പാകിസ്ഥാനിൽ ഇമ്രാൻ ഖാന് പെട്രോളിന് 15 രൂപ കുറയ്ക്കാമെങ്കിൽ ഇന്ത്യയിൽ മോദിക്ക് എന്തുകൊണ്ട് ആയിക്കൂടാ?

By Web TeamFirst Published May 3, 2020, 11:20 AM IST
Highlights

അന്താരാഷ്ട്ര വിപണിയിൽ വില 2004 ലേതിന് തുല്യമായിട്ടും കേന്ദ്രം എന്താണ് പെട്രോൾ വില അന്നത്തെ അറുപതു രൂപയ്ക്ക് താഴേക്ക് കൊണ്ടുവരാത്തത്?

പാകിസ്ഥാൻ ഭരിക്കുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയാണ് PTI എന്നറിയപ്പെടുന്ന പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് വരികയുണ്ടായി. അത് ഇങ്ങനെയായിരുന്നു. "അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്കുറവിന്റെ ഗുണഫലങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യവുമായി പാകിസ്ഥാൻ ഗവണ്മെന്റ് മെയ് മാസത്തിലെ ഇന്ധന വിലകളിൽ താഴെപ്പറയുന്ന ഇളവുകൾ വരുത്താൻ തീരുമാനിച്ചിരിക്കുകയാണ്. പെട്രോൾ - 15 രൂപ, ഹൈ സ്പീഡ് ഡീസൽ - 27.15 രൂപ, മണ്ണെണ്ണ - 30 രൂപ, ലൈറ്റ് ഡീസൽ ഓയിൽ - 15 രൂപ.

 


പാക്കിസ്ഥാനിലെ എണ്ണവില നിർണയിക്കുന്ന സ്ഥാപനത്തിന്റെ പേര് ഓഗ്ര എന്നാണ്. ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി. ഓഗ്ര കഴിഞ്ഞ ദിവസം രാജ്യത്തെ എനർജി മിനിസ്ട്രിയോട് "അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടുണ്ട്, അതിന്റെ ഗുണം പൊതുജനങ്ങൾക്കും ലഭ്യമാക്കണം" എന്ന് നിർദേശിക്കുകയായിരുന്നു. പ്രസ്തുത നിർദേശം നടപ്പിലാക്കപ്പെടുന്നതോടെ ഇതുവരെ ലിറ്ററിന് 96 (പാക്) രൂപ ( INR 45.44) നിരക്കിൽ രാജ്യത്ത് വിതരണം ചെയ്യപ്പെട്ടിരുന്ന പെട്രോൾ ഇനിമേൽ 81 (പാക്) രൂപയ്ക്ക് (INR 38.34) കിട്ടും. 107 രൂപയ്ക്ക് ലഭിച്ചിരുന്ന ഹൈ സ്പീഡ് ഡീസൽ ഇനിമേൽ 80 രൂപയ്ക്ക് ലഭ്യമാകും. 

 

 

ഇതെങ്ങനെ സാധിക്കുന്നു പാകിസ്ഥാൻ ?

ഈ തീരുമാനത്തെ പ്രത്യക്ഷത്തിൽ പാകിസ്താനിലെ ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് എതിരേറ്റത്. ചിലർ സർക്കാരിന്റെ സദുദ്ദേശ്യത്തെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞത്, കൊവിഡ് 19 കാലത്ത് ദുരിതത്തിലായ ജനങ്ങൾക്ക്  പെട്രോൾ/ഡീസൽ വിലക്കുറവ് കാര്യമായ ആശ്വാസം പകരുമെന്നാണ്. 

എന്നാൽ ചില സാമ്പത്തിക വിദഗ്ദ്ധർ സർക്കാരിന്റെ ഈ തീരുമാനത്തെ 'ദുർഭാഗ്യകരം' എന്നും വിശേഷിപ്പിക്കുകയുണ്ടായി. പാകിസ്താനിലെ പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കൈസർ ബംഗാളി ബിബിസിയോട് പറഞ്ഞത് ഇപ്രകാരമാണ്,"എല്ലാ പ്രാവശ്യവും എണ്ണവില കുറയുമ്പോൾ നേരെ അത് അവശ്യവസ്തുക്കളുടെ വിലയിലും പ്രതിഫലിച്ചു കൊള്ളണമെന്നില്ല. വിലക്കയറ്റം കുറഞ്ഞുകൊള്ളണമെന്നും ഇല്ല.

 

 

കുറഞ്ഞിരിക്കുന്ന എണ്ണവിനിയോഗം കൂട്ടാനുള്ള എണ്ണക്കമ്പനികളുടെ ഒരു തെറ്റായ പ്രചാരണം മാത്രമാണ് ഈ ഉപഭോക്താക്കൾക്ക് ആശ്വാസം എന്നത്. " ഇങ്ങനെ വിലകുറച്ചാൽ അതുകൊണ്ടു കാര്യമായ ലാഭമുണ്ടാവുക എണ്ണക്കമ്പനികൾക്ക് മാത്രമാണ്. സർക്കാർ പഴയ വിലയ്ക്ക് തന്നെ എണ്ണ തുടർന്നും വിൽക്കുകയും, അങ്ങനെ സ്വരൂപിക്കുന്ന ലാഭം സർക്കാരിന്റെ കടം വീട്ടാനും, ഉത്പാദനവസ്തുക്കളിന്മേലുള്ള ജിഎസ്ടി കുറക്കാനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിനിയോഗിക്കുകയാണ് വേണ്ടത്. 

അന്താരാഷ്ട്രവിപണിയുടെ അവസ്ഥ എന്താണ്?

കൊവിഡ് 19 കാരണം അന്താരാഷ്ട്ര വിപണിയിലെ എണ്ണവില ചുരുങ്ങിയത് 35 ശതമാനമെങ്കിലും ഇടിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചില ഫ്യൂച്ചർ മാർക്കറ്റുകളിൽ ക്രൂഡോയിൽ നിരക്കുകൾ പൂജ്യത്തിനും താഴെപ്പോവുന്ന അസാധാരണസാഹചര്യം വരെ സംജാതമായി. കൊറോണ കാരണമുണ്ടായ ഉപഭോഗക്കുറവിനാൽ ഇടിഞ്ഞ വില വീണ്ടും താഴേക്ക് പോകാൻ കാരണമായത് മുഖ്യ ഉത്പാദകരാഷ്ട്രങ്ങളായ അമേരിക്ക, റഷ്യ, സൗദി അറേബ്യ എന്നിവയ്ക്കിടയിൽ നടന്ന മത്സരങ്ങൾ കൂടിയാണ്. മെയ് ഒന്നാം തീയതി ഒപെക് പ്ലസ് രാഷ്ട്രങ്ങൾക്കിടയിൽ ഒരു സന്ധി ഉണ്ടാകും വരെ ഈ മൂന്നു രാഷ്ട്രങ്ങളും മത്സരിച്ച് എണ്ണയുത്പാദനം നടത്തി മാർക്കറ്റിൽ എണ്ണ കൊണ്ട് നിറച്ചത്  അഭൂതപൂർവമായ ക്രൂഡോയിൽ വിലയിടിവിന് കാരണമായി. സന്ധ്യക്ക്‌ ശേഷം ദിവസവും 97 ലക്ഷം ബാരൽ വീതം ഉത്പാദനം കുറയ്ക്കാൻ  ധാരണയുണ്ടാക്കി. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ കൊറോണ കാരണമുണ്ടായ ഡിമാൻഡ് ഇടിവിന് ആനുപാതികമായി കുറയ്‌ക്കേണ്ട ഉത്പാദനത്തിന്റെ മൂന്നിൽ ഒന്നുമാത്രമാണ് ഇതുപോലും. അതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിൽ വിലമെച്ചപ്പെടാതെ തുടരുന്നത്. 

ഇങ്ങനെ വിലയിടിവ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായിട്ടും ഇന്ത്യയിൽ അതിന്റെ ഗുണം സാധാരണക്കാരന് ലഭ്യമാകാത്തത് എന്തുകൊണ്ടാണ്? ഇതെപ്പറ്റി ബിജെപി വക്താവും എണ്ണവിപണി വിഷയത്തിലെ വിദഗ്ധനുമായ നരേന്ദ്ര തനേജ പറയുന്നത്, ഇക്കാര്യത്തിൽ ഇന്ത്യയെ പാകിസ്താനുമായി താരതമ്യപ്പെടുത്തുന്നത് ഉചിതമല്ല എന്നാണ്. "ക്രൂഡോയിൽ വിലക്കുറവ് ഇന്ത്യക്കും ഒരു വരം പോലെ തന്നെയാണ്. എന്നാൽ, വേണ്ടത്ര എണ്ണ സംഭരണ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് ഇതിന്റെ ലാഭം പൂർണമായും നമുക്ക് ലഭിക്കില്ല. യുദ്ധകാലാടിസ്ഥാനത്തിൽ നോക്കിയാലും ഒൻപതു ദിവസത്തേക്ക് വേണ്ട എണ്ണ സംഭരിക്കാനുള്ള സംവിധാനങ്ങളെ ഇന്ത്യയ്ക്കുള്ളൂ." തനേജ പറഞ്ഞു.

പാക്കിസ്ഥാൻ സർക്കാരിന് സാധിക്കുമെങ്കിൽ, ഇന്ത്യൻ ഗവൺമെന്റിന് എന്തുകൊണ്ട് കുറയ്ക്കാൻ പറ്റുന്നില്ല?

എന്നാൽ, കോൺഗ്രസ് പാർട്ടി ഇത്തരത്തിലുള്ള വാദഗതികളെ മുഖവിലക്കെടുക്കുന്നില്ല. ഇന്നത്തേതിന് സമാനമായ ക്രൂഡോയിൽ നിരക്കുകൾ ഉണ്ടായിരുന്ന 2004 -ളെപ്പോലെ പെട്രോൾ ഡീസൽ വില 60 രൂപയ്ക്ക് താഴേക്ക് കൊണ്ടുവരാൻ എന്തുകൊണ്ട് എൻഡിഎ സർക്കാരിന് കഴിയുന്നില്ല എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. " അന്താരാഷ്ട്ര വിപണിയിൽ വില 2004 ലേതിന് തുല്യമായിട്ടും, രാഷ്ട്രം ഒരു മഹാമാരിയെ നേരിടുന്ന സങ്കടഘട്ടത്തിൽ ആയിരുന്നിട്ടും കേന്ദ്രം എന്താണ് എണ്ണ വില അറുപതു രൂപയ്ക്ക് താഴേക്ക് കൊണ്ടുവരാത്തത്? പാവങ്ങളുടെ സങ്കടം എന്ന് കേൾക്കും സർക്കാർ?" എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചത്. 

 

 

സോഷ്യൽ മീഡിയയിലും പലരും സ്വാഭാവികമായും ഈ സംശയം ഉന്നയിച്ചു," പാക്കിസ്ഥാൻ സർക്കാരിന് പറ്റുമെങ്കിൽ, ഇന്ത്യൻ ഗവൺമെന്റിന് എന്തുകൊണ്ട് എണ്ണവില കുറയ്ക്കാൻ പറ്റുന്നില്ല?" ഇതെപ്പറ്റി ബിജെപി വക്താവ് നരേന്ദ്ര തനേജ പറഞ്ഞത് ഇങ്ങനെയാണ്, " പാകിസ്ഥാനും ഇന്ത്യയും തമ്മിൽ സാമ്പത്തിക വ്യവസ്ഥകളുടെ കാര്യത്തിൽ ഒരു താരതമ്യത്തിനും വകുപ്പില്ല. അതൊരു ചെറിയ രാജ്യമാണ്. അസംഘടിതമായ സാമ്പത്തിക വ്യവസ്ഥയാണ് അവിടത്തേത്. വെറും 280 - 300 ബില്യൺ ഡോളർ മാത്രമാണ് അതിന്റെ വലിപ്പം. അതായത് നമ്മുടെ മഹാരാഷ്ട്രയുടെ സാമ്പത്തികവ്യവസ്ഥയെക്കാൾ ചെറുത്. അവിടത്തെ മിഡിൽക്ളാസ്സ് എന്നുപറയുന്നത് എത്രയോ ചെറിയ ഒരു ജനസമൂഹമാണ്. ഇന്ത്യയുടെ മിഡിൽക്ളാസ്സ് പാകിസ്താന്റെ എത്രയോ ഇരട്ടി വലിയ ഒരു എണ്ണഉപഭോക്തൃ സമൂഹമാണ്. രണ്ടു രാജ്യങ്ങളുടെയും എണ്ണ ഉപഭോഗത്തിലെ ട്രെൻഡുകൾ ഒരു കാരണവശാലും താരതമ്യം ചെയ്യാവുന്നതല്ല." അദ്ദേഹം പറഞ്ഞു.

രണ്ടാമത് ഒരു വിഷയമുള്ളത് എണ്ണ ഉത്പാദക രാജ്യങ്ങളുമായി പാക്കിസ്ഥാനുള്ള സമ്പർക്കസൗകര്യമാണ്. പാകിസ്ഥാനെപ്പോലെ ഇസ്ലാമിക രാഷ്ട്രങ്ങളാണ് പല എണ്ണ ഉത്പാദക ഗൾഫ് രാജ്യങ്ങളും. അവർ പാകിസ്താന് മുന്നിൽ വെച്ചുനീട്ടുന്ന വ്യവസ്ഥകൾ ഇന്ത്യയോടുള്ളതിനേക്കാൾ കാർക്കശ്യം കുറഞ്ഞവയാണ്. അവർക്ക് കുറേക്കൂടി മെച്ചപ്പെട്ട ക്രെഡിറ്റും അവരിൽ നിന്ന് ലഭ്യമാണ്. ഇന്ത്യയിൽ പ്രതിദിനം 46-50 ലക്ഷം ബാരൽ ക്രൂഡോയിൽ ചെലവയിടുന്നുണ്ട്. കൊവിഡ് കാരണം ആ  ഡിമാൻഡ് ഇപ്പോൾ 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. 

എന്തുകൊണ്ടാണ് ക്രൂഡോയിലിന്റെ വിലയിലുണ്ടായ ഇടിവിനെ ആനുകൂല്യം കേന്ദ്രം സാധാരണക്കാരന് നൽകാത്തത് എന്ന ചോദ്യത്തിനുള്ള നരേന്ദ്ര തനേജയുടെ മറുപടി ഇങ്ങനെയായിരുന്നു. " ഇന്ധന വിലയുടെ ഒരു പ്രധാന ഭാഗം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളാണ്. കൊവിഡ് ബാധ കാരണം രാജ്യത്ത് ഇന്ധനത്തിന്റെ ഉപഭോഗത്തിലുണ്ടായ ഇടിവ്, കേന്ദ്രത്തിന്റെ നികുതി വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് വിഹിതത്തിലുണ്ടാകുന്ന ഇടിവ് നികത്താൻ വിലകുറയാതെ നിർത്തേണ്ടതുണ്ട്. ഉപഭോഗം സാമാന്യഗതിയിലേക്ക് തിരിച്ചു വരാതെ വില ഇനി കുറയ്ക്കാൻ സാധിക്കില്ല."


 

click me!