ലോകം നീങ്ങുന്നത് 'ലോക്ക് ഡൗണ്‍' പ്രതിഭാസത്തിലേക്കെന്ന് സൂചനകള്‍; എല്ലാവരെയും വിറപ്പിച്ച് കൊറോണ !

By Anoop PillaiFirst Published Mar 1, 2020, 10:49 PM IST
Highlights

വിലയിടിവ് ഗള്‍ഫ് സാമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമല്ല, പ്രവാസി സമൂഹത്തിന്‍റെ നെഞ്ചിടിപ്പ് വര്‍ധിക്കാന്‍ ഈ അവസ്ഥ കാരണമാകുകയും ചെയ്യും. 

ചൈന -അമേരിക്ക വ്യാപാര യുദ്ധത്തിന് അയവ് വന്നപ്പോള്‍ ലോകം ഒന്ന് ആശ്വസിച്ചു, ആഗോള സാമ്പത്തിക മാന്ദ്യം എന്ന വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടതിന്‍റെ ആശ്വാസമായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍, ആ സമാധാനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല... കൊറോണ ലോകത്തിന്‍റെ ഉറക്കം കെടുത്തുകയാണിപ്പോള്‍.

ലോകത്തെ ഓഹരി വിപണികളെയാണ് വൈറസ് ഏറ്റവും വിറപ്പിക്കുന്നത്. 2008 ല്‍ അമേരിക്കയെ വിറപ്പിച്ച സാമ്പത്തിക മാന്ദ്യത്തിന്‍റെ തനിയാവര്‍ത്തനം പോലെയാണ് ഓഹരി വിപണികളുടെ ഇപ്പോഴത്തെ വ്യാപാര മണിക്കൂറുകള്‍ കടന്നുപോകുന്നത്. കഴിഞ്ഞ ആഴ്ച ഡൗ ജോണ്‍സിന്‍റെ വ്യവസായ ശരാശരിയില്‍ 14 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ 500 ല്‍ 13 ശതമാനത്തിന്‍റെ ഇടിവുണ്ടായി.

ഇന്ത്യയിലും രക്ഷയില്ല !

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇടിവാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വ്യാപാരത്തില്‍ ഒരു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 5.45 ലക്ഷം കോടി രൂപയാണ്. ശതമാനക്കണക്കുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയ്ക്ക് സമാനമായി 2008 ന് ശേഷമുളള ഏറ്റവും വലിയ വ്യാപാര സമ്മര്‍ദ്ദം !.

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതാണ് ഇന്ത്യ അടക്കമുളള രാജ്യങ്ങളിലെ വിപണികളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നത്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മുഴുവന്‍ ഓഹരികളുടെയും മൂല്യം വെള്ളിയാഴ്ച 1,46,94,572 കോടി രൂപയായി കുറഞ്ഞത് നിക്ഷേപകരെയും കമ്പനികളെയും ഞെട്ടിച്ചു. ഏറ്റവും വലിയ പ്രതിരോധത്തിലേക്ക് നീങ്ങിയത് ലോഹം, ഐടി, വ്യവസായം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ നിന്നുളള ഓഹരികളാണ്. സെന്‍സെക്സ് 30 ഓഹരികളില്‍ ഐടിസി ഒഴികെയുളളവയ്ക്കെല്ലാം കഴിഞ്ഞ‌ ആഴ്ച നഷ്ടത്തിന്‍റേതായിരുന്നു. വെള്ളിയാഴ്ച ഉള്‍പ്പടെ കഴിഞ്ഞ ആറ് വ്യാപാര ദിനങ്ങളിലായി 11.4 ലക്ഷം കോടി രൂപയുടെ കനത്ത നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. 

 

വെള്ളിയാഴ്ച ദിവസം ഇന്ത്യന്‍ രൂപയ്ക്കും ദുര്‍ദിനമായിരുന്നു. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 72.21 എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 72 ന് മുകളില്‍ നില്‍ക്കുന്നത് ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന വ്യവസായങ്ങളുടെ നഷ്ടക്കണക്കുകള്‍ പെരുകാന്‍ കാരണമാകും.  

കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചെങ്കിലും, "പാനിക് ബട്ടൺ" ഉടൻ അമർത്തേണ്ട ആവശ്യമില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത്. പക്ഷേ, കൊറോണ പ്രതിസന്ധി രണ്ടോ -മൂന്നോ ആഴ്ച കൂടി നീണ്ടുനിൽക്കുകയാണെങ്കിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഫാർമസ്യൂട്ടിക്കൽ, ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് വലിയ പ്രതിസന്ധിയുണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.

'എണ്ണ ആര്‍ക്കും വേണ്ട' 

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രന്‍റ് ക്രൂഡിന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 50 ഡോളറിന് താഴേക്ക് പോയി. ഞായറാഴ്ച നിരക്ക് ബാരലിന് 49.67 ഡോളറാണ്. ഉപഭോഗത്തിന്‍റെ 84 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഗുണപരമായ ഒന്നാണ് ക്രൂഡ് വിലയില്‍ നേരിടുന്ന ഇടിവ്. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിക്കായുളള ചെലവിടല്‍ കുറയാന്‍ ഇത് കാരണമാകും. രാജ്യത്തിന്‍റെ വ്യാപാര കമ്മി കുറയാനും കറന്‍റ് അക്കൗണ്ട് കമ്മി കുറയാനും ക്രൂഡ് ഓയിലിന്‍റെ വിലയിടിവ് കാരണമാകുമെന്നത് ഇന്ത്യയ്ക്ക് ഗുണകരമാണ്. എന്നാല്‍ ക്രൂഡ് ഓയിലിന്‍റെ വിലയിടിവ് ഗള്‍ഫ് സാമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമല്ല, പ്രവാസി സമൂഹത്തിന്‍റെ നെഞ്ചിടിപ്പ് വര്‍ധിക്കാന്‍ ഈ അവസ്ഥ കാരണമാകുകയും ചെയ്യും. 

ക്രൂഡ് വിലയിടിവ് ചര്‍ച്ച ചെയ്യാനായി ഈ ആഴ്ച  യോഗം ചേരാന്‍ റഷ്യ കൂടി അംഗമായ ഒപെക് പ്ലസ് തീരുമാനിച്ചു. പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉല്‍പാദനം കുറയ്ക്കാനുളള തീരുമാനം അംഗരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കോവിഡ് -19 നെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കമതി രാജ്യമായ ചൈന ഉപഭോഗത്തിലും സംസ്കരണത്തിലും കുറവ് രേഖപ്പെടുത്തിയതാണ് ക്രൂഡ് വിലത്തകര്‍ച്ചയ്ക്ക് കാരണമായത്.  

   

എണ്ണ ഭീമൻമാരായ എക്സോൺ, ഷെവ്‌റോൺ എന്നിവയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസങ്ങള്‍ തകര്‍ന്നടിഞ്ഞത് ഈ രംഗത്തെ നിക്ഷേപകരുടെ ആശങ്ക ഇരട്ടിയാക്കുന്നു.  മെക്സിക്കോ, ബെലാറസ്, ലിത്വാനിയ, ന്യൂസിലാന്റ്, നൈജീരിയ, അസർബൈജാൻ, ഐസ്‌ലാന്റ്, നെതർലാന്റ്സ് എന്നീ രാജ്യങ്ങളിലും രോഗബാധിതരായ ആളുകളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ആകെ കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടിക 60 ആയി ഉയർന്നു. ലോകമെമ്പാടുമുള്ള 85,000-ത്തിലധികം ആളുകൾക്ക് രോഗം പിടിപെട്ടു, മരണത്തിൽ 3,000 ത്തിന് അടുത്ത് എത്തി. മുന്നോട്ട് പോകും തോറും കൂടുതൽ യാത്രാ നിയന്ത്രണങ്ങളിലേക്കും കുറഞ്ഞ എണ്ണ ഉപഭോഗത്തിലേക്കും കാര്യങ്ങള്‍ നീങ്ങിയേക്കുമെന്നാണ് എണ്ണ വ്യവസായ വിശകലന വിദഗ്ധർ ഭയപ്പെടുന്നത്. 

സാമ്പത്തിക മാന്ദ്യത്തിലേക്കാണോ ലോകത്തിന്‍റെ യാത്ര... 

ലോകത്ത് ആപ്പിള്‍ അടക്കമുളള മൊബൈല്‍ നിര്‍മാണക്കമ്പനികളും ഹ്യൂണ്ടയ് അടക്കമുളള വാഹന നിര്‍മാതാക്കളും ഉല്‍പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്. ചൈന, ദക്ഷിണ കൊറിയ അടക്കമുളള രാജ്യങ്ങളില്‍ വ്യവസായ സ്ഥാപനങ്ങളിലെ ഹാജര്‍ നില അപകടകരമാം വിധം താഴേക്ക് പോയി. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ പലതും യാത്രവിലക്കുകള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. സാമ്പത്തിക മാന്ദ്യ സൂചനകള്‍ ലോകത്തെ ഭയപ്പെടുത്തുകയാണിപ്പോള്‍.  

ലോക ബാങ്കിൻറെ കാഴ്ചപ്പാട് പ്രകാരം 2020ന്റെ ആദ്യ പകുതിയിൽ കോവിഡ് -19 നെ തുടര്‍ന്ന് ലോക സാമ്പത്തിക വളർച്ചയിൽ രണ്ടര ശതമാനം ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൊറോണയുടെ ആക്രമണത്തില്‍ ലോകത്തിന്‍റെ ക്രയ വിക്രയ സംവിധാനങ്ങള്‍ മുഴുവനും താറുമാറായിരിക്കുകയാണ്. 

ചൈന അപകടത്തില്‍

ചൈനയെ സംബന്ധിച്ചിടത്തോളം വന്‍ തകര്‍ച്ചയുടെ വര്‍ഷമായിരുന്നു ഇത്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം 30 വർഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്ക് ചൈനീസ് സമ്പദ്‍വ്യവസ്ഥയെ എത്തിച്ചു.

2019 ൽ നാല് ദശലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടിരിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിലൂടെ ഈ വർഷം ഇതിനകം ചൈനയില്‍ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും കണക്കാക്കാന്‍ പോലും കഴിയാത്ത അത്രയും ആളുകളെ ബാധിക്കുകയും ചെയ്തു, ഇത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന അവസ്ഥയാണ്. ചൈനീസ് തൊഴിലിടങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. 

ചൈനയുടെ വളർച്ചാ നിരക്ക് മുൻ പാദത്തിലെ ആറ് ശതമാനത്തിൽ നിന്ന് ഈ വർഷത്തെ ആദ്യ പാദത്തിൽ 4.5 ശതമാനമായി കുറയുമെന്നാണ് റോയിട്ടേഴ്‌സ് അഭിപ്രായപ്പെടുന്നത്. 

 

സ്റ്റാൻഡേർഡ് ചാർട്ടേഡിന്‍റെ നിഗമനത്തില്‍ രാജ്യത്തിന്റെ ഭൂരിഭാഗവും 'ലോക്ക് ഡൗൺ' എന്ന അവസ്ഥയിലാണ്, ചൈനയുടെ സമ്പദ്‌വ്യവസ്ഥയുടെ 42 ശതമാനം വരെ വൈറസ് ബാധിച്ചതായും അവര്‍ കണക്കാക്കുന്നു. വൈറസ് ലോകത്തിന്‍റെ മറ്റ് ഭാഗത്തേക്ക് വ്യാപിക്കുന്നതിനെ സാമ്പത്തിക വിദഗ്ധര്‍ ആശങ്കയോടെ കാണുന്നതും ഇതുമൂലമാണ്. ലോക സമ്പദ്‍വ്യവസ്ഥ 'ലോക്ക് ഡൗണ്‍' പ്രതിഭാസത്തിലേക്ക് മാറിയാല്‍ പ്രതിരോധ സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായേക്കുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. 

സ്റ്റാൻഡേർഡ് ആന്റ് പുവേഴ്‌സിന്‍റെ കണക്കുകള്‍ അനുസരിച്ച് 1.1 ട്രില്യൺ ഡോളറിന്റെ നിഷ്ക്രിയ വായ്പകൾ എന്ന് വിളിക്കപ്പെടുന്ന വായ്പകളുടെ സംഖ്യയില്‍ ഇനിയും ഭയനകമായ വർദ്ധനവിന് കൊറോണ കാരണമാക്കും. വായ്പകൾക്ക് പേയ്‌മെന്റുകൾ നടത്താൻ കമ്പനികൾ പാടുപെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും. ചൈനീസ് വിമാനക്കമ്പനികൾ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിർബന്ധിതരാകുകയും, 12.8 ബില്യൺ ഡോളർ വരുമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും സ്റ്റാൻഡേർഡ് ആന്റ് പുവേഴ്‌സ് പറയുന്നു.

ആഗോളതലത്തിൽ എയർലൈൻ വ്യവസായത്തിന് 29 ബില്യൺ ഡോളർ നഷ്ടമാകുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ടേഷൻ അസോസിയേഷൻ (ഐ‌എ‌ടി‌എ) അഭിപ്രായപ്പെട്ടു. 

മരുന്നുകളുടെ വില കൂടുമോ?

കൊറോണ ചൈനയെ വിറപ്പിച്ചതോടെ ഇന്ത്യന്‍ മരുന്നുകമ്പനികളുടെ ചങ്കിടിപ്പ് വര്‍ധിച്ചു. ഇന്ത്യ 4.5 ബില്യണ്‍ ഡോളര്‍ ഫാര്‍മ ഇറക്കുമതിയാണ് ചൈനയില്‍ നിന്ന് നടത്തുന്നത്. കീ സ്റ്റാര്‍ട്ടിംഗ് മെറ്റീരിയല്‍സ് (കെഎസ്എം), ഇന്‍റര്‍മീഡിയറികള്‍, നേരിട്ടുളള മരുന്ന് ഇറക്കുമതി തുടങ്ങിയവയ്ക്ക് ഇന്ത്യ പ്രധാനമായും ചൈനയെയാണ് ആശ്രയിക്കുന്നത്. ലോകത്തെ പെന്‍സിലിന്‍ ഉല്‍പാദന -വിതരണ രംഗത്ത് ചൈനയാണ് മുന്നില്‍.പെന്‍സിലില്‍ ഇറക്കുമതിയില്‍ ഇന്ത്യ 100 ശതമാനവും ചൈനയെയാണ് ആശ്രയിക്കുന്നത്. 

കൊറോണ ഭീതി ഒഴിഞ്ഞാലും വീണ്ടും ഒന്നോ രണ്ടോ മാസമെടുത്താല്‍ മാത്രമേ ചൈനീസ് മരുന്ന് നിര്‍മാണക്കമ്പനികള്‍ക്ക് പൂര്‍ണ ഉല്‍പാദനക്ഷമതയിലേക്ക് തിരികെയെത്താന്‍ സാധിക്കുകയൊള്ളു. എന്നാല്‍, അസംസ്കൃത വസ്തുക്കളുടെ കാര്യത്തില്‍ ഇനിയും രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ മരുന്നുകമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. 

 

ഇതോടെ ഇന്ത്യന്‍ വിപണിയില്‍ വരും നാളുകളില്‍ മരുന്നുക്ഷാമത്തിനോ, വിലക്കയറ്റത്തിനോ സാധ്യതയുണ്ട്. ഫെയ്‌സ് മാസ്കുകൾ, കോൺടാക്റ്റ്ലെസ് തെർമോമീറ്ററുകൾ എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളെയും ക്ഷാമം ബാധിച്ചേക്കും. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഉയർന്ന രോഗഭാരം ഉള്ളതും ആശങ്ക വര്‍ധിപ്പിക്കുന്നു. 

തൽക്കാലം, കയറ്റുമതി -ഇറക്കമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് ഫാര്‍മ കമ്പനികള്‍ സർക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത് തങ്ങളുടെ സാമ്പത്തികത്തെ മാത്രമല്ല, ബ്രാന്‍ഡിങ്ങിനെയും ബാധിക്കുമെന്ന് കമ്പനികള്‍ ഭയപ്പെടുന്നു.

പ്രതിസന്ധി അവസരം

"ഓരോ പ്രതിസന്ധിയും ഒരു അവസരം നല്‍കുന്നു" എന്ന തത്വത്തിന്‍റെ പുറകേ നീങ്ങാനാണ് സര്‍ക്കാരിന്‍റെയും കമ്പനികളുടെയും തീരുമാനമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. അസംസ്കൃത വസ്തുക്കൾക്കായി ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള അവസരവും ഇപ്പോൾ CORVID-19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് നൽകിയിട്ടുണ്ട്. ചൈനയുമായുളള ഭീമമായ വ്യാപാരക്കമ്മി കുറയ്ക്കുകയെന്നത് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 

ഇത് ഒറ്റരാത്രികൊണ്ട് സംഭവിക്കാനിടയില്ലെങ്കിലും, വ്യവസായത്തിന്റെയും സർക്കാരിന്റെയും സംയോജിത ശ്രമങ്ങൾ തീർച്ചയായും ഇന്ത്യയുടെ മരുന്ന് വിതരണ ശൃംഖലയെ ശക്തിപ്പെടുത്താന്‍ സഹായിച്ചേക്കും. അസംസ്കൃത വസ്തുക്കളുടെ ഇതര സ്രോതസ്സായി യുഎസിനെയും യൂറോപ്പിനെയും ആശ്രയിക്കാന്‍ ഫാര്‍മ കമ്പനികള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  
 

click me!