തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം: സര്‍ക്കാര്‍ നടപടികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jan 28, 2019, 12:41 PM IST
Highlights

തിരുവിതാംകൂര്‍ മഹാരാജാവ് കൈമാറിയ 258.06 ഏക്കര്‍ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 8.29 ഏക്കര്‍ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയ 32.56 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ 628 ഏക്കറോളം ഭൂമിയിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി നിലവില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏകപക്ഷീയമായി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇത് തികച്ചും പ്രതിഷേധാര്‍ഹവും സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധവുമാണ്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് രണ്ട് തവണ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനുളള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ അധീനതയിലുള്ള ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേന നടപ്പാക്കണമെന്നും വിമാനത്താവളത്തിന് ഏറ്റെടുത്ത് നല്‍കിയ ഭൂമിയുടെ വിലയ്ക്ക് തത്തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കണമെന്ന നിര്‍ദ്ദേശവും കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവിതാംകൂര്‍ മഹാരാജാവ് കൈമാറിയ 258.06 ഏക്കര്‍ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 8.29 ഏക്കര്‍ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയ 32.56 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ 628 ഏക്കറോളം ഭൂമിയിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി നിലവില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലുമുള്ള സംസ്ഥാനത്തിന്റെ പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം രൂപീകൃതമാകുന്നതിനു മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവ് കൈമാറിയ ഭൂമിയും, സംസ്ഥാനം രൂപീകൃതമായശേഷം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഭൂമിയും ഉള്‍പ്പെടുന്നതിനാലും സ്വകാര്യവല്‍ക്കരിക്കുന്നപക്ഷം നല്‍കിയ ഭൂമിയുടെ പരിഗണന നല്‍കുമെന്ന് 2003-ല്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതും പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്രകാരമൊരു ആവശ്യം മുന്നോട്ടുവച്ചത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ അധീനതയിലുള്ള ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേന നടപ്പാക്കണമെന്നും വിമാനനത്താവളത്തിന് ഏറ്റെടുത്ത് നല്‍കിയ ഭൂമിയുടെ വിലയ്ക്ക് തത്തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കണമെന്ന നിര്‍ദ്ദേശവും കേന്ദ്രത്തെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. 

ഇക്കാര്യത്തില്‍ അനുകൂല നിലപാട് നാളിതുവരെ ഉണ്ടാകാത്തതിനാലാണ്  വിമാനത്താവള നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്' എന്ന ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിച്ചത്. ബിഡ് സംബന്ധമായ വിഷയങ്ങള്‍ തീരുമാനമെടുക്കുന്നതിന് ടെക്‌നിക്കല്‍ & ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റിനെയും ലീഗല്‍ കണ്‍സള്‍ട്ടന്റിനെയും നിയമിക്കുകയും ചെയ്തതായും വ്യക്തമാക്കി.

ബിഡിനുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന എസ്.പി.വിക്ക് പരിധിയില്ലാത്ത റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിമിതമായ 10 ശതമാനം റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ നല്‍കാനാണ് കേന്ദ്രം സമ്മതിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ബിഡ് സമര്‍പ്പിക്കുന്നതിനായി കേരള സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ നടന്നുവരികയാണെന്നും അദ്ദേഹം മറുപടി നല്‍കി.

click me!