ഐസിഐസിഐ ബാങ്കിന്‍റെ ഓഹരി വാങ്ങാന്‍ കേരളവും, ജിഎസ്ടി നെറ്റ്‍വര്‍ക്ക് പൊതുമേഖലയിലേക്ക്

By Web TeamFirst Published Oct 28, 2019, 12:53 PM IST
Highlights

വിവിധ സംസ്ഥാന സര്‍ക്കാരുകളിലേക്കുളള ഓഹരി കൈമാറ്റം 2020 മാര്‍ച്ചോടെ പൂര്‍ത്തിയാകും. അസം സര്‍ക്കാരിന് 0.14 ശതമാനവും തെലുങ്കാന സര്‍ക്കാരിന് 0.81 ശതമാനം ഓഹരിയും ഐസിഐസിഐ ബാങ്ക് കൈമാറും. 
 

മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ജിഎസ്ടി നെറ്റ്‍വര്‍ക്കിലെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നു. ജിഎസ്ടി നെറ്റ്‍വര്‍ക്കിലുളള 10 ശതമാനം ഓഹരിയാണ് ഐസിഐസിഐ ബാങ്ക് വില്‍ക്കുന്നത്. 13 സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ബാങ്ക് ഓഹരി കൈമാറുക. 

ഒരു കോടി രൂപയുടെ മൊത്ത പരിഗണനയ്ക്കാണ് ഓഹരി വിൽപ്പനയെന്ന് റെഗുലേറ്ററി ഫയലിംഗിൽ ഐസിഐസിഐ ബാങ്ക് അറിയിച്ചു. വിവിധ സംസ്ഥാന സര്‍ക്കാരുകളിലേക്കുളള ഓഹരി കൈമാറ്റം 2020 മാര്‍ച്ചോടെ പൂര്‍ത്തിയാകും. അസം സര്‍ക്കാരിന് 0.14 ശതമാനവും തെലുങ്കാന സര്‍ക്കാരിന് 0.81 ശതമാനം ഓഹരിയും ഐസിഐസിഐ ബാങ്ക് കൈമാറും. 

കേരളം, ഗോവ, മണിപ്പൂര്‍, ത്രിപുര, പശ്ചിമ ബംഗാള്‍, ദില്ലി, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സര്‍ക്കാരുകള്‍ക്ക് 0.82 ശതമാനം വീതം ഓഹരിയും വില്‍ക്കും. ജിഎസ്ടി നെറ്റ്‍വര്‍ക്കിനെ (ജിഎസ്ടിഎന്‍) പൊതുമേഖല സംരംഭം ആക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഐസിഐസിഐ ബാങ്കിന്‍റെ നെറ്റ്‍വര്‍ക്കില്‍ നിന്നുളള പിന്‍മാറ്റം. 

പുതിയ തീരുമാനപ്രകാരം നെറ്റ്‍വര്‍ക്കിന്‍റെ 50 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിനും ശേഷിക്കുന്ന ഓഹരികള്‍ സംസ്ഥാനങ്ങള്‍ക്കുമായിരിക്കും. നിലവില്‍ നെറ്റ്‍വര്‍ക്കിലെ 49 ശതമാനം ഓഹരി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ശേഷിക്കുന്ന 51 ശതമാനം ഓഹരികള്‍ അഞ്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എന്‍എസ്ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയാണ് ഓഹരി ഉടമകള്‍. ജിഎസ്ടി നെറ്റ്‍വര്‍ക്ക് ലാഭേച്ഛയില്ലാത്ത എന്റിറ്റിയായാണ് പ്രവര്‍ത്തിക്കുന്നത്.

2013 മാര്‍ച്ച് 28 നാണ് ജിഎസ്ടിഎന്നിനെ അന്നത്തെ യുപിഎ സര്‍ക്കാര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് രൂപീകരിച്ചത്. അന്ന് തന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമായി ജിഎസ്ടിഎന്നില്‍ ഭൂരിപക്ഷ ഓഹരികള്‍ നല്‍കുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 
 

click me!