മാവേലി നാടു വാണീടും കാലം: ഈ ഓണപ്പാട്ട്  എഴുതിയതാര്, തര്‍ക്കം തീരുന്നില്ല!

By Web DeskFirst Published Sep 10, 2016, 9:51 AM IST
Highlights

തിരുവനന്തപുരം: മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ

മലയാളിയുടെ ചുണ്ടില്‍ കാലങ്ങളായി ഉയരുന്ന ഈ ഓണപ്പാട്ട് ആരെഴുതിയതാണ്?  അജ്ഞാതനായ ഏതോ കവി എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, പല കാലത്തായി പലരുടെയും പേരുകള്‍ ഇതിന്റെ കര്‍തൃത്വവുമായി ബന്ധപ്പെട്ട് കേട്ടു പോന്നു.

അതിനിടയിലാണ് അക്കാദമിക് ഗവേഷകനായ അജയ് എസ് ശേഖര്‍, ഈ പാട്ട് എഴുതിയത് സാമൂഹ്യ പരിഷ്‌കര്‍ത്താവും ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനുമായ  സഹോദരന്‍ അയ്യപ്പനാണെന്ന് വ്യക്തമാക്കി രംഗത്തു വന്നത്.  16ാം നൂറ്റാണ്ടില്‍ പാക്കാര്‍ എഴുതിയ നാടന്‍പാട്ടില്‍നിന്നാണ് സഹോദരന്‍ അയ്യപ്പന്‍ ഈ പാട്ടിന് രൂപം നല്‍കിയത്. നവോത്ഥാന കാലത്തെ സാമൂഹിക പരിഷ്‌കരണ യത്‌നങ്ങളുടെ ഭാഗമായി സഹോദരന്‍ അയ്യപ്പന്‍ എഴുതിയ രാഷ്ട്രീയ കവിതയാണ് ഓണപ്പാട്ടെന്നാണ് അജയ് ശേഖറിന്റെ വാദം. സഹോദരന്‍ അയ്യപ്പന്‍ എഴുതിയ കവിതയിലെ പല ഭാഗങ്ങളും ഒഴിവാക്കുകയും ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുമാണ് ഇന്ന് പ്രചാരത്തിലുള്ള ഓണപ്പാട്ട് ഉണ്ടായത്. ഹൈന്ദവവല്‍കരണ പ്രക്രിയയുടെ ഭാഗമായാണ് ഈ തിരുത്തലുകള്‍ നടന്നതെന്നും ഡോ. അജയ് പറയുന്നു. 

എന്നാല്‍, ഈ വാദവും ചോദ്യം ചെയ്യപ്പെടുകയാണ്. സഹോദരന്‍ അയ്യപ്പനും മുമ്പേ ഈ പാട്ടുണ്ടായിരുന്നു എന്നാണ് എഴുത്തുകാരനായ മനോജ് കുറൂര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. സഹോദരന്‍ അയ്യപ്പന്‍ ജനിക്കും മുമ്പേ അന്തരിച്ച ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജര്‍മ്മനിയിലേക്കു കൊണ്ടുപോയ മലയാളകൃതികള്‍ക്കൊപ്പും ഈ പാട്ടുള്ളതായി തെളിവു സഹിതം മനോജ് പറയുന്നു. പല പാ~ഭേദങ്ങളോടെ പ്രചാരത്തിലുണ്ടായിരുന്ന ഓണപ്പാട്ടിനെ അവലംബമാക്കി എഴുതിയ മറ്റൊരു സ്വതന്ത്രകൃതിയാണ് സഹോദരന്‍ അയ്യപ്പന്‍േറത് എന്നും മനോജ് പറയുന്നു.

ഈ വാദത്തോടുള്ള പ്രതികരണമായി ഡോ. അജയ് ശേഖര്‍ ഹിന്ദു ദിനപത്രത്തിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്:ഭാഷയുടെ വ്യക്തതയും സ്വഭാവവവും പരിഗണിച്ചാല്‍, ആ ഗാനം ഒമ്പതോ പേേത്താ നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാവാന്‍ ഇടയില്ല. അതിന്റെ കര്‍തൃത്വം അജ്ഞാതമായി തന്നെ തുടരുകയാണ്. മാധ്യകാലഘട്ടത്തിലെ നലിത് കവികളില്‍ ഉള്‍പ്പെട്ട പാക്കനാരോ പറയാനാരോ എഴുതിയതാവാനാണ് സാദ്ധ്യത എന്നാണ് ലഭ്യമായ തെളിവുകള്‍ പ്രകാരം മനസ്സിലാവുന്നത്.  വ്യക്തമായ രാഷ്ട്രീയ, ബ്രാഹമണ്യ വിരുദ്ധ കാഴ്ചപ്പാടോടു കൂടി സഹോദരന്‍ അയ്യപ്പന്‍ സ്വന്തം ഭാഷ്യം ചമച്ചത്  എന്ന കാര്യത്തില്‍ തര്‍ക്കത്തിന് വകയില്ല. 

മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: 

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

എന്നിങ്ങനെയുള്ള വരികള്‍ 'ആരോമല്‍പ്പൈങ്കിളിപ്പണ്‍കിടാവേ' എന്നു തുടങ്ങുന്ന ഒരു പാട്ടിന്റെ ഭാഗമാണ്. സഹോദരന്‍ അയ്യപ്പനല്ല അതെഴുതിയത്. വി ആനന്ദക്കുട്ടന്‍ നായര്‍ എഡിറ്റ് ചെയ്ത കേരളഭാഷാഗാനങ്ങളില്‍ പഴയ ഓണപ്പാട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്‍ ജനിക്കുംമുമ്പേ അന്തരിച്ച ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജര്‍മ്മനിയിലേക്കു കൊണ്ടുപോയ മലയാളകൃതികള്‍ക്കൊപ്പവും ഈ പാട്ടുണ്ട്. ആ കൃതികള്‍ ജര്‍മ്മനിയില്‍നിന്നു കണ്ടെടുത്ത ഡോ. സ്‌കറിയാ സക്കറിയ അവ പല വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ 'അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട്' എന്ന പുസ്തകം എഡിറ്റ് ചെയ്തതു ഞാനാണ്. പത്തൊമ്പതു കൊല്ലം മുമ്പ് 1996 ല്‍ ആണ് ആ പുസ്തകം പുറത്തുവരുന്നത്.

ആ പുസ്തകത്തിന്റെ ആമുഖലേഖനത്തില്‍ പുസ്തകപരമ്പരയുടെ ജനറല്‍ എഡിറ്ററായ ഡോ. സ്‌കറിയാ സക്കറിയ ഇങ്ങനെ പറയുന്നു:

'ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ സര്‍വ്വകലാശാലാ ലൈബ്രറിയില്‍ ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഗ്രന്ഥശേഖരത്തിന്റെ ഭാഗമായി സൂക്ഷിച്ചിരിക്കുന്ന പത്തൊമ്പതു ലഘുകൃതികളാണ് ഒരു വാല്യമായി അവതരിപ്പിക്കുന്നത്. ഗ്രന്ഥശേഖരത്തിലുള്ള ഒരു നോട് ബുക്കില്‍ അഞ്ചടികളും ജ്ഞാനപ്പാനയും കുറിച്ചിട്ടിരിക്കുന്നു...ഓണപ്പാട്ടിന്റെ പകര്‍പ്പ് ഓലയിലും കടലാസിലുമുണ്ട്.'

ഈ കൃതിയുടെ ആമുഖപഠനമെന്ന നിലയില്‍ ഞാനെഴുതിയ ലേഖനത്തില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍കൂടി ചേര്‍ക്കട്ടെ:

'കേരളഭാഷാഗാനങ്ങളില്‍ ചേര്‍ത്തിരിക്കുന്ന ഓണപ്പാട്ടിനെക്കാള്‍ ദൈര്‍ഘ്യവും ഘടനാപരമായ പൂര്‍ണതയും ഗുണ്ടര്‍ട്ടില്‍നിന്നു ലഭിച്ച പാട്ടിനുണ്ട്. കേരളഭാഷാഗാനങ്ങളിലെ ഓണപ്പാട്ടില്‍ 'തുഞ്ചത്തു രാമനെ'പ്പറ്റി പരാമര്‍ശമുണ്ട്. ഗുണ്ടര്‍ട്ടിന്റെ പാ~ത്തില്‍ ഈ പരാമര്‍ശം കാണുന്നില്ലെന്നതു ശ്രദ്ധേയമാണ്. ഓണപ്പാട്ടിനു മഹാബലിചരിതം എന്നുകൂടി പേരുണ്ടെന്നും കവിയാരെന്നറിയില്ലെന്നും രചനാകാലം ഒന്‍പതോ പത്തോ ശതകങ്ങളിലാണെന്നും ഉള്ളൂര്‍ പ്രസ്താവിക്കുന്നു. പക്ഷേ കാലനിര്‍ണയത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നില്ല. കേരള സര്‍വ്വകലാശാല പ്രസിദ്ധീകരണമായ 'പാട്ടുകള്‍' ഒന്നാം ഭാഗത്തില്‍നിന്ന് ഓണവിജ്ഞാനകോശത്തില്‍ മഹാബലിചരിതം ഓണപ്പാട്ടിന്റെ മറ്റൊരു പാഠം ഉദ്ധരിച്ചിട്ടുണ്ട്. അതില്‍

'ശങ്കരനിര്‍മ്മിതമായ പാട്ടു
വിദ്യയില്ലാത്തവര്‍ ചൊല്ലുന്നേരം
വിദ്വാന്മാര്‍ കണ്ടതില്‍ കുറ്റം തീര്‍പ്പിന്‍'

എന്നു കവിയെക്കുറിച്ചു സൂചനയുണ്ട്. എങ്കിലും വാമൊഴിസാഹിത്യത്തിലെ പാ~ഭേദസാധ്യതകളും പില്ക്കാലത്ത് അധികമായി വന്നു ചേരുന്ന ചില പരാമര്‍ശങ്ങളും (ഉദാ: കേരളഭാഷാഗാനങ്ങളിലെ ഓണപ്പാട്ടില്‍ 'തുഞ്ചത്തു രാമനെ'ക്കുറിച്ചുള്ള സൂചന) പരിഗണിക്കുമ്പോള്‍ ഈ കര്‍തൃസൂചന ആധികാരികമായി കരുതേണ്ടതില്ല.

ഓണപ്പാട്ടിലെ ചില വരികള്‍ പില്‍ക്കാലത്ത് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

'മാബലി മണ്ണുപെക്ഷിച്ച ശെഷം
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലൊ'
അക്കഥ കെട്ടൊരു മാബലിയും
ഖെദിച്ചു തന്റെ മനസ്സുകൊണ്ട'

ഈ ബ്രാഹ്മണഭോജനം കൊണ്ടാണ് 'മാനുഷരൊക്കെ വലഞ്ഞ'തെന്ന സൂചന പില്‍ക്കാലത്തെ പാഠഭേദമെന്നു കരുതാവുന്ന കേരളഭാഷാഗാനങ്ങളിലെ ഓണപ്പാട്ടിലില്ല.

മാവേലിമന്നന്‍ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലൊ

എന്നു മാത്രമാണ് ഈ പാട്ടിലെ പ്രസ്താവന'

( അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട്', ജനറല്‍ എഡിറ്റര്‍ സ്‌കറിയാ സക്കറിയ, എഡിറ്റര്‍ മനോജ് കുറൂര്‍, പ്രസാ കേരള പഠന കേന്ദ്രം, സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ്, ചങ്ങനാശ്ശേരി, വിതരണം ഡി. സി. ബുക്‌സ്, കോട്ടയം 1996, പുറം 5758)

പറഞ്ഞുവന്നതെന്തെന്നാല്‍ സഹോദരന്‍ അയ്യപ്പന്റേത് മേല്പറഞ്ഞ പല പാഠഭേദങ്ങളോടെ പ്രചാരത്തിലുണ്ടായിരുന്ന ഓണപ്പാട്ടിനെ അവലംബമാക്കി എഴുതിയ മറ്റൊരു സ്വതന്ത്രകൃതിയാണ് എന്നാണ്. 

ഗുണ്ടര്‍ട്ട് ഗ്രന്ഥശേഖരത്തില്‍നിന്നു കിട്ടിയതും കേരളഭാഷാഗാനങ്ങളില്‍ നല്കിയിട്ടുള്ളതുമായ വ്യത്യസ്തപാഠങ്ങളുടെ പ്രസക്തഭാഗങ്ങള്‍ ഇവിടെ ഒപ്പം ചേര്‍ത്തിരിക്കുന്ന പേജുകളില്‍ വായിക്കാം.

 

click me!