2021 ൽ രാജ്യങ്ങൾ സ്വർണം വാങ്ങിക്കൂട്ടിയേക്കും: ഖനനം ചെയ്ത സ്വർണം ആവശ്യകത നിറവേറ്റുന്നില്ല, വിപണിഘടന മാറുന്നു

By Web TeamFirst Published May 6, 2021, 3:20 PM IST
Highlights

1930 കൾക്ക് ശേഷം ഒരോ ദശകത്തിലും പണപ്പെരുപ്പത്തിലെ വർധനവ് കാരണം യുഎസ് ഡോളറിന് വാങ്ങൽ ശേഷിയുടെ 90 ശതമാനത്തോളം നഷ്ടമായി.

2020 സ്വർണ ഉൽപാദകർക്ക് ബുദ്ധിമുട്ടേറിയ വർഷമായിരുന്നു. കൊവിഡ് മഹാമാരി കാരണം സ്വർണത്തിന് 2,080 ഡോളർ വരെ വില ഉയർന്നെങ്കിലും, ഇക്വിറ്റികളിൽ നിന്ന് ബോണ്ടുകളിലേക്കുള്ള ഒഴുക്ക്, യുഎസ് ഡോളറിന്റെ കുത്തനെയുള്ള ഇടിവ് നേട്ടത്തെ താഴ്ന്ന വിലയിലേക്കെത്തിക്കുന്നതാണ് വിപണി കണ്ടത്.

2020 ൽ സ്വർണ വില 28 ശതമാനം ഉയർന്നപ്പോൾ, വർധിച്ചു വരുന്ന ആവശ്യകത നിറവേറ്റുന്നതിനായി വിലയേറിയ മഞ്ഞലോഹം ഉൽപാദിപ്പിക്കാൻ കഴിയുമോ എന്നതായിരുന്നു പ്രസക്തമായ ചോദ്യം. 1930 കൾക്ക് ശേഷം ഒരോ ദശകത്തിലും പണപ്പെരുപ്പത്തിലെ വർധനവ് കാരണം യുഎസ് ഡോളറിന് വാങ്ങൽ ശേഷിയുടെ 90 ശതമാനത്തോളം നഷ്ടമായി.

1970 ൽ 35 ഡോളറായിരുന്ന ഒരൗൺസ് സ്വർണത്തിന്റെ വില 2020 ഓഗസ്റ്റിൽ 2,080 ഡോളർ എത്തിയതിന് ശേഷം നിരക്ക് 2021 ൽ 1750-1800 ഡോളർ നിലവാരത്തിൽ എത്തി നിൽക്കുകയാണ്. ക്രൂഡ് ഓയിൽ 100 വർഷത്തിലേറെയായി പ്രതിവർഷം 1.8 ശതമാനം വർധിച്ചത് പോലെ സ്വർണ ഉൽപാദനം ഇനിയും വളരാത്ത ഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വർണ ഖനനം ദുഷ്കരമാവുകയോ, ദൂർലഭമാവുകയോ ചെയ്യുകയാണെങ്കിൽ വിലയേറിയ ലോഹത്തിന്റെ ആവശ്യം സ്ഥിരമായി വളരുന്നതായിരിക്കും.

പുതിയ ഖനികൾ

വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം 2019 നെ അപേക്ഷിച്ച് 2020 ൽ മൊത്തം സ്വർണ വിതരണത്തിൽ നാല് ശതമാനത്തിന്റെ ഇടിവ് രേഖപെടുത്തി. ഖനികളിൽ നിന്നുള്ള ഉൽപാദനവും നാല് ശതമാനം കുറഞ്ഞ് 3,401 ടണ്ണായി. ലോകമെങ്ങുമുള്ള സ്വർണ ഖനികളിലെ ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

2020 ൽ പഴയ സ്വർണം ഉരുക്കി ശുദ്ധീകരിച്ചതടക്കം മൊത്തം സ്വർണ വിതരണം 4,633 ടണ്ണിലെത്തി. 2020 ലെ മൊത്തം ആവശ്യം 3,759 ടണ്ണായിരുന്നു. 2009 ന് ശേഷം 4,000 ടണ്ണിൽ താഴെ ആവശ്യകത വന്ന ആദ്യ വർഷമായിരുന്നു 2020.

പല വമ്പൻ സ്വർണ ഖനികളിലെയും മൈനിംഗ് കുറയുകയാണ്. ലോകത്തെ ഏറ്റവും വലിയ 20 സ്വർണ ഖനികകളിൽ 16 എണ്ണത്തിലും മൈനിംഗ് കുറഞ്ഞിരിക്കയാണ്. പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് കൂടുതൽ ചെലവ് വരും. സങ്കേതികമായി വെല്ലുവിളി നിറഞ്ഞ ആഴത്തിലുള്ള ഭൂഗർഭ ഖനനത്തിന് വേണ്ടി പുതിയ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിന് ചെലവേറിയതാക്കുന്നു.

2025 ൽ കമ്മീഷൻ ചെയ്യത്തക്ക എട്ട് ഖനികൾ പ്രവർത്തന സജ്ജമായി വരികയാണ്. 37 ബില്യൺ ഡോളറാണ് ഇതിന്റെ മുതൽ മുടക്ക്. 1990 നും 2019 നുമിടയിൽ വലിയ കരുതൽ ശേഖരമുള്ള 278 നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അടുത്ത 50 വർഷത്തിനുള്ളിൽ മാത്രമായിരിക്കും അവിടെ നിന്നും ഖനനമാരംഭിക്കാൻ കഴിയുക.

കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടും 

കൊവിഡ് മഹാമാരിയെ തുടർന്ന് ആഗോള സ്വർണ ഉൽപാദനം 2020 ൽ 100 ദശലക്ഷം ഔൺസ് കവിഞ്ഞിട്ടുണ്ട്. സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുന്നതും, ഖനി മേഖലയിൽ പ്രവർത്തനം വർധിക്കുന്നതും 2021 ൽ വീണ്ടും ഉൽപാദനം ഉയരുമെന്ന പ്രതീക്ഷയാണുള്ളത്. റഷ്യയിലെ ഏറ്റവും സമ്പന്നമായ സ്വർണ ഖനന പ്രവിശ്യകളിലൊന്ന് ഒളിമ്പിയഡയാണ്, 1996 ൽ ഉൽപാദനം ആരംഭിച്ച പോളിയസിന്റെ ഏറ്റവും വലിയ ഖനിയാണിത്. 2020 ൽ 14 ശതമാനം ഇടിവിന് കാരണമായെങ്കിലും ഒളിമ്പ്യാഡ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.

ഡൊമനിക്കൻ റിപ്പബ്ലിക്കിലെ പ്യൂജോ വിജോ എന്ന ബാരിക്ക് ന്യൂമോണ്ട്, ഇന്തോനേഷ്യയിലെ പാപ്പുവയിലെ ഗ്രാസ് ബെർഗ്, ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ന്യൂ ക്രൈസ്റ്റിന്റെ കാഡിയ വാലി, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ ബാരിക്കിബാലി, നെവാഡയിലെ കോർട്ടെസ്, പപ്പുവ ന്യൂഗ്വിനിയിലെ ലിഹിർ, മാലിയിലെ ലൂലോ ഗൗങ്കോട്ടോ, ഓസ്ട്രേലിയയിലെ ബോഡിംഗ്ടൺ ഓപ്പൺ പിറ്റ്, ഫോസ്റ്റെർവില്ലെ കിർക്ക് ലാന്റ് ലേക്ക് ഗോൾഡ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള സ്വർണ ഖനികൾ.

സ്വർണ ഖനനം അതീവ ദുഷ്ക്കരവും വളരെയേറെ ചെലവുള്ളതുമാണ്. 1,200 ഡോളർ വരെ ചെലവ് വന്നിരുന്നത് 2021 ൽ 1,300 ഡോളർ വരെ ഒരൗൺസ് സ്വർണത്തിന്റെ അടിസ്ഥാന വില വരുമെന്നാണ് കണക്ക് കൂട്ടൽ. സ്വർണ നിക്ഷേപം കണ്ടെത്താനുള്ള പര്യവേഷണങ്ങൾ ആഗോള തലത്തിൽ നടന്നു വരികയാണ്. ഈജിപ്തിലെ മരൂഭൂമിക്കടിയിൽ നിന്നും സ്വർണം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. 1,500 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് സങ്കേതിക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചെലവ് 150 മുതൽ 200 മില്യൺ ഡോളർ വരെ ഉയരാം. ഖനനം ആരംഭിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉൽപാദക രാജ്യങ്ങളിലൊന്നായി ഈജിപ്ത് മാറിയേക്കും. ഇന്ത്യ സ്വർണ പര്യവേഷണത്തിന് വലിയ ഊന്നൽ നൽകുന്നില്ല.

ലോകത്ത് സ്വർണ ആവശ്യകത കൂടുന്നതായിട്ടാണ് റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. 2021 ൽ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുമെന്ന സൂചനകളും പുറത്തു വരുന്നു എന്നത് ശ്രദ്ധേയമാണ്.  

-ലേഖകനായ അഡ്വ എസ് അബ്ദുൽ നാസർ, ഓൾ ഇൻഡ്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമാണ്-

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!