അമേരിക്കയെ കോപ്പിയടിക്കേണ്ടി വരുമോ ഇന്ത്യയ്ക്ക്; റിസർവ് ബാങ്ക് കൂടുതൽ നോട്ട് അച്ചടിച്ചാൽ പ്രതിസന്ധി നീങ്ങുമോ?

By Web TeamFirst Published Apr 15, 2020, 3:24 PM IST
Highlights
ഇന്ത്യയിൽ മിനിമം റിസർവ് സിസ്റ്റം എന്നതിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് കറൻസി അച്ചടിക്കുന്നത്. അതായത്, 200 കോടി രൂപയുടെ മൂല്യത്തിന് സമാനമായ സ്വർണ്ണവും വിദേശനാണയ ശേഖരത്തിന്റെയും അടിസ്ഥാനത്തിലാണ് കറൻസി അച്ചടിക്കുന്നത്.
ഇന്ന് നിലനിൽക്കുന്ന ആഗോള സാമ്പത്തിക ക്രമത്തിനു കൊവിഡ് 19 മാറ്റം വരുത്തും എന്നുള്ളത് ഉറപ്പാണ്. ഇത് തൊഴിൽ, രാജ്യാന്തര വ്യാപാര ശൃംഖലകളിലും ആഗോളവൽകരണത്തിൽ തന്നെയും ആഘാതം സൃഷ്ടിക്കും. തന്മൂലം ഉടലെടുക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും 1930 കളിലെ  മാന്ദ്യത്തിന് (Great Depression) ശേഷമുള്ള ഏറ്റവും ഭീകരമായ ആഘാതമായിരിക്കുമെന്നാണ് ഐഎംഎഫ് അടക്കമുള്ളവ പറയുന്നത്. കൊവിഡ്‌ - 19 ലോക, ഇന്ത്യൻ സമ്പദ് വ്യവസ്ഥകൾക്കു എത്രത്തോളം ആഘാതം സൃഷ്ടിക്കും എന്നു പറയുക ഏറെ ശ്രമകരമായ ഒന്നായിരിക്കും. എന്നാൽ, കൊവിഡ് - 19 നും ലോക്ക്ഡൗണും ഇപ്പോൾ ഇന്ത്യക്ക് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയും, ആ പ്രതിസന്ധി പരമാവധി ലഘൂകരിക്കാൻ നമുക്ക് മുന്നിലുള്ള മാർഗ്ഗങ്ങളും ഒന്ന് ചർച്ചചെയ്യാം.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം

 130 കോടി ജനങ്ങള്ളുള്ള നമ്മുടെ രാജ്യത്തെ കോവിഡ് - 19 നേരിടാൻ സജ്ജമാക്കുക എന്നതു അടിയന്തരമായ വെല്ലുവിളിയാണ്. ഇതു തന്നെയാണു കേന്ദ്ര സാമ്പത്തിക പാക്കേജിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യവും. ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുക, കർഷക, സ്ത്രീ, ദരിദ്ര വിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്കാണു ഈ പാക്കേജ് ഊന്നൽ നല്കിയിരിക്കുന്നത്. ഇതു കൂടാതെ,  കൊവിഡ് -19 പ്രതിസന്ധി നേരിടുവാൻ ആരോഗ്യ മേഖലയെ സജ്ജമാക്കുവാൻ സംസ്ഥാനങ്ങൾക്ക് 15,000 കോടിയുടെ ഒരു കേന്ദ്ര പദ്ധതിയും പ്രഖ്യാപിച്ചു. ഈ മേഖലകൾ അടിയന്തര പ്രാധാന്യം അർഹിക്കുന്നനതുകൊണ്ടു തന്നെ ഫണ്ടുകൾ വേഗം തന്നെ വിനിയോഗിക്കേണ്ടതുണ്ട്. 

പണലഭ്യത ഉറപ്പുവരുത്താൻ കൂടുതൽ കറൻസി അച്ചടിക്കണമോ?

കൊവിഡ് -19 പ്രതിസന്ധി നേരിടുവാൻ ഇന്ത്യക്ക് നാല് മുതൽ അഞ്ച് ലക്ഷം കോടി രൂപയോളം വരുന്ന സാമ്പത്തിക പാക്കേജ് വേണമെന്നാണ് പല വിദഗ്ദരും അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇതു പോലൊരു സാമ്പത്തിക പാക്കേജിനുള്ള ധനസ്ഥിതി കേന്ദ്ര സർക്കാരിനുണ്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ലോക്ക് ഡൗണിലൂടെ സർക്കാരിന്റെ വരുമാന സ്രോതസുകൾ ഏറെകുറെ നിലച്ചിരിക്കുന്നു. മാത്രവുമല്ല, ധനക്കമ്മിയുടെ അനിയത്രിതമായ വർധനവ് സമ്പദ് വ്യവസ്ഥയ്ക്ക് ആശാസ്യമല്ല. ഈ സാഹചര്യത്തിലാണ് കറൻസി കൂടുതലായി അച്ചടിച്ച് വിപണിയിൽ ഇറക്കുക എന്ന ആശയം പ്രസക്തമാവുന്നത്. 



ഇന്ത്യയിൽ മിനിമം റിസർവ് സിസ്റ്റം എന്നതിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് കറൻസി അച്ചടിക്കുന്നത്. അതായത്, 200 കോടി രൂപയുടെ മൂല്യത്തിന് സമാനമായ സ്വർണ്ണവും വിദേശനാണയ ശേഖരത്തിന്റെയും അടിസ്ഥാനത്തിലാണ് കറൻസി അച്ചടിക്കുന്നത്. എന്നാൽ, കൂടുതലായി നോട്ട് അച്ചടിക്കുവാൻ പ്രത്യേക മാനദണ്ഡം ഒന്നുമില്ല. സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷിത വളർച്ചാ നിരക്കും വിലക്കയറ്റ നിരക്കും അപഗ്രന്ഥിച്ച് ഓരോ കാലയളവിൽ എത്രത്തോളം കറൻസി പുതുതായി അച്ചടിക്കണമെന്ന്  "മോണിട്ടറി പോളിസി കമ്മിറ്റി" തീരുമാനിക്കുകയാണ് ചെയ്യാറുള്ളത്. 

ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമൊക്കെ തങ്ങളുടെ കുട്ടികളേയും സാധന സാമഗ്രികളും ചുമരിലേറ്റി ​ഗുജറാത്തിലെയും ബിഹാറിലേയും ഉത്തർപ്രദേശിലേയും മദ്ധ്യപ്രദേശിലേയും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടന്നുപോകുവാൻ ശ്രമിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ കാഴ്ച്ച ഈ ലോക്ക് ‍ഡൗൺ കാലത്ത് നമ്മൾ വേദനയോടെ കണ്ടതാണ്. ലോക്ക് ഡൗൺ ആയതോടുകൂടി ഇവരുടെ വരുമാനം നിലച്ചു. ഇന്ത്യയിലെ തൊഴിലാളികളിലെ 81 ശതമാനം ജനങ്ങളും അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരാണെന്നാണ് ഐഎൽഒയുടെ (ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ) കണക്ക്. 

അതിൽ ഭൂരിപക്ഷവും ദിവസവേതനടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവരാണ്. ഇവരുടെ ഒക്കെ കൈയിലെ മിച്ചവരുമാനം ഇപ്പോൾ തന്നെ തീർന്നിട്ടുണ്ടാവും. അതായത്, ഏകദേശം 50 കോടി ജനങ്ങളുടെ കൈകളിൽ പണമില്ലാത്ത സാഹചര്യം ഉടൻ വന്നേക്കാം. അവരുടെ വരും ദിവസങ്ങൾ നമ്മളെ ഭയപ്പെടുത്തുന്നു. അവരെ നമ്മൾ മറന്നുകൂടാ, അവരുടെ കൈയിൽ പണവും ആവശ്യ സേവനങ്ങളും എത്തിക്കണം.

കരുത്തായി ആഭ്യന്തര വിപണി 

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ അപ്പു എസ്തോസ് സുരേഷ് എന്ന ഗവേഷകന്റെ പഠന പ്രകാരം ഇന്ത്യയിലെ കറൻസിയുടെ 62 ശതമാനവും ഒരു ശതമാനം വരുന്ന സമ്പന്ന ബിസിനസ്സ് വിഭാഗത്തിന്റെ കൈവശമാണ്. ലോക്ക് ഡൗണിലൂടെ ഈ പണം വിപണിയിൽ നിന്നും പൂർണ്ണമായും പിൻവലിക്കപ്പെടുകയും, മുൻ പറഞ്ഞ അസംഘടിത മേഖലയിലെ തൊഴിലാളികൾ കൈയിൽ പണമില്ലാത്ത സാഹചര്യത്തിൽ എത്തിപെടുകയും ചെയ്യും. 



റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ പണം അച്ചടിക്കുകയും, അത് ദേശീയ തൊഴിലുറപ്പ്, ജൻ ധൻ അകൗണ്ടുകൾ വഴി പരമാവധി ഈ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിന്റെ യുക്തി പ്രസക്തമാകുന്നത് ഇവിടെയാണ്. ബാങ്കിങ് മേഖലയിലും ആവശ്യത്തിന് പണം ലഭ്യമാക്കേണ്ടതുണ്ട്. 2008 -09 കളിലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ അമേരിക്ക പ്രധാനമായും ഉപയോഗിച്ചത് പംബ് പ്രൈമിങ് എന്ന ഈ നയമാണ്. ഇതിനോടൊപ്പം, ഭക്ഷ്യവസ്തുകളുടേയും മറ്റ് അവശ്യ സാധനങ്ങളുടെ ലഭ്യതയും സർക്കാർ ഉറപ്പു വരുത്തണം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഇല്ലാതാക്കുകയും വേണം. 

മാറ്റൊരു പ്രധാന കാര്യം രാജ്യത്ത് പല സ്ഥലങ്ങളിലും വിളവെടുപ്പ് കാലമാണ്. പൊതു വിപണി ഇല്ലാത്ത ഈ സാഹചര്യത്തിൽ, കർഷകന് വിളവെടുപ്പിനുള്ള സാഹചര്യമൊരുക്കുകയും, അത് സംഭരിക്കുകയും വിപണിയിൽ എത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. 

അടിക്കുറിപ്പ്: മറ്റു പല ലോക രാജ്യങ്ങൾക്കും ഇല്ലാത്ത ഒരു മെച്ചം ഇന്ത്യക്കുണ്ട്. കൊവിഡിനു ശേഷം അന്താരാഷ്ട്ര വ്യാപാരം തകർന്നാലും, സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താൻ ശേഷിയുള്ള തരത്തിൽ ശക്തമായ ആഭ്യന്തര വിപണി നമുക്കുണ്ട്.

- രഞ്ജിത്ത് രാജ്, ലേഖകന്‍ ഗോവ ബിറ്റ്സ് പിലാനി ഗവേഷകനാണ്.


 
click me!