അസംസ്കൃത എണ്ണവിലയില്‍ ഇടിവ്; തുടര്‍ച്ചയായ പതിനെട്ടാം ദിവസം ഇന്ധനവിലയില്‍ കുറവ്

By Web TeamFirst Published Nov 5, 2018, 9:48 AM IST
Highlights

അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവിന് പിന്നാലെ തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവില കുറഞ്ഞു. കഴിഞ്ഞ മാസം 18 മുതൽ തുടർച്ചയായി 18 ദിവസവും ഇന്ധനവിലയില്‍ കുറവ് വന്നു.

ദില്ലി: അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവിന് പിന്നാലെ തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവില കുറഞ്ഞു. കഴിഞ്ഞ മാസം 18 മുതൽ തുടർച്ചയായി 18 ദിവസവും ഇന്ധനവിലയില്‍ കുറവ് വന്നു. രാജ്യത്ത് പെട്രോളിന് 4 രൂപയിലധികം രൂപയും ഡീസലിന് രണ്ട് രൂപയില്‍ അധികവുമാണ് കുറവ് വന്നത്. 

കേരളത്തില്‍ 4.17 രൂപ പെട്രോളിനും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 17ാം തിയതി 84.91 രൂപയായിരുന്നു പെട്രോള്‍ വില. ഈ വിലയാണ് ഇന്ന് 80.74 രൂപയായത്. ഓഗസ്റ്റ് 16ന് തുടങ്ങിയ വിലക്കയറ്റം രണ്ട് മാസത്തില്‍ അധികമാണ് നീണ്ടത്. ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ തീരുവയിനത്തില്‍ ലിറ്ററിന് ഒന്നര രൂപ വീതം കുറച്ചിരുന്നു. 

ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും ഇന്ധനവില നികുതി കുറച്ചിരുന്നു. നിലവില്‍ ഇന്ധന വില കുറയാന്‍ കാരണമായത് അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവാണ്. തുടർന്നുള്ള ദിവസങ്ങളിലും വില കുറയുവാനുള്ള സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. 

click me!