2000 ത്തിന് ശേഷമുളള ഏറ്റവും വലിയ ഇളവ്, ധനനയ നിലപാട് മാറ്റാതെ റിസർവ് ബാങ്ക് പണനയ സമിതി മുന്നോട്ട്

Anoop Pillai   | Asianet News
Published : May 22, 2020, 02:28 PM ISTUpdated : May 22, 2020, 02:38 PM IST
2000 ത്തിന് ശേഷമുളള ഏറ്റവും വലിയ ഇളവ്, ധനനയ നിലപാട് മാറ്റാതെ റിസർവ് ബാങ്ക് പണനയ സമിതി മുന്നോട്ട്

Synopsis

സാമ്പദ്‍വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ധനനയം കൂടുതൽ ലഘൂകരിക്കാൻ സെൻട്രൽ ബാങ്ക് തയ്യാറാണ് ഇതിലൂ‌ടെ ആർബിഐ പറയാതെ പറയുന്നു.

നിലവിലുള്ള 4.4 ശതമാനത്തിൽ നിന്ന് റിപ്പോ നിരക്ക് 4 ശതമാനമായി കുറയ്ക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ആർ‌ബി‌ഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല ഫണ്ടിൽ 2000 ത്തിന് ശേഷം വരുത്തുന്ന ഏറ്റവും വലിയ നിരക്കിളവാണിത്. പ്രധാന പലിശനിരക്ക് കുറയ്ക്കുന്നത് ബാങ്കുകൾക്ക് അവരുടെ വായ്പക്കാർക്ക് ഇഎംഐ നിരക്കിൽ ഇളവ് നൽകാൻ സാഹായകരമാകും.

റിപ്പോ നിരക്ക് കുറച്ച നടപ‌ടി രാജ്യത്തെ വായ്പ ലഭ്യത വർധിക്കാൻ സഹായകരമാകും. ഇതിനോടൊപ്പം ഭവന -വാഹന വായ്പകളുടെ പലിശ നിരക്ക് കുറയുന്നതിനും നടപടി സഹായകരമാണ്. ആർ‌ബി‌ഐ ഗവർ‌ണർ‌ വായ്പകളുടെ‌ മൊറട്ടോറിയം കാലാവധിയും നീട്ടി നൽകി. ബാങ്കുകൾ‌ക്ക് അവരുടെ ഉപഭോക്താക്കളുടെ ഇ‌എം‌ഐ പേയ്‌മെന്റുകൾ‌ മാറ്റിവയ്ക്കാൻ ഈ പ്രഖ്യാപനം ഗുണകരമാകും. ഓഗസ്റ്റ് വരെ മൂന്ന് മാസം കൂടിയാണ് റിസർവ് ബാങ്ക് മൊറ‌ട്ടോറിയം കാലാവധി നീട്ടി നൽകിയത്. 

ഇക്കാലയളവിൽ വായ്പ എ‌‌ടുത്തവർക്ക് ഇഎംഐ പേയ്മെന്റുകൾ നടത്തേണ്ടതില്ല. ഇത് വ്യക്തികളു‌ടെ തിരിച്ച‌ടവ് സംബന്ധിച്ച ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. എന്നാൽ, ഇക്കാര്യത്തിലുളള നടപടിക്രമങ്ങളും ഇളവുകളും അതാത് ബാങ്കുകളുടെ നിബന്ധനകൾക്ക് അനുസരിച്ച് മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. റിവേഴ്സ് റിപ്പോ നിരക്ക് റിസർവ് ബാങ്ക് 3.35 ശതമാനത്തിലേക്ക് കുറച്ചു. നേരത്തെ നിരക്ക് 3.75 ശതമാനമായിരുന്നു.

തീരുമാനം ഒറ്റക്കെട്ടായി 

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ നെഗറ്റീവ് വളർച്ച നിരക്കിലേക്ക് നീങ്ങുമെന്ന സൂചന റിസർവ് ബാങ്ക് നൽകുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപനം പരിഹരിക്കുന്നതിനായി രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ലോക്ക്ഡൗൺ മൂലമുളള പ്രതിസന്ധിയെ നേരിടാൻ ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനങ്ങൾ, കൊറോണ വൈറസ് ബാധ സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിക്കുകയും ബിസിനസ്സുകളെ ബാധിക്കുകയും ആയിരക്കണക്കിന് ആളുകൾ തൊഴിലില്ലാത്തവരായിത്തീരുകയും ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ കൂട്ടിച്ചേർത്തു.

എന്നാൽ, റിസർവ് ബാങ്കിന്റെ പണനയ അവലോകന കമ്മിറ്റി ധനനയ നിലപാട് മാറ്റാൻ തയ്യാറായില്ല. ആർബിഐ അതിന്റെ ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിൽ തുടരാൻ തീരുമാനിച്ചു, അതായത് സാമ്പദ്‍വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ധനനയം കൂടുതൽ ലഘൂകരിക്കാൻ സെൻട്രൽ ബാങ്ക് തയ്യാറാണെന്ന് ഇതിലൂ‌ടെ ആർബിഐ പറയാതെ പറയുന്നു. പണനയ സമിതിയിലെ അഞ്ച് അംഗങ്ങളും നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നയ തീരുമാനത്തിൽ റിസർവ് ബാങ്ക് ഒറ്റക്കെട്ടാണെന്ന് ശക്തികാന്ത ദാസ് അഭിപ്രായപ്പെ‌ട്ടു. 

കുറച്ച പലിശനിരക്കിന്റെ ​ഗുണഫലങ്ങൾ ബാങ്കുകൾ ഉപഭോക്താക്കളിലേക്ക് ഏത് രീതിയിൽ കൈമാറുമെന്നത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകുകയൊള്ളു. ഫിസ്ക്കൽ, ധന -ഭരണപരമായ നടപടികൾ എന്നിവയുടെ സംയോജനത്തിലൂടെ ക്രമേണ സാമ്പത്തിക പുനരുജ്ജീവനത്തിന് സഹായിക്കുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ