ഇവിടെ മതപരിവര്‍ത്തനത്തെ ഭയക്കുന്നതാര്?

By യാക്കോബ് തോമസ്First Published Sep 12, 2017, 2:24 PM IST
Highlights

കേരളമെന്നു പറയുന്നത് ഇവിടെ ജനിച്ചുവളര്‍ന്ന ചില സമുദായങ്ങള്‍ സൃഷ്ടിച്ചതാണെന്നും ഇടക്കാലത്ത് ഇവിടേക്ക് വിദേശത്തുനിന്നും വന്ന സമുദായങ്ങള്‍/ മതങ്ങള്‍ യഥാര്‍ഥ കേരളസംസ്കാരത്തിനുള്ളില്‍ പെടുന്നില്ലെന്നുമുള്ളത് ഇടയ്ക്കെല്ലാം നമ്മുടെ സംസ്കാര, രാഷ്ട്രീയ ചിന്തകളില്‍ പ്രത്യക്ഷപ്പെടുന്നവാദമാണ്. പല ചരിത്രകൃതികളിലും ഇത്തരം വാദങ്ങള്‍ കാണാം. വിദേശത്തുനിന്നു വന്ന മതങ്ങളുടെ ഇവിടുത്ത പ്രവര്‍ത്തനത്തെ അടയാളപ്പെടുത്താനും അവര്‍ ഈ സമൂഹത്തില്‍ ചെയ്ത അധികാരപ്രയോഗത്തെ കുറിക്കാനും ഉപയോഗിക്കുന്ന വാക്കാണ് മതപരിവര്‍ത്തനം എന്നത്.  അതിലൂടെ ഉറപ്പിക്കപ്പെടുന്നത് മതപരിവര്‍ത്തനമെന്നത് പുറത്തുനിന്നുവന്ന ചില ശക്തികളുടെ തദ്ദേശിയരെ കളങ്കിതരാക്കാനുദ്ദേശിച്ചുള്ള, അവരുടെ മതത്തെയും വിശ്വാസത്തെയും ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ കൈയേറ്റം എന്നമട്ടിലാണ്.

തദ്ദേശീയരായ കേരളീയര്‍ക്ക് ഹിന്ദുമതമെന്ന വിശ്വാസരൂപമുണ്ടെന്നും അത് പവിത്രമാണെന്നും എന്നാല്‍  കൊളോണിയല്‍ ശക്തികളുടെ ആധിപത്യപരമായ പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്ന ഒന്നാണ് മതപരിവര്‍ത്തനമെന്നാണ് നമ്മുടെ സാമൂഹികവ്യവഹാരങ്ങളിലൂടെ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ശരിയായ ഒരു മതവിശ്വാസമുണ്ടെന്നും അത് ജനിക്കുമ്പോള്‍ കിട്ടുന്നതാണെന്നും അത് മാറുന്നത് അത്രശരിയല്ലെന്നുമുള്ള സൂചനയാണ് ഈ വിവരണങ്ങള്‍ ഉറപ്പിക്കുന്നത്.  ആധുനികകാലത്തെ മതപരിവര്‍ത്തനം ചില സാമൂഹികനേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും  ഒരുതരത്തില്‍ ‘ഒഴിവാക്കപ്പെടേണ്ട തിന്മ’യെന്നമട്ടിലാണ് അതിന്റെ അവതരണം. ഭാരതം പോലുള്ള ഇടങ്ങളിൽ ഇവിടെത്തന്നെയുളള മതങ്ങളെ ഇല്ലാതാക്കുന്നതിനുള്ള വിദേശത്തുള്ളവരുടെ ഗൂഡാലോചനയായിട്ടാണ് മതപരിവർത്തനത്തെ സംഘപരിവാർ പോലെയുള്ള ശക്തികള്‍ ഇപ്പോള്‍ ഉറപ്പിക്കുന്നത്. മതത്തിലെ ആളുകളുടെ എണ്ണവും മറ്റും അതിന്റെ വ്യതിയാനങ്ങളൊക്കെ വലിയ വിപത്തായിട്ട് അവതരിപ്പിക്കപ്പെടുന്നു.  ഇത്തരം വാദങ്ങളാണ് പൊതുബോധമായും ചരിത്രനിരീക്ഷണമായും അന്തരീക്ഷത്തില്‍ നിറയുന്നത്.

ആദ്യമേ പറയേണ്ടത് ചരിത്രപരമായി നോക്കിയാല്‍ മതപരിവര്‍ത്തനത്തിന്റെ ചരിത്രം വിപുലമാണെന്നും കൊളോണിയല്‍ കാലത്തല്ല അതിന്റെ തുടക്കമെന്നുമാണ്. കേരളചരിത്രത്തിലെ പൊതുവര്‍ഷം (AD/CE) ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ ക്രമമമായി നടന്ന പ്രക്രിയയാണ് മതപരിവര്‍ത്തനമെന്നാണ് കാണേണ്ടത്. കേവലമായി മതപരമായ ഒരു പ്രവര്‍ത്തനവുമല്ലായിരുന്നു മറിച്ച് വിപുലമായ വാണിജ്യ- സാമ്പത്തിക- സാംസ്കാരിക പ്രവര്‍ത്തനമായിരുന്നു. കേരളസമൂഹത്തില്‍ വിവിധകാലഘട്ടങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെ, പുരോഗതിയെ സാധ്യമായത് ഈ പരിവര്‍ത്തനത്തിലൂടെയായിരുന്നു എന്നതാണ് വസ്തുത. എഡി ആദ്യശതകം മുതല്‍ ക്രിസ്തുമതം ഇവിടെ പ്രചാരപ്പെട്ടിരുന്നു. അധികം വൈകാതെ ഇസ്ലാമും പ്രചാരപ്പെട്ടു. നിലവില്‍ ലഭ്യമായ ചരിത്രരേഖകള്‍ പറയുന്നത് എഡി ഒന്നിനും എട്ടിനുമിടയില്‍ ഈ രണ്ടുമതങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരൂന്നിയിരുന്നുവെന്നാണ്.  കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അധികാരങ്ങളെവരെ നിര്‍ണയിച്ചത് ഇവകൂടിയാണെന്നു വ്യക്തം.

മതപരിവര്‍ത്തനത്തിന്റെ ഒരു പാഠം മുസ്ലീങ്ങളാണ്. ടിപ്പുവിന്റെ വരവിലെ മതപരിവര്‍ത്തനങ്ങള്‍, മലബാര്‍ കലാപകാരികള്‍ എന്നിങ്ങനെ മുസ്ലീങ്ങളെ കേരളപൊതുബോധം ഇപ്പോഴും കേരളീയതയുമായി ചേരാത്തവരായി അയിത്തം കല്പിച്ചു പുറത്തു നിര്‍ത്തിയിരുക്കുകയാണ്. 

നിലവിലുള്ള ചരിത്രവസ്തുതകളിലൂടെ കടന്നുപോയാല്‍ ആദ്യശതകം മുതല്‍ മുസ്ലീങ്ങളുടെ വ്യാപനവും കാണാന്‍ കഴിയും. എഡി ആറ്- എട്ട് ശതകംമുതലേ അറബി വ്യാപാരികള്‍ കേരളത്തില്‍ വിശേഷിച്ചും കോഴിക്കോട് സ്ഥിരമായി വ്യാപരിച്ചിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയില്‍ ഇസ്ലാംമതപ്രചാരണം സംഭവിച്ചുവെന്നും  മതപരിവര്‍ത്തനം നടന്നതായും കാണാം. അതിലൂടെ കോഴിക്കോട് കേന്ദ്രമാക്കി വ്യാണിജ്യകേന്ദ്രങ്ങള്‍ ഉണ്ടാവുകയും വിപുലമായ സാമ്പത്തിക വികാസം സാധ്യമാവുകയും ചെയ്തു. ഈ സാമ്പത്തിക വളര്‍ച്ച  അതിശക്തമായൊരു അധികാര- സൈനികരാഷ്ട്രീയത്തിന്റെ ഭാഗമാക്കി അവരെ മാറുന്നതാണ് കാണുന്നത്. കേരളത്തിലുടന്നീളം ഇത്തരത്തിലുള്ള വ്യാപാര സാന്നിധ്യമുണ്ടാകുന്നതായും നാടുവാഴികളൊക്കെ ഇവരുമായി ബന്ധപ്പെടുന്നതും കാണാം.  തരിസാപ്പള്ളി പട്ടയത്തിലെ സാന്നിധ്യം, കണ്ണൂരിലെ അറക്കല്‍ രാജവംശവും ചേരമാന്‍ പെരുമാളിന്റെ മക്കത്തുപോകലുമൊക്കെ മുസ്ലീങ്ങളുടെ സാന്നിധ്യത്തിന്റെ സവിശേഷമായ ചരിത്രഅടയാളങ്ങളാണ്. സാമൂതിരിയുടെ അധികാരവളര്‍ച്ചയും കോഴിക്കോടിന്റെ വളര്‍ച്ചയും അപഗ്രഥിക്കുന്നതിലൂടെ കേരളത്തിലെ മുസ്ലീങ്ങളുടെ സാന്നിധ്യത്തിന്റെ പൊരുള്‍ ആഴത്തില്‍ ഖനിച്ചെടുക്കാം.

കോഴിക്കോടിന്റെ ആധിപത്യം ആദ്യകാലത്ത് പോര്‍ളാതിരിയുടെ നിയന്ത്രണത്തിലായിരുന്നു. നെടിയിരുപ്പ് സ്വരൂപം ശക്തനായ പോര്‍ളാതിരിക്ക് എതിര്‍പ്പുയര്‍ത്തിയിരുന്നു. 9-12 നൂറ്റാണ്ടുകളില്‍ പലകാലം നീണ്ട യുദ്ധങ്ങളിലൂടെ നെടിയിരുപ്പ് പോര്‍ളാതിരിയെ തോല്പിക്കുന്നു. അതിന് നെടിയിരുപ്പിനെ സഹായിച്ചത് മുസ്ലീങ്ങളാണ്. അല്ലെങ്കില്‍ മുസ്ലീങ്ങളുടെ സഹായത്തോടെ പോര്‍ളാതിരിയെ തോല്പിച്ച് നെടിയരുപ്പാണ് പിന്നീട് സാമൂതിരിയെന്ന് അറിയപ്പെടുന്നത്. കോഴിക്കോടിന്റെ വിവിധഭാഗങ്ങളില്‍ ശക്തമായ സാമ്പത്തിക- വാണിജ്യശക്തിയായി മുസ്ലീങ്ങള്‍ മാറിയിരുന്നു. ആദ്യകാല സാമൂതിരയും ഇവരും നല്ല സഖ്യത്തിലായിരുന്നു. മുസ്ലീങ്ങളുടെ സംഖ്യാബലം ഉപയോഗിച്ച പോര്‍ളാതിരിക്കെതിരേ പലവട്ടം കലാപങ്ങള്‍ നെടിയിരുപ്പ് നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ  പ്രതിഫലമോ ആയി പോര്‍ളാതിരിയുടെ കൊട്ടാരമൊക്കെ മുസ്ലീം പള്ളിയാക്കി മാറ്റന്നുണ്ട്. അതുപോലെ വലിയതോതിലുള്ള നായര്‍ കുടുംബങ്ങളുടെ മതപരിവര്‍ത്തനവും നടക്കുന്നുണ്ട്. (കോഴിക്കോടിന്റെ ചരിത്രം, കെ. ബാലകൃഷ്ണക്കുറുപ്പ്, പു. 65-66).  സാമൂതിരി ശക്തനാകുന്നതോടെ മുസ്ലീം ശക്തിയും വര്‍ധിക്കുന്നതാണ് കാണുന്നത്. എന്നല്ല മുസ്ലീങ്ങളുടെ മേഖലകളില്‍ അവര്‍ക്ക് പൂര്‍ണാധികാരവും നല്കുന്നതായിക്കാണാം.

മുസ്ലീങ്ങളുടെ സാമ്പത്തിക അടിത്തറയില്‍ തന്റെ ശക്തിനിര്‍ണയിച്ച ഭരണകൂടമാണ് സാമൂതിരിയെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അതായത് മധ്യകാലത്തെ മലബാര്‍ സമൂഹത്തിന്റെ പരിവര്‍ത്തനങ്ങളെ നിര്‍ണയിച്ചത് മുസ്ലീങ്ങളെന്ന പരിവര്‍ത്തിത വിഭാഗമാണ്. പരിവര്‍ത്തിതരെന്ന വേറിട്ട പദവിയിലല്ല അവരിവിടെ കഴിഞ്ഞിരുന്നത് മറിച്ച് ഇവിടുത്തെ ഒരു സ്വതന്ത്രസമൂഹമെന്ന നിലയിലാണ്. ആ മേഖലകളില്‍ പലയിടത്തും ഹിന്ദുക്കളിലെ മരുമക്കത്തായംപോലും മുസ്ലീങ്ങള്‍ സ്വീകരിച്ചത് സമൂഹമെന്ന നിലയിലുള്ള അവരുടെ ഇവിടുത്തെ വേരുകളെ വ്യക്തമാക്കുന്നു. കണ്ണൂരിലെ അറയ്ക്കല്‍ രാജവംശം പിന്തുടര്‍ന്നത് മരുമക്കത്തായമായിരുന്നു. തദ്ദേശീയ സാമൂഹിക ജീവിതത്തിലെ  ജാതിപോലെയുള്ള  സാംസ്കാരിക ഘടകങ്ങളും മുസ്ലിംജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നു വ്യക്തം.  അറയ്ക്കല്‍ രാജാവംശത്തിന്റെ ഉല്പത്തിക്കുപിന്നിലും കോലത്തിരി രാജാവിന്റെ മന്ത്രിയുടെ മതപരിവര്‍ത്തനമാണെന്നും പറയപ്പെടുന്നു.

പതിനാറാംനൂറ്റാണ്ടിലെഴുതിയ ഷേക് സൈനുദ്ദീന്റെ  തുഹ്ഫത്തൂല്‍ മുജാഹിദ്ദീന്‍ എന്ന കൃതി മധ്യകാലകേരളീയ പഠനത്തിന് ഏറെ ആശ്രയിക്കുന്ന ഒന്നാണ്.  അക്കാലത്തെ കോഴിക്കോട്ടെ മുസ്ലീങ്ങളുടെ വികാസവും  പോര്‍ട്ടുഗീസുകാരില്‍ നിന്ന് നേരിട്ട പ്രതിസന്ധികളും മറ്റും ഇതില്‍ വിവരിക്കുന്നു.  അക്കാലത്തെ കോഴിക്കോടിന്റെ ജാതി- സാമൂഹിക ജീവിതം ഈ കൃതിയില്‍ കൃത്യമായി വിവരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന്യം. മുസ്ലീങ്ങള്‍ സാമൂതിരിയുടെ കാലത്തെങ്ങനെയാണ് വലിയ ശക്തിയായി നിന്നതെന്നും ഇതില്‍ കാണാം.യഹൂദരുടെയും ക്രിസ്ത്യാനികളും കൊടുങ്ങല്ലൂര്‍ വന്നശേഷം ഒരു ഷെയ്ക്കും സംഘവും കൊടുങ്ങല്ലൂരും മറ്റും സന്ദര്‍ശിക്കുയും അവര്‍ക്കുപിന്നാലെ മാലിക് ദിനാറും സംഘവും കൊടുങ്ങല്ലൂരെത്തുകയും രാജാവ് അവരെ സ്വീകരിച്ച് അവര്‍ക്ക് ഭൂമിയും മറ്റും നല്കുകയും ചെയ്യുകയും പിന്നീട് മുസ്ലീങ്ങള്‍ കോഴിക്കോട് കേന്ദ്രമാക്കി സാമൂതിരിയുടെ കീഴില്‍ വലിയ ജനതയായി എന്നാണ് പൊതുവേയുള്ള ചരിത്രവും ഈ പുസ്തകത്തില്‍ മുസ്ലീം ചരിത്രമായും പറയുന്നത്.

മുസ്ലീങ്ങളും സാമൂതിരിയും തമ്മിലുള്ള ബന്ധം കൃതിയിലിങ്ങനെയാണ് വിവരിക്കുന്നത്- മലബാറിലെങ്ങും മുസ്ലീങ്ങളുടെ ഭരണാധികാരം കൈയാളുന്ന നേതാവ് ഇല്ലെന്നു പറയാം. പക്ഷേ അവരുടെ ഹിന്ദുക്കളായ ഭരണാധികാരികള്‍ അവര്‍ക്കു നീതിന്യായപരമായ അധികാരം നടത്തുകയും കടം അല്ലെങ്കില്‍ പിഴ അടക്കേണ്ടതായ കാര്യങ്ങള്‍ വരുമ്പോള്‍ അവ ഏര്‍പ്പാടാക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേ മുസ്ലീങ്ങള്‍ തങ്ങളുടെ ഭരണാധികാരികളില്‍ നിന്നും വലിയ ആദരവും പരിഗണനയും നേടുകയും ചെയ്തു. ഇതിന്റെ ഒരു കാരണം രാജ്യത്തിന്റെ വികസനവും നിര്‍മാണവും നടന്നുവന്നത് അവരിലൂടെയാണന്നതുതന്നെ. ആയതിനാല്‍ മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച നമസ്കാരം സംഘടിപ്പിക്കുകവാനും ഈദ് പോലുള്ള ആഘോഷങ്ങള്‍ ഒരുക്കുവാനും ഭരണാധികാരികള്‍ അവസരം ഒരുക്കുന്നു. ഗവണ്‍മെന്റുതന്നെ മു അസീന്‍മാര്‍ക്കും ഖാദിമാര്‍ക്കും പ്രതിഫലം നല്കിവരുന്നു.

മുന്‍കൂട്ടി അനുവാദം വാങ്ങിമാത്രമേ മറുവിഭാഗക്കാരായ ജനങ്ങള്‍ മുസ്ലീങ്ങളുടെ വീട്ടില്‍ പ്രവേശിക്കാറുള്ളൂ. ഹിന്ദുക്കള്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവര്‍ അതിനെതിരായി തടസ്സങ്ങള്‍ ഉണ്ടാക്കുകയോ മറ്റുരീതിയില്‍ അവരെ ഉപദ്രവിക്കുകയോ ഒരു നിയമമെന്ന നിലയില്‍ പതിവില്ല. അതിനു പകരം അയാളൊരു കീഴ്ജാതിക്കാരനായാല്‍ പോലും മറ്റു മുസ്ലീങ്ങളോടു പതിവായി കാണിക്കുന്ന ആദരവോട് പരിഗണിക്കുന്നു. ആദ്യകാലങ്ങളില്‍ ഇത്തരക്കാരായ മതംമാറ്റക്കാരെ സഹായിക്കന്നതിനായി മുസ്ലീംവണിക്കുകള്‍ പൊതുവായി പണം ശേഖരിച്ചിരുന്നു (പുറം- 42-43 ). നേരിട്ടുകണ്ട വിവരണങ്ങളാണ് സൈനുദ്ദീന്‍ നല്കുന്നത്. സാമൂതിരിയുടെ അധികാരം നിലനില്‍ക്കുന്നതില്‍ മുസ്ലീങ്ങളുടെ സാമ്പത്തികമാണെന്ന വ്യക്തമായ സൂചനയാണ് ഈ കൃതി നല്കുന്നത്.  
    
വില്യം ലോഗന്‍ എഴുതുന്നു-മാപ്പിളമാര്‍ ഹിന്ദുജനസംഖ്യയെ അപേക്ഷിച്ച് ശീഘ്രഗതിയില്‍ പെറ്റുപെരുകുന്നുണ്ടെന്നു പറഞ്ഞുകൂടാ. ഹിന്ദുക്കളില്‍ കീഴ്ജാതിക്കാര്‍ക്കിടയില്‍ നടക്കുന്ന ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനമാണ് അവരുടെ ജനംസംഖ്യാവര്‍ധനവിന് കാരണം. സ്വാഭാവിക പ്രക്രിയയേക്കാള്‍ ഇത്തരം മാറ്റം അനുവദനീയമായിരുന്നുവെന്നു കാണണം. മാത്രമല്ല അങ്ങനെ ചെയ്യണമെന്നു സാമൂതിരി അനുശാസിച്ച അനുഭവങ്ങളുണ്ട്. ഹിന്ദുക്കളായ മത്സ്യം പിടിത്തക്കാരുടെ (മുക്കുവര്‍) കുടുംബങ്ങളില്‍ ഒന്നോ അതിലധികമോ പുരുഷന്മാര്‍ ഇസ്ലാംമതം സ്വീകരിക്കണമെന്ന സാമൂതിരിയുടെ അനുശാസനം രാജാവിന്റെ നാവിക മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനു പറ്റിയ ആളുകളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു (പുറം. 153). സാമൂതിരിയുടെ സൈനികശക്തിയെ നിര്‍വചിച്ചിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ എന്ന നാമം മാത്രം മതി മുസ്ലീങ്ങള്‍ മധ്യകാലത്തെങ്ങനെ കേരളത്തില്‍ ജീവിച്ചു എന്നറിയാന്‍. അധിനിവേശത്തിനെതിരായ അക്കാലത്തെ ശക്തമായ അടയാളംകൂടിയാണ് ഈ നാമം എന്നതും ശ്രദ്ധിക്കണം. കോയ എന്ന പദവി കുഞ്ഞാലിപോലെ അക്കാലത്തെ മുസ്ലീം വ്യാപാര അധികാരത്തിന്റെ മറ്റൊരു അടയാളമാണ്. കോയസ്ഥാനവും കുഞ്ഞാലി സ്ഥാനവും സാമൂതിരി നല്കിയിരുന്ന വിപുലമായ അധികാരസ്ഥാനങ്ങളായിരുന്നു.  

സാമൂതിരിയെ ശക്തനാക്കിയതില്‍ രണ്ടു കാരണങ്ങളുണ്ടെന്നു പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്- പുറത്തുനിന്നുള്ള കടന്നാക്രമണത്തിന്റെ അഭാവമാണ് ആദ്യത്തേതെങ്കില്‍ അറബികളും മാപ്പിളമാരും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു രണ്ടാമത്തേത് (റൊളാണ്ട് ഇ മില്ലര്‍, മാപ്പിള മുസ്ലീംകള്‍).

ചുരുക്കത്തില്‍ ഇന്ന് നാമറിയുന്ന സാമൂതിരിയെന്ന  ഭരണാധികാരിയെ കേരളചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് മുസ്ലീങ്ങളുടെ ശക്തമായ പങ്കാളിത്തം കൂടിയാണ്. അതായത് മുസ്ലീം മതപരിവർത്തനമില്ലായിരുന്നുവെങ്കിൽ സാമൂതിരി കേരളചരിത്രത്തിൽ കേവലം ഒരു ജന്മിയോ ചെറുകിട നാടുവാഴിയോ മാത്രമായി ഒതുങ്ങിയേനെ. എന്നല്ല മലബാറിന്റെ സാമൂഹിക ജീവിതം മറ്റൊന്നാവുകയും  ചെയ്യുമായിരുന്നു. പോര്‍ട്ടഗീസുകാരുടെ വരവാണ് മലബാറിലെ സാമൂഹികജീവിതത്തെ കലുഷിതമാക്കിയത്, സാമൂതിരിയെ തകര്‍ത്തത്. അന്ന് പോര്‍ട്ടുഗീസുകാര്‍ക്കെതിരേ അതിശക്തമായി അടരാടിയത് മുസ്ലീങ്ങളുമാണ്. പോര്‍ട്ടുഗീസുകാര്‍ക്കെതിരേ അവര്‍നയിക്കുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരേയും പോരാട്ടം രൂപ്പെടുന്നത്.

പന്ത്രണ്ടാംനൂറ്റാണ്ടുമുതല്‍ കേരളം സന്ദര്‍ശിക്കുന്ന വിദേശസഞ്ചാരികള്‍ ഇവിടുത്തെ മുസ്ലീം വ്യാപനത്തെക്കുറിച്ച് പറയുന്നുണ്ട്. വിപുലമായ വിധത്തിലുള്ള മുസ്ലീങ്ങളുടെ വ്യാപനത്തിന്റെ ചരിത്രമാണത്. 1500 കളില്‍ മലബാര്‍ സന്ദര്‍ശിച്ച ബാര്‍ബോസ അഞ്ചിലെന്ന് ജനങ്ങള്‍ മുസ്ലീങ്ങളാണെന്നാണ് പറയുന്നത്. സൈനുദ്ദീനാകട്ടെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനമാണെന്നും. ഇക്കാലത്തെ മലബാറിലെ മുസ്ലീം ഹിന്ദു ജീവിതത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരുപമ നദികളുടെ രണ്ടുകരകളും അവയെ തമ്മില്‍ കോര്‍ത്തിണക്കുന്ന വ്യാപാരം എന്നപാലവുമാണ്. സമാധാനപരമായ സാമുദായിക ബന്ധങ്ങള്‍ക്ക് വ്യാണിജ്യം വഹിക്കുന്ന പങ്ക് വലുതാണെന്ന് ഈ ചരിത്രത്തിലൂടെ റൊളാണ്ട്മില്ലര്‍ പറയുന്നു. (മാപ്പിള മുസ്ലീംകള്‍, പു.70).

സെന്‍റ് തോമസിന്റെ വരവ് എന്നതിന് ചരിത്രപരമായ സാക്ഷ്യങ്ങളില്ലെങ്കിലും പല വ്യാപാരി സംഘങ്ങളുടെ വരവിലൂടെ എ ഡി ആദ്യശതകത്തില്‍തന്നെ മുസിരിസ് കേന്ദ്രമാക്കി ക്രൈസ്തവരുടെ വ്യാപനം നടക്കുന്നുണ്ട്. ഇത്തരം ബന്ധങ്ങളിലൂടെ കേരളത്തിലെ വിളകളും മറ്റും വിദേശത്തേക്കു പോകുന്നു. ക്രിസ്ത്യാനികൾ, അറബികൾ, ജൂതന്മാർ തുടഭങ്ങിയവരിലൂടെ വ്യാപാരവും മറ്റും വികസിക്കുകയും അവരുടെ മതപരമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രാദേശിക സമൂഹം സൃഷ്ടിക്കപ്പെടുകയും ചെയ്യന്നു. ക്നായിത്തൊമ്മൻ എന്ന വ്യാപാരിയുടെ ചരിത്രവും ക്രൈസ്തവ സമൂഹ രൂപീകരണവും അംഗീകൃതവസ്തുതയാണല്ലോ. ഇക്കാലത്ത് ഇവിടെ സനാതന ഹിന്ദുമതമോ ജാതിവ്യവസ്ഥയോ രൂപംകൊണ്ടിരുന്നില്ല. അതിനാൽത്തന്നെ ആദ്യകാല ക്രിസ്ത്യാനികളെന്നു പറയുന്നത് അന്നിവിടെ പ്രബലമായിരുന്ന ഏതെങ്കിലും ഗോത്രങ്ങളിലെ അംഗങ്ങളാകും.

പിൽക്കാലത്ത് ബ്രാഹ്മണരുടെ വരവോടെ ജാതിവ്യവസ്ഥശക്തമായപ്പോൾ ഉയർന്നശ്രേണിയിൽ- നായർക്കുതുല്യമായി- ഇവർക്കുസ്ഥാനം ലഭിക്കുന്നതായിക്കാണാം. വിദേശ ക്രൈസ്തവസമൂഹങ്ങളുമായി ബന്ധമുണ്ടായിരുന്നപ്പോഴും സെന്തോമസ് ക്രിസ്ത്യാനികള്‍/ നസ്രാണികളെന്നപേരിൽ തദ്ദേശീയതയിൽ വേരൂന്നിയാണ് ആദ്യകാല ക്രൈസ്തവർ ജീവിച്ചതെന്നു പറയാം. ജാതിക്കുകർത്തവ്യൻ, അർക്കദിയോക്കൻ തുടങ്ങിയപേരുകളിലറിയപ്പെടുന്ന സമുദായ നേതൃത്വങ്ങളിലൂടെയാണ് അവരുടെ ഭരണം നിർവഹിക്കപ്പെട്ടത്. ഇവർക്കു മധ്യകാലത്തെ കേരളീയ നാടുവാഴിഘടനയിൽ  അധികാരമുണ്ടായിരുന്നതായും പറയപ്പെടുന്നു. കൊച്ചിരാജാവിനെ വാഴിക്കുന്ന സമയത്ത് അർക്കദിയോക്കന്മാരുടെ സാന്നിധ്യം അനിവാര്യമായിരുന്നത്രേ. ഇങ്ങനെ പലരൂപത്തിൽവികസിച്ച ക്രൈസ്തവരുടെ വികാസത്തിന്റെ ചരിത്രരേഖയാണ് 842 ലെ തരിസാപ്പിള്ളി ചെപ്പേട്. കൊല്ലത്ത് മരുവാൻ സപരീശോ എന്ന വർത്തകപ്രമാണി സ്ഥാപിച്ച പള്ളിക്ക് ഭൂമിയും മറ്റ് അവകാശങ്ങളും അനുവദിക്കുന്ന പ്രസ്തത ചെപ്പേടിൽ ക്രിസ്ത്യാനികളുടെയും അവർ നേതൃത്വം നല്കിയിരുന്ന അഞ്ചുവണ്ണം മണിക്കിരാമം പോലുള്ള വർത്തകസംഘങ്ങളുടെയും പ്രവർത്തനം മനസിലാക്കാൻ കഴിയും.

ക്രിസ്ത്യാനികൾ (മുസ്ലീങ്ങളും) വ്യാപിക്കുന്നിടത്തെല്ലാം പള്ളികൾ കെട്ടുന്നു. അതിനുചുറ്റും അവർ വ്യാപിച്ച് കച്ചവടവും മറ്റും ഉറപ്പിക്കുന്നു. അങ്ങനെ ക്രമേണ അവിടെ അങ്ങാടികളായി പിന്നീട് നഗരങ്ങളായി രൂപപ്പെടുന്നു.

  വ്യാപാരത്തിലൂടെ വലിയ സാമ്പത്തിക നേട്ടം ഉള്ളതിനാൽ നാടുവാഴികൾ  ഇവർക്ക് ഭൂമിയും മറ്റും അനുവദിക്കുന്നു. പലപള്ളികളോടു ചേർന്നു വിപുലമായ ഭൂസ്വത്ത് ഉണ്ടായിരുന്നതായും അതെല്ലാം പാട്ടത്തിനു നല്കി പള്ളികൾ സമ്പത്തുണ്ടാക്കിയിരുന്നതായും കാണാം- ചരിത്രപ്രസിദ്ധമായ ഉദയംപേരൂർപള്ളിക്ക് ഇത്തരത്തിൽ പാട്ടം ഉണ്ടായിരുന്നതായി പറയുന്നു. കാലക്രമത്തില്‍ ഹിന്ദുജാതിവ്യവസ്ഥയുടെ ഭാഗമായി ക്രിസ്ത്യാനികള്‍ മാറുകയും കീഴാളരെ നിന്ദ്യരായി കരുതുകയും ചെയ്യുന്നതായിക്കാണാം. ക്ഷേത്രങ്ങളോടു ബന്ധപ്പെട്ടു പല സ്ഥാനങ്ങളും ഇവര്‍ക്കു കിട്ടുന്നതായും ക്ഷേത്രഭരണസമിതികളില്‍ വരെ അംഗമായി ഇരുന്നതായും  പറയപ്പെടുന്നു (മലയാള സാഹിത്യവും ക്രിസ്ത്യാനികളും, അധ്യാ. 2).  ക്രിസ്ത്യാനികളുടെ രാജവംശം ഉദയംപേരൂര്‍ കേന്ദ്രീകരിച്ച് വില്ലാര്‍വട്ടമെന്ന പേരില്‍ നാലാംനൂറ്റാണ്ടുമുതല്‍ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നതായും കേള്‍വിയുണ്ട്. രാജവംശത്തിന്റെ ചരിത്രങ്ങളൊക്കെ കഥകളായി നില്‍ക്കുമെങ്കിലും ഇത്തരം അധികാര ഭാവനകളും മറ്റും ഉല്പാദിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ള ചരിത്ര, ഭൗതികാടിത്തറയിലാണ് ക്രൈസ്തവര്‍ നിലനിന്നതെന്നു വ്യക്തം.

തരിസാപ്പള്ളിചെപ്പേട്, വീരരാഘവപ്പട്ടയം തുടങ്ങിയ കഴിഞ്ഞാല്‍ മൂര്‍ത്തമായ തെളിവുകളോടെ മധ്യകാല ക്രൈസ്തവജീവിത്തെക്കുറിച്ച് പറയുക അത്ര സാധ്യമല്ല. പോര്‍ട്ടുഗീസുകാര്‍ വരുന്നകാലം മുതലുള്ളതിന്റെ രേഖകളും മറ്റും വച്ച് എത്തിച്ചേരാവുന്ന അനുമാനങ്ങളാണ് പ്രധാനമായും ആശ്രയിക്കുന്നത്. കച്ചവടം തോഴിലാക്കി ക്രൈസ്തവര്‍ അങ്ങാടികളായും മറ്റും വ്യാപിക്കുന്നത് കാണാന്‍ കഴിയും.  കൊടുങ്ങല്ലൂര്‍ മാത്രമല്ല തൃശൂര്‍, അങ്കമാലി, മധ്യതിരുവതാംകൂര്‍, കൊല്ലം തുടങ്ങിയ മേഖലകളില്‍ ക്രിസ്ത്യാനികളുടെ സാന്നിധ്യം മധ്യകാലത്തിനടുത്ത് വ്യാപിക്കുവാന്‍ തുടങ്ങിയതായി കാണാം.1503 ല്‍ കൊല്ലം സന്ദര്‍ശിച്ച ജൊവാന്നി എ പോളി കൊല്ലം നഗരത്തില്‍ 3000 സെന്തോമസ് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.1511 ല്‍ കൊച്ചിയിലെ പോര്‍ച്ചുഗീസ് ഫാക്ടര്‍ ആയിരുന്ന ടോം പിരസ് കേരളത്തിലെ സെന്തോമസ് ക്രിസ്ത്യാനികളുടെ എണ്ണം കൊടുത്തിരിക്കുന്നത് 60,000 നും 75,000 നും ഇടയിലാണ്. 1564ല്‍ ഇവരുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ന്നു.....ജനസാന്ദ്രത കൂടുതലുള്ള അങ്ങാടികളെയും അങ്ങാടികളെയും ചുറ്റിപ്പറ്റിയാണ് മധ്യകാല ക്രൈസ്തവ ആവാസ കേന്ദ്രങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത്  (ടി ആര്‍ വേണുഗോപാലന്‍, സമ്പത്തും അധികാരവും- തൃശൂരില്‍ നിന്നുള്ള ഒരു കാഴ്ച, പു. 249-250).

വിഖ്യാതമായ ഉദയം പേരൂര്‍  സൂനഹദോസില്‍ നൂറ്റിപ്പത്തിലേറെ പള്ളികളില്‍ നിന്നുള്ള പ്രതിനിധികളാണ് സംബന്ധിച്ചതെന്ന വസ്തുത -പങ്കെടുക്കാത്ത പള്ളികളുമുണ്ടായിരുന്നു- അവരുടെ വ്യാപനത്തെ കൃത്യമായി കുറിക്കുന്നു.  ഇത്തരം ഭൗതികവളര്‍ച്ചയുടെ ആധുനിക രൂപമാണ് തച്ചില്‍ മാത്തുതരകനെപ്പോലുള്ള ക്രൈസ്തവജന്മിമാര്‍. തിരുവതാംകൂര്‍ ഭരണകൂടത്തെതന്നെ നിയന്ത്രിച്ചിരുന്ന അതി സമ്പന്നനായ ജന്മിയായിരുന്നു മാത്തുതരകന്‍. അദ്ദേഹത്തിന്റെ പിതാവ് തിരുവതാംകൂറിലെ രു നാടുവാഴിയുടെ കാര്യസ്ഥനായിരുന്നു. ഇത്തരത്തിലുള്ള അധികാര ബന്ധങ്ങളിലെക്കും മറ്റും ക്രിസ്ത്യാനികളുടെ വളര്‍ച്ച ചരിത്രപരമായ ഒന്നായിരുന്നുവെന്നാണ് കാണേണ്ടത്. അതായത് മധ്യകാലത്തിനുമുന്നേയുള്ള സാമ്പത്തിക, സാമൂഹിക ശക്തിയായി നസ്രാണികളുടെ വളര്‍ച്ചയെയാണിത് കുറിക്കുന്നത്. ഹിന്ദുജാതിവ്യവസ്ഥ ശക്തമായപ്പോള്‍ അതിന്റെ  മറപറ്റി ഒരു ജാതിപോലെ നിന്ന സമൂഹമായിരുന്നു അക്കാലത്തെ ക്രൈസ്തവരെന്നാണ് വ്യക്തമാകുന്നത്. ആധുനിക- കൊളോണിയല്‍ കാലത്തെ  മതപരിവര്‍ത്തനം ചോദ്യം ചെയ്തത് ക്രിസ്ത്യാനികളുടെ ഈ  ജാതിഘടനെയെകൂടിയാണ്.

ഇതൊക്കെ മുന്‍നിര്‍ത്തിയാണ്  എം.ജി.എസ് നാരായണന്‍ അക്കാലത്തെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ സാംസ്കാരിക സഹവര്‍ത്തിത്വം (Cultural Symbiosis) എന്നു വിശേഷിപ്പിച്ചത്. കേരളത്തിനു പുറത്തുള്ള മതങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും ഇവിടുത്തെ ജനങ്ങളും ഭരണാധികാരികളും വേണ്ടത്ര പരിഗണന നല്കി സൗഹാര്‍ദത്തോടെ ഇവിടെ കഴിയുവാനവസരം നല്കിയെന്നും അതിന്റെ പിന്നില്‍ വാണിജ്യം പോലുള്ള സാമ്പത്തിക താത്പര്യമായിരുന്നെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മതസൗഹാര്‍ദംപോലുള്ള കേവലാശയങ്ങളെ മാറ്റിനിര്‍ത്തിപ്പരിശോധിച്ചാല്‍ വ്യക്തമായ സാമ്പത്തിക താത്പര്യങ്ങളും അക്കാലത്തെ ജാതിവ്യവസ്ഥയും ഇത്തരം കാര്യങ്ങളിലെ വസ്തുതയെന്നു കാണാം. ഇവയില്‍ ലേശംപോലും മതസൗഹാര്‍ദമില്ലെന്നും മറിച്ച് കൊടുക്കുന്നതിന്റെ പത്തിരട്ടി ലാഭം നേടുന്നതിനുള്ള കച്ചവട താത്പര്യം മാത്രമായിരുന്നുവെന്നും എന്‍ എം നമ്പൂതിരി സാമൂതിരി കാലം വച്ചു വാദിക്കുന്നതും ശ്രദ്ധേയം.

കേരള സമൂഹമെന്നത് ചരിത്രപരമായി വന്നവരും ഇവിടെയുണ്ടായിരുന്നുവെന്നു പറയുന്ന അപൂര്‍വം സമുദായങ്ങളും കൂടിച്ചേര്‍ന്നു സൃഷ്ടിച്ചതാണ്.

ഇവിടുത്തെ തദ്ദേശീയര്‍ എന്നു പറയുന്ന ഹിന്ദുസമൂഹത്തിലെ നമ്പൂതിരിയും നായരും ഈഴവരുമെല്ലാം പുറത്തുനിന്നു വന്നവരാണെന്നാണ് ചരിത്രം പറയുന്നത്. പുലയരൊഴിച്ചുള്ളവരെല്ലാം കേരളത്തിനു പുറത്തുനിന്നു വന്നവരാണെന്നാണ് മുഖ്യധാരാ ചരിത്രം.  ഇവരെല്ലാം ഇന്നുനാമറിയുന്ന  ജാതികളായി പരിണമിച്ചത് ബ്രാഹ്മണരുടെ വരവോടെയാണെന്നും ചരിത്രം പറയുന്നു. ഹിന്ദുജാതിരൂപീകരണം നടക്കുന്നതിനു മുന്നേ കേരളത്തില്‍ വന്ന സമുദായങ്ങളാണ് ക്രൈസ്തവരും മുസ്ലീങ്ങളും. അവരിലേക്കും ജാതിയുടെ പ്രത്യയശാസ്ത്രം അരിച്ചുകയറുകയും ചെയ്തിട്ടുണ്ട്. ഹിന്ദുജാതിക്കുപുറത്തുള്ള കച്ചവടം/വാണിജ്യം പോലുള്ള തോഴിലുകളിലൂടെ അതിന്റെ വിദേശ ബന്ധങ്ങളിലൂടെ കേരള സമൂഹത്തെ വൈദേശികലോകവുമായി ബന്ധിപ്പിക്കുകയും സാമ്പത്തികമായ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത്  മുസ്ലീം- ക്രൈസ്തവ സമുദായങ്ങളായിരുന്നു.

മതപരിവര്‍ത്തനമെന്നത് കേരളചരിത്രത്തില്‍ വിദേശശക്തികള്‍  ആക്രമിക്കുമ്പോളോ മറ്റോ നടത്തിയ ബോധപൂര്‍വമായ ഒന്നായിരുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മറിച്ച് ഇരുപതോളം നൂറ്റാണ്ടുകളായി ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും കേരള സമൂഹത്തെയും കേരളീയതയെയും നിര്‍വചിക്കുകയും രൂപീകരിക്കുയും ചെയ്ത ഒരു വിപുലമായ പ്രക്രിയയായിരുന്നുവെന്നുള്ളതാണ്. പ്രാചീന കാലം മുതല്‍ക്കേ കേരളത്തിന്റെ സ്വത്വത്തെ അടയാളപ്പെടുത്തിയ പ്രവര്‍ത്തനം. ആധുനികകാലത്ത് മിഷനറിമാരിലൂടെയും മറ്റും അതിന്റെ ഗതിവേഗം വര്‍ധിക്കുകയും മധ്യകാല മതപരിവര്‍ത്തനത്തിന്റെ സമീപനങ്ങള്‍ക്കപ്പുറം ജാതിയെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുകയും ചെയ്യുന്നുണ്ട്. ആധുനികകാല പ്രവര്‍ത്തനങ്ങളെ മാത്രം അടയാളപ്പെടുത്തി കേരളത്തിലെ സമീപകാല പ്രവണതയാണ് മതപരിവര്‍ത്തനമെന്നും  നിലവിലെ കേരളീയതയ്ക്കു പുറത്താണ് അതെന്നും പറയാന്‍ ശ്രമിക്കുന്നത്.    ഇവിടെയാണ് ചരിത്രം സംസാരിച്ചുകൊണ്ട് നമുക്ക് വിയോജിക്കേണ്ടിവരുന്നത്. കേരളീയത എന്ന ആശയത്തെതന്നെ പൊളിച്ചെഴുതേണ്ടിവരുന്നത്.  

പുസ്തകങ്ങള്‍

1. റൊളാണ്ട് ഇ മില്ലര്‍,  മാപ്പിള മുസ്ലീംകള്‍, അദര്‍ ബുക്സ്, കോഴിക്കോട്
2. ഷേക് സൈനുദ്ദീന്‍,   തുഹ്ഫത്തൂര്‍ മുജാഹിദ്ദീന്‍, നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്ക്രിപ്റ്റ്സ്, ദല്‍ഹി
3. വില്യം ലോഗന്‍,  മലബാര‍ മാനുവല്‍, മാതൃഭൂമി, കോഴിക്കോട്
4. വേണുഗോപാലന്‍ ടി ആര്‍,  സമ്പത്തും അധികാരവും തൃശൂരില്‍ നിന്നുള്ള ഒരു കാഴ്ച, കറന്റ് ബുക്സ് തൃശൂര്‍
5. ബോബിതോമസ് ,  ക്രിസ്ത്യാനികള്‍, ഡിസി ബുക്സ് കോട്ടയം
6. പി ജെ തോമസ് ,  മലയാള സാഹിത്യവും ക്രിസ്ത്യാനികളും, ഡിസി ബുക്സ് കോട്ടയം
7. രാഘവവാരിയര്‍/കേശവന്‍ വെളുത്താട്ട്,   തരിസാപ്പള്ളിപ്പട്ടയം, സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം, കോട്ടയം
8. കെ. ബാലകൃഷ്ണക്കുറുപ്പ്,   കോഴിക്കോടിന്റെ ചരിത്രം, മാതൃഭൂമി, കോഴിക്കോട്.
9. കെ എന്‍ ഗണേഷ്,  കേരളത്തിന്റെ ഇന്നലെകള്‍, കേരള ഭാഷാഇന്‍സ്റ്റിട്യൂട്ട്, തിരുവനന്തപുരം.
10. എന്‍ എം നമ്പൂതിരി മലബാര്‍ പഠനങ്ങള്‍- സാമൂതിരിനാട്, കേരള ഭാഷാഇന്‍സ്റ്റിട്യൂട്ട്, തിരുവനന്തപുരം.

click me!