സ്വർണാഭരണ യൂണിക് ഐഡന്റിഫിക്കേഷൻ: രാജ്യത്തെ സ്വർണ വ്യാപാരം പ്രതിസന്ധിയിൽ, ആശങ്കയിൽ ജ്വല്ലറി ഉടമകൾ

By Anoop PillaiFirst Published Jul 21, 2021, 5:12 PM IST
Highlights

ഹാൾമാർക്ക് ചെയ്യാത്ത ആഭരണങ്ങൾ ഹാൾമാർക്കിംഗിലേക്ക് മാറാനുള്ള അവസാന തീയതി സംബന്ധിച്ച് സർക്കാർ ഇതുവരെ അറിയിപ്പ് ഒന്നും നൽകിയിട്ടില്ലെന്നും അവർ പറയുന്നു.   

സ്വർണാഭരണങ്ങളിൽ യൂണിക് ഐഡന്റിഫിക്കേഷൻ (യുഐഡി) മുദ്ര പതിക്കണമെന്ന നിർബന്ധിത നിർദ്ദേശം സ്വർണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) ദേശീയ ഡയറക്ടറും ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ.  

ജൂലൈ ഒന്ന് മുതലാണ് എച്ച്‍യുഐഡി (ഹാൾമാർക്കിം​ഗ് യൂണിക് ഐഡന്റിഫിക്കേഷൻ) രാജ്യത്ത് നിർബന്ധമാക്കിയത്. കഴിഞ്ഞ 20 ദിവസമായി ഒരു ഹാൾമാർക്കിംഗ് സെന്ററുകളും യുഐഡി പതിച്ചു നൽകുന്നില്ല. സെർവർ ഡൗൺ ആണ്, സോഫ്റ്റ്‍വെയർ ശരിയാകുന്നില്ല തുടങ്ങിയ മറുപടികളാണ് ഹാൾമാർക്കിംഗ് സെന്ററുകൾ പറയുന്നത്. സിഡാക് (C-Dac) എന്ന സ്ഥാപനമാണ് എച്ച്‍യുഐഡിക്ക് വേണ്ടി സോഫ്റ്റ്‍വെയർ നിർമ്മിച്ചിട്ടുള്ളതെന്നും ഇതിന്റെ പ്രവർത്തനത്തിലെ അപാകതയാണ് പ്രതിസന്ധിക്ക് കാരണമെന്നും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.   

കേരളത്തിലെ 73 ഓളം ഹാൾമാർക്കിംഗ് സെന്ററുകളിൽ പുതിയ പരിഷ്കാരം മൂലമുളള പ്രതിസന്ധി വലുതാണ്. എച്ച്‍യുഐഡിക്ക് പിന്നിൽ ഉദ്യോഗസ്ഥ താല്പര്യം മാത്രമാണ്. അടിയന്തരമായി വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണ്. ലക്ഷക്കണക്കിന് സ്വർണ വ്യാപാരികളും കോടിക്കണക്കിന് ഉപഭോക്താക്കളുമുള്ള നമ്മുടെ രാജ്യത്ത് എച്ച്‍യുഐഡി ആലോചനയില്ലാതെ നടപ്പാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അബ്ദുൽ നാസർ വ്യക്തമാക്കി.    

30 വർഷമെടുത്താണ് ഹാൾമാർക്കിംഗ് 256 ജില്ലകളിലെങ്കിലും നിർബന്ധമായി നടപ്പാക്കാനായത്. ഹാൾമാർക്കിം​ഗിനെക്കാൾ ബുദ്ധിമുട്ടേറിയ എച്ച്‍യുഐഡി വേണ്ടത്ര ചർച്ചകളില്ലാതെ ധൃതിപിടിച്ചു നടപ്പാക്കുന്നത് സ്വർണ വ്യാപാര മേഖലയ്ക്ക് ഒട്ടും ഗുണകരമല്ല. ഹാൾമാർക്കിംഗിനുള്ള ആഭരണങ്ങൾ എച്ച്‍യുഐഡി മുദ്ര പതിച്ചു നൽകുന്നതിന് സമയം കൂടുതൽ ആവശ്യമായ നടപടിയാണ്. ഇത് സ്വർണ വ്യാപാര രം​ഗത്തെ വിൽക്കൽ വാങ്ങലുകളെ ദേഷകരമായി ബാധിക്കുമെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. 

ഹാൾമാർക്ക് ചെയ്യാത്ത ആഭരണങ്ങൾ ഹാൾമാർക്കിംഗിലേക്ക് മാറാനുള്ള അവസാന തീയതി സംബന്ധിച്ച് സർക്കാർ ഇതുവരെ അറിയിപ്പ് ഒന്നും നൽകിയിട്ടില്ലെന്നും അവർ പറയുന്നു.   

"ഹാൾമാർക്കിംഗ് സെന്ററുകളിൽ മാത്രമേ എച്ച്‌യുഐഡി നടപ്പിലാക്കേണ്ടതുള്ളൂ. എന്നാൽ ഇത് ഇപ്പോൾ ജ്വല്ലറികളാണ് നടപ്പാക്കേണ്ടതെന്ന് പറയുന്നു. ആഭരണങ്ങളുടെ ഫോട്ടോഗ്രാഫുകൾ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഹാൾമാർക്കിംഗിന്റെ പ്രയോഗക്ഷമതയെക്കുറിച്ച് വ്യക്തതയില്ല, " അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

വലിയ അളവിലുള്ള സ്റ്റോക്കുകൾ‌ ഇപ്പോഴും ഹാൾ‌മാർ‌ക്ക് ചെയ്യാത്തതിനാൽ‌ നിർമ്മാതാക്കൾ പ്രതിസന്ധിയിലാണ്. അവരിൽ ഭൂരിഭാഗവും തങ്ങളുടെ ഉൽ‌പാദന ശേഷി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ജെംസ് ആൻഡ് ജ്വല്ലറി വ്യവസായം മൊത്തം രാജ്യത്തിന്റെ ജിഡിപിയുടെ ഏഴ് ശതമാനം വരെ സംഭാവന ചെയ്യുന്നു, കൂടാതെ ആറ് കോടി ജനങ്ങൾ ഈ വ്യവസായത്തെ നേരിട്ടും അല്ലാതെയും ആശ്രയിക്കുന്നു. ഈ സാഹചര്യങ്ങളിൽ തന്നെയാണ് മുന്നോട്ട് നീങ്ങുന്നതെങ്കിൽ വൻകിട ജ്വല്ലറികൾക്ക് മാത്രമേ ഈ മേഖലയിൽ നിലനിൽക്കാൻ കഴിയുകയൊള്ളുവെന്ന് അഡ്വ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!