എന്തുകൊണ്ട് രൂപയ്ക്ക് ഡോളര്‍ വില്ലനാവുന്നു ?

By Web TeamFirst Published Sep 11, 2018, 10:12 AM IST
Highlights

ഡോളറിനെതിരെ വലിയ തകര്‍ച്ച നേരിടുന്നതില്‍ നിന്ന് ഇന്ത്യന്‍ കറന്‍സി ഏറ്റവും മോശം നാണയമാണെന്ന് കരുതുന്നത് തെറ്റാണ്. മിക്ക അന്താരാഷ്ട്ര ഇടപാടുകളും ഡോളറിലായതിനാലാണ് ഡോളറിനെതിരെ മൂല്യമിടിയുമ്പോള്‍ നമ്മള്‍ക്ക് വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നത്. 

രൂപ ഡോളറിനെതിരെ ദിനംപ്രതി തളരുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 72.45 എന്ന നിലയിലാണിപ്പോള്‍. കഴിഞ്ഞ ദിവസം മാത്രം 30 പൈസയുടെ ഇടിവാണ് ഡോളറിനെതിരെ രൂപയ്ക്കുണ്ടായത്. ഫോറിന്‍ എക്സ്ചേഞ്ചുകളില്‍ യുഎസ് ഡോളറിന് വലിയ ആവശ്യകതയാണിപ്പോള്‍. ഇറക്കുമതി മേഖല ഉയര്‍ന്ന തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ വിലയിടിച്ചത്. 

രൂപ ഏറ്റവും മോശം കറന്‍സിയോ?

 

ഡോളറിനെതിരെ വലിയ തകര്‍ച്ച നേരിടുന്നതില്‍ നിന്ന് ഇന്ത്യന്‍ കറന്‍സി ഏറ്റവും മോശം നാണയമാണെന്ന് കരുതുന്നത് തെറ്റാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് മറ്റ് കറന്‍സികളുമായി തരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ രൂപയ്ക്ക് മറ്റ് നാണയങ്ങള്‍ക്ക് തുല്യമായ തകര്‍ച്ച മാത്രമാണ് സംഭവിച്ചത് എന്ന് മനസ്സിലാവും. എന്നാല്‍, ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവാണുണ്ടായത്. 13 ശതമാനമാണ് രൂപ ഈ വര്‍ഷം ഇടിഞ്ഞത്. മിക്ക അന്താരാഷ്ട്ര ഇടപാടുകളും ഡോളറിലായതിനാലാണ് ഡോളറിനെതിരെ മൂല്യമിടിയുമ്പോള്‍ നമ്മള്‍ക്ക് വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നത്. 

ഡോളര്‍ എന്നും പ്രിയമുളളവള്‍

2008 ലെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് പുറത്തുവരാന്‍ തങ്ങളുടെ പണനയത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇത് മൂലം വിനിമയത്തിലുളള കറന്‍സിയില്‍ കുറവ് വന്നു. കറന്‍സിയിലെ കുറവ് ഡോളറിന്‍റെ ഡിമാന്‍റ് വര്‍ദ്ധിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഇതോടൊപ്പം, അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ വലിയ തോതില്‍ ഉയര്‍ത്തി. യുറോപ്യന്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുക കൂടി ചെയ്തതോടെ ഡോളര്‍ ശരിക്കും അന്താരാഷ്ട്ര വിപണിയില്‍ രാജാവായി. ഇതാണ് പരോക്ഷമായി ഇന്ത്യന്‍ രൂപയ്ക്കും ഭീഷണിയാവുന്നത്.

മൂല്യം നിശ്ചയിക്കുക ഇങ്ങനെ

ഏതാണ്ട് എല്ലാ രാജ്യങ്ങളും മാറ്റങ്ങള്‍ക്ക് അതിഷ്ഠിതമായ രീതിയിലാണ് തങ്ങളുടെ കറന്‍സിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുക. രൂപയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ഓഹരി വിപണിയിലെ പ്രകടനം, സാമ്പത്തിക സ്ഥിരത, രാജ്യത്തെ പണപ്പെരുപ്പം, വിദേശ വാണിജ്യം എന്നിവയാണ് ബാധിക്കുക. 

അന്താരാഷ്ട്ര നാണയ നിധി പറയുന്നു

അന്താരാഷ്ട്ര നാണയ നിധിയുടെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം (ഐഎംഎഫ്) ഫോറിന്‍ എക്സ്ചേഞ്ച് റിസര്‍വുകളെല്ലാം യുഎസ് ഡോളര്‍ അതിഷ്ഠിതമായണ് മുന്നോട്ട് പോകുന്നത്. ഫോറിന്‍ എക്സചേഞ്ചുകളിലെ ഡോളര്‍ സാന്നിധ്യം 62.5 ശതമാനം വരുമെന്നും ഐഎംഎഫ് കണക്കാക്കുന്നു. യൂറോ, യെന്‍, ബ്രിട്ടീഷ് പൗണ്ട് എന്നിവയ്ക്കെല്ലാം ഇതിന് പിന്നില്‍ മാത്രമാണ് സ്ഥാനം. വിദേശ കൈമാറ്റങ്ങളില്‍ കൂടുതല്‍ അംഗീകാരവും ആവശ്യകതയുമുളള കറന്‍സിയാണ് യുഎസ് ഡോളര്‍. മിക്ക രാജ്യങ്ങളും അവരുടെ ഫോറിന്‍ എക്സ്ചേഞ്ച് റിസര്‍വുകള്‍ സൂക്ഷിക്കുന്നതും യുഎസ് ഡോളറിലാണ്.   

click me!