ലക്ഷ്യം തെറ്റാതെ 'ഉണ്ട': റിവ്യൂ

By Nirmal SudhakaranFirst Published Jun 14, 2019, 5:58 PM IST
Highlights

സെമി-റിയലിസ്റ്റിക് ശൈലിയില്‍ ആദ്യസിനിമ (അനുരാഗ കരിക്കിന്‍ വെള്ളം/2016) ഒരുക്കിയ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. കനപ്പെട്ട രാഷ്‍ട്രീയ ഉള്ളടക്കമുള്ള രണ്ടാം ചിത്രത്തിലും, അതില്‍ മമ്മൂട്ടിയെപ്പോലെ
ഒരു സൂപ്പര്‍താരം നായകനായപ്പോഴും സെമി-റിയലിസത്തില്‍ നിന്ന് അവതരണശൈലി മാറ്റിയിട്ടില്ല ഖാലിദ്. 

പേരിലെ കൗതുകം കൊണ്ടാണ് 'ഉണ്ട' ആദ്യം പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. മമ്മൂട്ടി എത്തുന്നത് പൊലീസ് യൂണിഫോമിലാണെന്നും ഛത്തിസ്‍ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് സംഘത്തിന്‍റെ കഥയാണ് ചിത്രമെന്നുമൊക്കെ പിന്നാലെ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് 'ഉണ്ട' എന്ന പേരിന് പിന്നിലെ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇപ്പറ‍ഞ്ഞത് തന്നെയാണ് സിനിമയുടെ വിഷയം. രാജ്യത്ത് മാവോവാദി സ്വാധീനം ഏറ്റവുമധികമുള്ള മേഖലയായി വിലയിരുത്തപ്പെടുന്ന, അത്തരത്തില്‍ പലപ്പോഴും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കാറുള്ള ഛത്തിസ്‍ഗഡിലെ ബസ്‍തര്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുകയാണ് കേരളത്തില്‍ നിന്നുള്ള ഒരു പൊലീസ് സംഘം. അതില്‍ നേതൃസ്ഥാനത്തുള്ള ഉദ്യോഗസ്ഥരില്‍ ഒരാളാണ് സബ് ഇന്‍സ്‍പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന മമ്മൂട്ടി കഥാപാത്രം. മലയാളസിനിമയ്‍ക്ക് ദൃശ്യപരമായോ പ്രമേയപരമായോ ഇതുവരെ പരിചയമില്ലാത്ത ഒരിടത്തേക്ക് ക്യാമറ തിരിയ്‍ക്കുകയാണ് ഖാലിദ് റഹ്മാന്‍ എന്ന യുവ സംവിധായകന്‍. മുന്‍പ് 'ദായോം പന്ത്രണ്ടും' എന്ന സിനിമ സംവിധാനം ചെയ്‍ത് ഈ മേഖലയിലേക്ക് കടന്നുവന്ന ഹര്‍ഷാദിന്‍റേതാണ് 'ഉണ്ട'യുടെ തിരക്കഥ.

സെമി-റിയലിസ്റ്റിക് ശൈലിയില്‍ ആദ്യസിനിമ (അനുരാഗ കരിക്കിന്‍ വെള്ളം/2016) ഒരുക്കിയ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. കനപ്പെട്ട രാഷ്‍ട്രീയ ഉള്ളടക്കമുള്ള രണ്ടാം ചിത്രത്തിലും, അതില്‍ മമ്മൂട്ടിയെപ്പോലെ ഒരു സൂപ്പര്‍താരം നായകനായപ്പോഴും സെമി-റിയലിസത്തില്‍ നിന്ന് അവതരണശൈലി മാറ്റിയിട്ടില്ല ഖാലിദ്. മാവോവാദി ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടയ്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു പ്രദേശത്തിലേക്ക് മുന്‍വിധികളുടേതായ ഫ്രെയ്‍മുകളൊക്കെ ഒഴിവാക്കി, യഥാതഥവും സമഗ്രമായതുമായ ഒരു നോട്ടമയയ്‍ക്കാന്‍ ശ്രമിച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്ന തിരക്കഥാകൃത്തും സംവിധായകനും. ഇവിടെ പൊലീസോ പ്രദേശത്തുള്ള മറ്റ് സേനാവിഭാഗങ്ങളോ മാവോയിസ്റ്റുകളോ (സ്‍പോയ്‍ലര്‍ ആയേക്കാം എന്നതിനാല്‍ സാന്നിധ്യത്തെക്കുറിച്ച് വിശദീകരിക്കുന്നില്ല) ഒന്നുംതന്നെ പലപ്പോഴും ജനപ്രിയ ഭാവനയിലുള്ളതുപോലെ അമാനുഷിക പരിവേഷമുള്ളവരല്ല. സ്റ്റേറ്റിന്‍റെയോ മാവോയിസ്റ്റുകളുടെയോ നരേറ്റീവുകളെ മുഖവിലയ്‍ക്കെടുക്കാതിരിക്കുന്ന ചിത്രം ഏതെങ്കിലും പക്ഷത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഖനി-കോര്‍പറേറ്റ് മാഫിയയുടെ ജീവല്‍ ഭീഷണിയ്‍ക്ക് മുന്നില്‍ മറ്റ് ഗത്യന്തരമില്ലാതെ കുടിയൊഴിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തദ്ദേശീയരായ ആദിവാസികള്‍ക്കൊപ്പമാണ്.

വളച്ചുകെട്ടലൊന്നുമില്ലാതെ പറയുന്ന വിഷയത്തിലേക്ക് നേരിട്ട് കടക്കുന്ന രീതിയിലാണ് തുടക്കവും മുന്നോട്ടുപോക്കും. ഛത്തിസ്‍ഗഡിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിലെ ഒരു ബറ്റാലിയനില്‍ നിന്ന് പോകുന്ന പൊലീസ് സംഘം. തെരഞ്ഞെടുപ്പ് ദിനം ഉള്‍പ്പെടെ ബസ്‍തറിലെ അവരുടെ അഞ്ച് ദിവസങ്ങളെ സ്വാഭാവികതയോടെ പിന്തുടരാന്‍ ശ്രമിച്ചിരിയ്‍ക്കുകയാണ് സംവിധായകന്‍. 'ഉണ്ട' എന്ന പേരും ഛത്തിസ്‍ഗഡിന്‍റെ പശ്ചാത്തലവുമൊക്കെ മനസില്‍ വച്ച് ഒരു ഔട്ട് ആന്‍റ് ഔട്ട് ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ച് പോയാല്‍ നിരാശയാവും ഫലം. സിനിമാറ്റിക് ത്രില്‍ സൃഷ്ടിക്കാനായുള്ള ബില്‍ഡപ്പുകളൊന്നുമില്ല ചിത്രത്തില്‍. അതേസമയം ഭൂരിഭാഗം മലയാളികളും വാര്‍ത്തകളിലൂടെ മാത്രം അറിഞ്ഞ ഒരു പ്രശ്‍നബാധിത പ്രദേശത്തെ തെരഞ്ഞെടുപ്പ് പകര്‍ത്തുമ്പോള്‍ ത്രില്‍ എന്നത്  നരേഷനിലേക്ക് സ്വാഭാവികമായി കടന്നുവരുന്നുമുണ്ട്. ഏത് സമയത്തും സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മാവോവാദി ആക്രമണത്തിന്‍റെ സാധ്യതയ്‍ക്ക് മുന്നില്‍ ആവശ്യത്തിന് ആയുധങ്ങളോ പ്രായോഗിക പരിചയമോ ഇല്ലാത്ത മലയാളികളായ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നു എന്നതാണ് കാഴ്‍ചയെ മുന്നോട്ട് നയിക്കുന്ന ഘടകം.

മമ്മൂട്ടിയുടെ മലയാളത്തിലെ സമീപകാല കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട ആളാണ് സബ് ഇന്‍സ്‍പെക്ടര്‍ മണികണ്ഠന്‍. മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ നായകന്മാരാവുമ്പോള്‍ ആ കഥാപാത്രങ്ങളിലേക്ക് മിക്കപ്പോഴും സന്നിവേശിപ്പിക്കപ്പെടുന്ന അതിനായകത്വവും അതിഭാവുകത്വവും ഒഴിവാക്കിയാണ് ഹര്‍ഷാദ് മണികണ്ഠനെ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അതിഭാവുകത്വമില്ലാത്ത ഒരു കഥാപാത്രമായി മമ്മൂട്ടിയെ അടുത്തിടെ കണ്ടത് തമിഴ് ചിത്രം 'പേരന്‍പി'ലാണ്. ലാര്‍ജര്‍ ദാന്‍ ലൈഫ് പരിവേഷമില്ലാത്ത ഒരു കഥാപാത്രത്തിലൂടെ മമ്മൂട്ടിയിലെ നടനെ ഏറെക്കാലത്തിന് ശേഷം മലയാളസിനിമ വീണ്ടെടുക്കുകയാണ് സബ് ഇന്‍സ്‍പെക്ടര്‍ മണികണ്ഠനിലൂടെ. മമ്മൂട്ടിയിലെ പരിചയസമ്പന്നനായ നടന് വെല്ലുവിളി സൃഷ്ടിക്കാത്ത കഥാപാത്രമാണിത്. പക്ഷേ ഏറെക്കാലത്തിന് ശേഷം മലയാളത്തിന്‍റെ സ്ക്രീനില്‍ മമ്മൂട്ടിയിലെ നടന്‍റെ സ്വാഭാവികത കാണാനാവുന്നതിന്‍റെ സന്തോഷം കൂടിയാണ് 'ഉണ്ട'.

ഛായാഗ്രഹണത്തിന്‍റെ പേരില്‍ എടുത്തുപറയാന്‍ തോന്നുന്ന വര്‍ക്ക് കൂടിയാണ് 'ഉണ്ട'. ടീം 5, ഒരു നക്ഷത്രമുള്ള ആകാശം എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സജിത്ത് പുരുഷനാണ് 'ഉണ്ട'യുടെ ഛായാഗ്രഹണം. മലയാളസിനിമ ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത ഒരു പ്രദേശത്തെ അതേ പുതുമയോടെ അവതരിപ്പിക്കാനായിട്ടുണ്ട് സജിത്തിന്. സിനിമയുടെ സെമി റിയലിസ്റ്റിക് സ്വഭാവത്തിനും സൂക്ഷ്‍മമായ നരേഷനും ഒക്കെ ചേരുംവിധം ഗിമ്മിക്കുകളൊന്നുമില്ലാതെ ബസ്‍തറിലെ കാടിനെ പകര്‍ത്തിയിട്ടുണ്ട് അദ്ദേഹം. അപൂര്‍വ്വം രാത്രിദൃശ്യങ്ങളും ഒരു മികച്ച ടെക്‍നീഷ്യന്‍റെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീതം. പശ്ചാത്തലത്തില്‍ ഉടനീളമുള്ള നാടോടി സംഗീതം ആദ്യകേള്‍വിയില്‍ ഇമ്പമുള്ളതെങ്കിലും കുറച്ചുകൂടി ലിമിറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി.

നായകനും നായികയ്‍ക്കുമൊക്കെ അപ്പുറത്ത്, എന്നാല്‍ പ്രാധാന്യമുള്ള ഉപകഥാപാത്രങ്ങളുടെ താരനിര്‍ണയത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നു എന്നത് സമീപകാല മലയാളസിനിമയില്‍  അഭിനന്ദനാര്‍ഹമായ കാര്യമാണ്. 'തൊട്ടപ്പന്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇത്തരം താരനിര്‍ണയങ്ങള്‍ കൊണ്ട് കൗതുകമുണര്‍ത്തുന്നതായിരുന്നു. കാസ്റ്റിംഗിന്‍റെ കാര്യത്തില്‍ ആ ശ്രേണിയിലേക്ക് ചേര്‍ക്കാവുന്ന സിനിമയാണ് 'ഉണ്ട'. സിഐ മാത്യൂസ് ആന്‍റണിയായാണ് സംവിധായകന്‍ രഞ്ജിത്ത് എത്തുന്നത്. സബ് ഇന്‍സ്‍പെക്‍ടര്‍ മണികണ്ഠനൊപ്പമുള്ള ജൂനിയര്‍ ഓഫീസര്‍മാരുടെയൊക്കെ (ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ് രാജ്) കാസ്റ്റിംഗ് നന്നായിട്ടുണ്ട്. സംവിധായകന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നരേഷന് ശരിയായ അര്‍ഥത്തിലുള്ള പിന്തുണയാണ് സഹതാരങ്ങളുടെ ഈ കോന്പിനേഷന് ഉള്ളത്.

ഭൂരിഭാഗം കഥാപാത്രങ്ങളും മലയാളമാണ് സംസാരിക്കുന്നതെങ്കിലും ഒരു ഇന്ത്യന്‍ സിനിമയാണ് 'ഉണ്ട'. പറയുന്ന വിഷയത്തിലും അതിന്‍റെ സബ് ടെക്‍സ്റ്റുകളിലും അവതരണത്തിലുമൊക്കെ ഒരു പാന്‍-ഇന്ത്യന്‍ സ്വഭാവമുണ്ട് സിനിമയ്‍ക്ക്. അതിനാല്‍ത്തന്നെ സബ് ടൈറ്റ്‍ലിംഗിലൂടെ ഭാഷാ അതിരുകള്‍ക്കപ്പുറത്തുള്ള പ്രേക്ഷകര്‍ക്കും കാണാവുന്ന സിനിമയുമാണ് 'ഉണ്ട'. ഒരു മലയാളി സിനിമാപ്രേമിയെ സംബന്ധിച്ച് മലയാളസിനിമ മുന്‍പ് അറ്റംപ്റ്റ് ചെയ്‍തിട്ടില്ലാത്ത പ്രദേശവും വിഷയവുമൊക്കെ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഒരിക്കലും ഒരു മോശം തെരഞ്ഞെടുപ്പാവില്ല. മമ്മൂട്ടി എന്ന താരത്തിന്‍റെ പേരില്‍ അടയാളപ്പെടുന്ന സിനിമയല്ല ഇത്. അതേസമയം അതിഭാവുകത്വമൊന്നുമില്ലാതെ അദ്ദേഹത്തിലെ നടനെ വീണ്ടും കണ്ടറിയാനുള്ള അവസരവും.

click me!