ഊര്‍ജിത് പട്ടേലിന്‍റെ പടിയിറക്കം; രാജ്യം കടന്നുപോയ പ്രധാന സംഭവവികാസങ്ങളിലൂടെ

By Web TeamFirst Published Dec 11, 2018, 3:09 PM IST
Highlights

ഊര്‍ജിത് പട്ടേലിന്‍റെ രാജിയെ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠയോടെയാണ് കാണുന്നതെന്നാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാജി വാര്‍ത്തകളോട് പ്രതികരിച്ചത്. റിസര്‍വ് ബാങ്കിന്‍റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ 2016 സെപ്റ്റംബര്‍ നാലിനാണ് റിസര്‍വ് ബാങ്കിന്‍റെ 24 മത് ഗവര്‍ണറായി ചുമതലയേറ്റത്. ഒടുവില്‍ മൂന്ന് വര്‍ഷ കാലാവധിയില്‍ ഒന്‍പത് മാസം ബാക്കി നില്‍ക്കേ രാജിവച്ച് പുറത്തേക്ക്. 
 

'റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു'. കേന്ദ്ര സര്‍ക്കാരുമായി റിസര്‍വ് ബാങ്കിന്‍റെ സ്വയം ഭരണത്തെ സംബന്ധിച്ച് ദിന്നതയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറെ നാളായി രാജിക്ക് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, നവംബര്‍ 19 ന് ചേര്‍ന്ന റിസര്‍വ് ബാങ്ക് ഭരണസമിതി യോഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചതോടെ രാജി ഉണ്ടാകില്ലെന്ന സൂചനകളുണ്ടായിരുന്നു.

എന്നാല്‍, ഡിസംബര്‍ 10 ന് ഒന്‍പത് മാസം കാലവധി ബാക്കി നില്‍ക്കേ അദ്ദേഹം രാജി സമര്‍പ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നവെന്നാണ് അദ്ദേഹം കത്തില്‍ വ്യക്തമാക്കിയത്.  

 

'റിസര്‍വ് ബാങ്കിന്‍റെ സ്വതന്ത്രാധികാരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഇന്ത്യയുടെ റേറ്റിംഗ് നെഗറ്റീവാകാന്‍ കാരണമാകും' കേന്ദ്ര സര്‍ക്കാര്‍-റിസര്‍വ് ബാങ്ക് അധികാര തര്‍ക്കത്തെ സംബന്ധിച്ച് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്‍റെ പ്രതികരണമിതായിരുന്നു. റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തിന്‍റെ മൂന്നിലൊന്ന് തുക വികസന ആവശ്യങ്ങള്‍ക്കായി വിട്ടുകിട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം ആര്‍ബിഐ അംഗീകരിക്കാതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

റിസര്‍വ് ബാങ്കിന്‍റെ സ്വയം ഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നതായുളള റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയുടെ പ്രസംഗത്തിലെ പരാമര്‍ശം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. രാഷ്ട്രീയ താല്‍പര്യമുളളവരെ ഭരണസമിതിയില്‍ നിയമിക്കാന്‍ ശ്രമിച്ചതും, ദുര്‍ബല ബാങ്കുകള്‍ക്ക് മൂലധനം അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍-ആര്‍ബിഐ തര്‍ക്കം രൂക്ഷമായി. 

ഇതിനിടയില്‍ റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ആര്‍ബിഐ വകുപ്പിലെ 7(1) വകുപ്പ് സര്‍ക്കാര്‍ പ്രയോഗിച്ചതായുളള സൂചനകള്‍ രാജ്യത്ത് ഉയര്‍ന്നു. ഇതുവരെ ഒരു സര്‍ക്കാരും ഈ വകുപ്പ് റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി ഉപയോഗിച്ചിട്ടില്ല. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ഇത് റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണാധികാരത്തിന്‍ മേലുളള സര്‍ക്കാരിന്‍റെ കൈകടത്തലാണെന്ന് ആരോപണം ഉന്നയിച്ചു. ഇതോടെ, പട്ടേല്‍ രാജിവയ്ക്കുനൊരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊര്‍ജിത് പട്ടേല്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഊര്‍ജിത് പട്ടേലിന്‍റെ രാജിയെ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠയോടെയാണ് കാണുന്നതെന്നാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാജി വാര്‍ത്തകളോട് പ്രതികരിച്ചത്. റിസര്‍വ് ബാങ്കിന്‍റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ 2016 സെപ്റ്റംബര്‍ നാലിനാണ് റിസര്‍വ് ബാങ്കിന്‍റെ 24 മത് ഗവര്‍ണറായി ചുമതലയേറ്റത്. ഒടുവില്‍ മൂന്ന് വര്‍ഷ കാലാവധിയില്‍ ഒന്‍പത് മാസം ബാക്കി നില്‍ക്കേ രാജിവച്ച് പുറത്തേക്ക്. 

click me!