ് പറഞ്ഞു. സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഈ നിയന്ത്രണങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സമയം ജനുവരി 31 -ന് അവസാനിക്കുമെന്നും അതിന് മുൻപ് കമ്പനികൾ ആശങ്കകൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുകവലി നിയന്ത്രണം ഈ മേഖലയിലെ തൊഴിലിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും, കർഷകരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഉള്ള ആശങ്കകളാണ് കമ്പനികൾ സർക്കാരുമായി പങ്കുവയ്ക്കുക.   

കിയോസ്‌കുകളിൽ പരസ്യംചെയ്യൽ നിരോധിക്കുന്നതിനൊപ്പം, കമ്പനികൾക്ക് നല്ല രീതിയിൽ ലാഭം കൊണ്ടുവരുന്ന ഓരോ സിഗരറ്റുകളായുള്ള വിൽപ്പനയും നിരോധിക്കുകയാണ്. മഹാമാരിയുടെ ഫലമായി പുകയില വ്യവസായം നല്ല രീതിയിൽ തിരിച്ചടികൾ നേരിടുന്ന ഈ സമയത്ത്, ഇത്തരമൊരു നിർദ്ദേശം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനികൾ അഭിപ്രായപ്പെട്ടു. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കൊവിഡ്-19 -നെ തുടർന്ന് ഒരു ദശലക്ഷത്തിലധികം ആളുകൾ പുകവലി ഉപേക്ഷിച്ചിരുന്നു. ബിബിസി റിപ്പോർട്ട് പ്രകാരം ചാരിറ്റി ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്ത് സർവേയിലാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഉപേക്ഷിച്ചവരിൽ 41 ശതമാനം പേരും മഹാമാരി കാരണമാണ് തങ്ങൾ പുകവലി ഉപേക്ഷിച്ചത് എന്ന് അഭിപ്രായപ്പെട്ടു. 2015 -ലും ഇന്ത്യ പുകയില നിയന്ത്രണ നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും പുകയില വ്യവസായത്തിന്റെ പ്രതിഷേധത്തെത്തുടർന്ന് ഈ നിർദേശം ഉപേക്ഷിക്കുകയായിരുന്നു. 

click me!