അര്‍ബുദം തളര്‍ത്തിയ അമ്മയെ കാണാന്‍ വരാന്‍ പണമില്ല; വെങ്കട്ടമ്മ മക്കളെ കണ്ടിട്ട് എട്ടുമാസം

By Web TeamFirst Published Feb 12, 2019, 7:22 PM IST
Highlights

തന്റെ അസുഖത്തിന്റെ ചികിത്സ ഇനിയും എത്രകാലം നീണ്ടു നിൽക്കുമെന്ന് വെങ്കട്ടമ്മയ്ക്കറിയില്ല. അവരുടെ ഭർത്താവിന് ചികിത്സയ്ക്കുള്ള പണം തുടർന്നും സംഘടിപ്പിക്കാനാവുമോ എന്നും. ചികിത്സ നിർത്തിയാൽ കാറ്റു പോയ ബലൂൺ പോലെ ഒഴിഞ്ഞുപോവും വെങ്കമ്മയുടെ ശരീരത്തിനുള്ളിൽ വളരെ കഷ്ടപ്പെട്ട് പിടിച്ചു നിൽക്കുന്ന അവരുടെ പ്രാണൻ. 

വെങ്കട്ടമ്മ മക്കളെക്കണ്ടിട്ട് എട്ടുമാസം തികയുന്നു. അഞ്ചു മക്കളാണ് വെങ്കട്ടമ്മയ്ക്ക്. ഒരു ദിവസം ഒരു വാക്കുപോലും പറയാതിറങ്ങിപ്പോരേണ്ടി വന്നതാണ് വീട്ടിൽ നിന്നും. അമ്മയ്‌ക്കെന്താണ് അസുഖമെന്നൊന്നും മക്കൾക്കറിയില്ല. ഇടക്കൊക്കെ അവർ അമ്മയെക്കാണണം എന്ന് വാശിപിടിക്കും. പക്ഷേ, അമ്മയെ കിടത്തി ചികിത്സിക്കുന്ന ആസ്പത്രി അങ്ങ് ദൂരെ പട്ടണത്തിലായതുകൊണ്ട് ഇന്നുവരെ അവർക്കെല്ലാം കൂടി അവിടെ വരെ പോകാനും അവിടെ താമസിക്കാനും ഒക്കെയുള്ള പണം ഒത്തിട്ടില്ല. വെങ്കട്ടമ്മയുടെ അസുഖത്തിന്റെ ചെലവ് തന്നെ വളരെ കഷ്ടപ്പെട്ടിട്ടാണ് സംഘടിപ്പിക്കുന്നത്. 

വെങ്കട്ടമ്മയ്ക്ക് നേരെ എണീറ്റ് നില്ക്കാൻ പോലും ആവുന്നില്ല ഇപ്പോൾ. കാൻസർ കടുത്തപ്പോൾ ഒരു കാലിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടമായി. ഇടക്കൊക്കെ മക്കളെ ഫോണിൽ വിളിക്കാൻ പറ്റുന്നുണ്ട് എന്നതാണ് ആകെയുള്ള ഒരാശ്വാസം. മക്കളെ വിളിക്കാൻ ഫോൺ കൈയിലെടുത്താൽ പിന്നെ വെങ്കട്ടമ്മ മറ്റൊരാളാണ്. കീമോയുടെ കടുപ്പം കൊണ്ട് അവശമായിരിക്കുന്ന അവരുടെ ശബ്ദം ആ അഞ്ചു നിമിഷങ്ങളിൽ വളരെ ഉല്ലാസം നിറഞ്ഞതാവും. അവർ നിറഞ്ഞു ചിരിക്കും. മക്കളെ ഓരോരുത്തരെയായി ഫോണിൽ വിളിച്ച് അവരുടെയൊക്കെ വിശേഷങ്ങൾ ഒന്നൊന്നായി തിരക്കും. അവരുടെ പരാതികൾക്ക് കാതോർക്കും. മക്കൾക്കിടയിലെ കുഞ്ഞുകുഞ്ഞു പിണക്കങ്ങൾക്ക് മധ്യസ്ഥം വഹിക്കും. ഫോൺ വെക്കും മുമ്പ് എന്നുമെന്നപോലെ അന്നും വാക്കുകൊടുക്കും.. " 'അമ്മ എത്രയും പെട്ടെന്ന് വരാം മക്കളേ.." എന്ന്. 

തന്റെ അസുഖത്തിന്റെ ചികിത്സ ഇനിയും എത്രകാലം നീണ്ടു നിൽക്കുമെന്ന് വെങ്കട്ടമ്മയ്ക്കറിയില്ല. അവരുടെ ഭർത്താവിന് ചികിത്സയ്ക്കുള്ള പണം തുടർന്നും സംഘടിപ്പിക്കാനാവുമോ എന്നും. ചികിത്സ നിർത്തിയാൽ കാറ്റു പോയ ബലൂൺ പോലെ ഒഴിഞ്ഞുപോവും വെങ്കമ്മയുടെ ശരീരത്തിനുള്ളിൽ വളരെ കഷ്ടപ്പെട്ട് പിടിച്ചു നിൽക്കുന്ന അവരുടെ പ്രാണൻ. 

ആന്ധ്രയിലെ അവരുടെ ഗ്രാമത്തിൽ വല്ലാത്ത ഉഷ്ണമാണെന്ന് വെങ്കട്ടമ്മ പറഞ്ഞു. അസുഖം വന്നു പിടികൂടും മുമ്പ്, വെങ്കട്ടമ്മയും ഭർത്താവ് ചിന്നയും നേരം പുലർന്ന പാടെ പാടത്ത് പണിക്കു പോവുമായിരുന്നു. അന്തിയോളം പണിയെടുത്താൽ രണ്ടുപേർക്കും ഇരുനൂറ്റമ്പതു രൂപ വെച്ചു കിട്ടുമായിരുന്നു. അതിനവർ വീട്ടിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന അഞ്ചുവയറുകളെ ഊട്ടാനുള്ള അരിയും പച്ചക്കറിയും വാങ്ങും. അതിനു തന്നെയേ ആ പൈസ തികഞ്ഞിരുന്നുള്ളൂ. കുഞ്ഞുങ്ങളുടെ പഠിപ്പും ചികിത്സയും ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും ഒന്നും ബാക്കി വന്നിരുന്നില്ല. ഒന്നും സമ്പാദിക്കാൻ അവർക്കായില്ല.  വീട് ഓല മേഞ്ഞതാണെങ്കിലും, പണി കഴിഞ്ഞ് സാധനങ്ങളും വാങ്ങി രണ്ടുപേരും കൂടി അതിനുള്ളിലേക്ക് കേറി, മക്കളോടൊപ്പം ചിരിച്ചും പറഞ്ഞും ഇരിക്കുമ്പോൾ വല്ലാത്തൊരു തണുപ്പായിരുന്നു മനസ്സിനുള്ളിൽ എന്ന് വെങ്കട്ടമ്മ ഓർക്കുന്നു. 

" ഞങ്ങളെല്ലാം കൂടി നിലത്തിരുന്ന്, വീട്ടിനുള്ളിലെ ആകെയുള്ള ഒരേയൊരു ബൾബിന്റെ വെട്ടത്തിൽ ഉള്ളത് പങ്കിട്ടു തിന്നുമായിരുന്നു. സ്ഥിതി അത്ര മെച്ചമൊന്നും ആയിരുന്നില്ല. എനിക്കറിയാം. എന്നാലും ഞങ്ങൾക്ക് സന്തോഷം തന്നെയായിരുന്നു അന്നൊക്കെ.. " ചിന്ന പറഞ്ഞു. 

പട്ടിണി കിടന്നിരുന്നെങ്കിലും മക്കളുടെ ഒരു കാര്യവും വെങ്കട്ടമ്മ മുടക്കിയിരുന്നില്ല. ആ പെടാപ്പാടിനിടയിലേക്ക് വിളിക്കാതെ വന്നുകേറിയ ഒരതിഥിയായി അർബുദം ഇടങ്കോലിടും എന്നവർ സ്വപ്നേപി വിചാരിച്ചിരുന്നില്ല. അസഹ്യമായ പുറം വേദനയിലായിരുന്നു തുടക്കം. വേദന നട്ടെല്ലിലേക്കും പടർന്നുകൊണ്ടിരുന്നു. വല്ല വിധേനയും അവർ ചികിത്സയ്ക്കായി ബാംഗ്ലൂരിൽ വന്നു.അവിടെ വെച്ചാണ്  വിചിത്രമായ ആ അസുഖത്തിന്റെ പേര് അവർ ആദ്യമായി കേൾക്കുന്നത്. മൾട്ടിപ്പിൾ മൈലോമ. ശ്വേതരക്താണുക്കളെ ബാധിക്കുന്ന അപൂർവമായ അർബുദം. 

വെങ്കട്ടമ്മയിപ്പോൾ കീമോ തെറാപ്പിയിലാണ്. ചികിത്സക്കാവശ്യമായ പണത്തിനുതന്നെ ചിന്ന പെടാപ്പാടു പെട്ടുകൊണ്ടിരിക്കുകയാണ്. മക്കളെ ബംഗളൂരു വരെ കൊണ്ടുവരാനുള്ള പണം എന്തായാലും തൽക്കാലം ചിന്നയുടെ കയ്യിലില്ല.. മക്കളെക്കുറിച്ച് ഓർമ്മവരുമ്പോഴൊക്കെ വെങ്കട്ടമ്മ വിതുമ്പും. വെങ്കട്ടമ്മയുടെ അസുഖം പൂർണ്ണമായും മാറണമെങ്കിൽ സ്റ്റെം സെൽ റീപ്ലെസ്മെന്റ് നടത്തേണ്ടി വരുമെന്നാണ് അവരെ ചികിത്സിയ്ക്കുന്ന ഡോക്ടറുടെ അഭിപ്രായം. അതിനായി സോഷ്യൽ മീഡിയ, ഫണ്ട് റൈസിങ്ങ് പോർട്ടലുകൾ  എന്നിവ അടക്കമുള്ള മാർഗ്ഗങ്ങളിലൂടെ  ധനസമാഹരണത്തിനുള്ള പരിശ്രമം തുടരാൻ വേണ്ട സഹായങ്ങളുമായി സന്നദ്ധപ്രവർത്തകർ അവരോടൊപ്പമുണ്ട്. 


 

click me!