വ്യോമയാന ഗതാഗതത്തില്‍ വന്‍ ഇടിവുണ്ടാകും; അവസരങ്ങള്‍ മുതലെടുത്ത് മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് മന്ത്രി

By Web TeamFirst Published Mar 14, 2020, 7:52 PM IST
Highlights

ആഗോള വെല്ലുവിളിയിൽ നിന്ന് ഉണ്ടായേക്കാവുന്ന അവസരങ്ങൾ മുതലെടുക്കാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ദില്ലി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആഭ്യന്തര വ്യോമയാന ഗതാഗതത്തില്‍ 15-20 ശതമാനം വരെ ഇടിവുണ്ടാക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ശനിയാഴ്ച പറഞ്ഞു. എന്നാൽ, ഇന്ത്യ ഈ വെല്ലുവിളിയെ മറികടന്ന് സിവിൽ ഏവിയേഷൻ മേഖലയിലെ ശക്തമായ വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യം ചില സാമ്പത്തിക പ്രതികൂല സാഹചര്യങ്ങൾക്ക് കാരണമായേക്കാമെന്നും എന്നാൽ, ഇത് കടന്നുപോകുന്ന ഘട്ടം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള വെല്ലുവിളിയിൽ നിന്ന് ഉണ്ടായേക്കാവുന്ന അവസരങ്ങൾ മുതലെടുക്കാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

സിവിൽ ഏവിയേഷൻ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയായ വിംഗ്സ് ഇന്ത്യ 2020 നെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

"ഈ വെല്ലുവിളിയെ മറികടക്കുക മാത്രമല്ല, ശക്തമായതും ഊർജ്ജസ്വലവുമായ വളർച്ച സിവിൽ ഏവിയേഷൻ മേഖല കൈവരിക്കും", അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വലിയ സിവിൽ ഏവിയേഷൻ വിപണിയായി ഇന്ത്യ മാറുമെന്ന് പുരി പറഞ്ഞു. രാജ്യം കൈകാര്യം ചെയ്യുന്ന വിമാന യാത്രക്കാരുടെ എണ്ണം 2030 ഓടെ പ്രതിവർഷം 345 ദശലക്ഷം യാത്രക്കാരിൽ നിന്ന് ഒരു ബില്യനായി ഉയരും. 2030 ഓടെ ഇന്ത്യ ഇരട്ട അക്ക വളർച്ച കൈവരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതൽ യാത്രക്കാരെ പരിശോധിക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇതുപോലുള്ള ഒരു സാഹചര്യത്തിൽ വിമാനത്താവളങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ ആഗോള മാനദണ്ഡം അനുസരിച്ചാണ് ഇന്ത്യൻ വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

click me!