ഡിജിറ്റൽ വ്യാപാരം വ്യാപകമാക്കാൻ ജ്വല്ലറികൾ: പോസ്റ്റൽ നയം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് എകെജിഎസ്എംഎ

By Anoop PillaiFirst Published Jul 18, 2020, 11:18 PM IST
Highlights

വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്ക് പ്രകാരം 2019 ൽ 17 ശതമാനം നഗരവാസികൾ ഓൺലൈനായി സ്വർണാഭരണങ്ങൾ വാങ്ങി. ഗ്രാമീണ മേഖലയിൽ ഇത് വെറും മൂന്ന് ശതമാനം മാത്രമാണ്. 
 

തിരുവനന്തപുരം: കൊവിഡ് ആശങ്കകളെ തുടർന്ന് ഉപഭോക്താക്കൾ വിട്ടുനിൽകുന്ന സാഹചര്യത്തിൽ ഡിജിറ്റൽ വ്യാപാരത്തിൽ സജീവമാകാൻ പദ്ധതിയിട്ട് കേരളത്തിലെ ജ്വല്ലറികൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ സ്വർണാഭരണ വ്യാപാരം 10 ശതമാനത്തിലേക്കെത്തിക്കാനാണ് താല്പര്യമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) വ്യക്തമാക്കി.

"70 മുതൽ 80 ശതമാനം വരെ സ്വർണാഭരണങ്ങൾ വാങ്ങുന്നത് 18 നും 45 നുമിടയിൽ പ്രായമുള്ളവരാണ്. സ്വർണാഭരണം വാങ്ങുന്ന 45 ന് മുകളിൽ പ്രായമുള്ളവർ 20 മുതൽ 30 ശതമാനം മാത്രമാണ്. ഇത് ഓൺലൈൻ ആഭരണ വിൽപ്പനയിലെ സാധ്യത വർധിപ്പിക്കുന്നു. ഇന്ത്യയിലെ വലിയ പട്ടണങ്ങളിലെപ്പോലെ കേരളത്തിലെ ചെറുപട്ടണങ്ങളിലെ ജുവല്ലറികൾ പോലും വിൽപ്പന വർദ്ധിപ്പിക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാനുളള തീരുമാനത്തിലാണ്," ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു

വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്ക് പ്രകാരം 2019 ൽ 17 ശതമാനം നഗരവാസികൾ ഓൺലൈനായി സ്വർണാഭരണങ്ങൾ വാങ്ങി. ഗ്രാമീണ മേഖലയിൽ ഇത് വെറും മൂന്ന് ശതമാനം മാത്രമാണ്. 

കേരളത്തിൽ വിവാഹ ആവശ്യങ്ങൾക്കാണ് സ്വർണാഭരണങ്ങൾ കൂടുതലായി വാങ്ങുന്നത്. വളരെക്കാലത്തെ സമ്പാദ്യമാണ് അതിന് വേണ്ടി ഉപഭോക്താക്കൾ ചെലവഴിക്കുന്നത്. അക്ഷയ് തൃതീയ, ധൻതേരസ് പോലുള്ള ഉൽസവ ദിനങ്ങളിലാണ് രാജ്യത്ത് സ്വർണ ബാറുകളുടെയും നാണയങ്ങളുടെയും വില്പന കൂടുതലായി നടക്കുന്നത്. എന്നാൽ, ആഭരണങ്ങൾ നേരിട്ട് വാങ്ങാനാണ് കൂടുതൽ ഉപഭോക്താക്കളും താല്പര്യപ്പെടുന്നതെന്ന് ഈ മേഖലയിലെ വിദ​ഗ്ധർ പറയുന്നു.

ഇൻഷുറൻസ് പരിരക്ഷ ഉയർത്തണം 

50,000 രൂപ വരെയുള്ള ആഭരണ വിൽപനയാണ് ഓൺലൈൻ വഴി കൂടുതലായും ലക്ഷ്യമിടുന്നത്. ചെറുകിട വ്യാപാരികളെക്കൂടി ലക്ഷ്യമിട്ടുളള ഓൺലൈൻ വ്യാപാരത്തിന് പ്രധാന തടസം ആഭരണം ഉപഭോക്താവിന് എത്തിച്ചു കൊടുക്കുകയെന്നതാണ്. നിലവിലുള്ള ലോജിസ്റ്റിക്, കൊറിയർ സംവിധാനങ്ങൾ അതിന് പര്യാപ്തമല്ല. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ രജിസ്റ്റേഡ് പാർസൽ സംവിധാനത്തിന് കാര്യക്ഷമതയും വിശ്വാസ്യതയും കുറവാണെന്നും അഡ്വ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.

മെട്രോ നഗരങ്ങളിൽ മാത്രമുള്ള ഡെസ്റ്റിനേറ്റഡ് പോസ്റ്റ് ഓഫീസുകൾ കേരളത്തിലുണ്ടാകണം. ഇപ്പോൾ 10,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ മാത്രമാണുള്ളത്. അത് ആഭരണങ്ങളുടെ ആകെ തുകയ്ക്കുള്ളതാകണം. എങ്കിൽ മാത്രമേ ചെറുകിട സ്വർണ വ്യാപാരികൾക്കു കൂടി ഓൺലൈൻ വ്യാപാരം സാധ്യതകൾ മെച്ചപ്പെ‌ടുത്താൻ സാധിക്കുവെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) പറയുന്നു. ആഭരണ വിതരണം സു​ഗമമാക്കാൻ പോസ്റ്റൽ നയം കാലോചിതമായി പരിഷ്ക്കരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.  

വെർച്വൽ സംവിധാനങ്ങൾ വഴി സ്വർണം നേരിട്ട് കണ്ട് തിരഞ്ഞെ‌ടുക്കാനുളള സൗകര്യം ഒരുക്കാനുളള തിരക്കിലാണ് ഇപ്പോൾ കേരളത്തിലെ മിക്ക സ്വർണ വ്യാപാരികളും. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ആഭരണം ലൈവ് ആയി കാണുന്നതിന് ഇതിലൂടെ കഴിയുന്ന രീതിയിലാണ് സംവിധാനം തയ്യാറാക്കുന്നത്. 


 

click me!