ഇന്ത്യൻ റെയിൽവെ വിൽക്കുമോ? കേന്ദ്രസർക്കാരിന്റെ മനസിലിരിപ്പ് ഇതാണ്; തുറന്ന് പറഞ്ഞ് മന്ത്രിമാര്‍

By Web TeamFirst Published Nov 22, 2019, 9:28 PM IST
Highlights
  • റെയിൽവെയുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കാനാണ് ഈ നീക്കം കൊണ്ട് ലക്ഷ്യമാക്കുന്നത്.
  • വിവിധ സേവനങ്ങൾക്കുള്ള കരാർ എടുക്കുന്ന വ്യക്തികൾക്ക് റെയിൽവെ ലൈസൻസ് നൽകും. 

ദില്ലി: വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎൽ അടക്കമുള്ള കമ്പനികൾകേന്ദ്ര സർക്കാർ വിറ്റഴിക്കുമ്പോൾ ഉയർന്ന ചോദ്യമാണ് ഇനി ഇന്ത്യൻ റെയിൽവെയുടെ കാര്യം എന്താകുമെന്ന്. റെയിൽവെയും സ്വകാര്യവത്കരിക്കുമോയെന്നുള്ള ആശങ്ക വ്യാപകമായി  ഉയർന്നിരുന്നു. രാജ്യസഭയിലും ഈ ചോദ്യം ശക്തമായി ഉയർന്നിരുന്നു. ഇത്തരം ആശങ്കള്‍ക്കുള്ള മറുപടിയുമായി കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. 

ചോദ്യോത്തര വേളയിലായിരുന്നു പിയൂഷ് ഗോയലിന്‍റെ പ്രഖ്യാപനം. ഇന്ത്യൻ റെയിൽവെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ഇപ്പോൾ കേന്ദ്രസർക്കാർ എടുത്തിട്ടില്ല. എന്നാൽ റെയിൽവെ വഴിയുള്ള സേവനങ്ങൾ പുറംകരാർ നൽകാനാണ് തീരുമാനം. റെയിൽവെയുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കാനാണ് ഈ നീക്കം കൊണ്ട് ലക്ഷ്യമാക്കുന്നത്. വിവിധ സേവനങ്ങൾക്കുള്ള കരാർ എടുക്കുന്ന വ്യക്തികൾക്ക് റെയിൽവെ ലൈസൻസ് നൽകും. ഇവരായിരിക്കും സേവനങ്ങള്‍ക്കുള്ള നിരക്ക് നിശ്ചയിക്കുകയെന്നും കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡിയും വ്യക്തമാക്കി. 

"ഓൺ ബോർഡ് സേവനങ്ങളും വാണിജ്യ സേവനങ്ങളും മാത്രമാണ് പുറംകരാർ നൽകുന്നത്. ഉടമസ്ഥത എപ്പോഴും സർക്കാരിന്റെ പക്കലായിരിക്കും. ലൈസൻസ് നൽകുക മാത്രമാണ് സർക്കാർ ചെയ്യുന്നത്." ഈ ലൈസൻസ് എടുക്കുന്നവരാണ് പുതിയ നിരക്ക് കൊണ്ടുവരികയെന്നും റെയിൽവെ സഹമന്ത്രി വിശദമാക്കി. "നിലവിലെ റെയിൽവെ ജീവനക്കാരെ ഇത് ബാധിക്കില്ല. സേവന ദാതാക്കളായെത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ മികച്ച സേവനം നൽകുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. സ്വകാര്യ സേവന ദാതാക്കൾക്കെതിരായ പരാതി കേൾക്കാൻ ഇന്ത്യൻ റെയിൽവെയുടെ അതോറിറ്റി ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത 12 വർഷത്തേക്ക് റെയിൽവെ പ്രവർത്തിക്കണമെങ്കിൽ ചുരുങ്ങിയത് 50 ലക്ഷം കോടി രൂപയുടെ ചിലവുണ്ടെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. "നിലവിലെ സാഹചര്യത്തിൽ സർക്കാരിന് ഒറ്റയ്ക്ക് ഈ തുക താങ്ങാനാവുന്നതല്ല. മികച്ച സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അല്ലാതെ സ്വകാര്യവത്കരണമല്ല. ഇന്ത്യൻ റെയിൽവെ ഇപ്പോഴും എപ്പോഴും ഇന്ത്യയുടെയുംഇന്ത്യാക്കാരുടെയും സ്വത്തായിരിക്കും." പിയൂഷ് ഗോയല്‍ പറഞ്ഞു. 

ഓരോ ദിവസവും പാർലമെന്റംഗങ്ങൾ ഓരോ പുതിയ ആവശ്യവുമായാണ് റെയിൽവെയെ സമീപിക്കുന്നത്. ആയിരക്കണക്കിന് പുതിയ ട്രെയിനുകളും നിക്ഷേപങ്ങളും ആവശ്യമായി വരും. റെയിൽവെ ഇന്ത്യയുടെ സ്വത്തായി നിലനിർത്തിക്കൊണ്ട് തന്നെ, സ്വകാര്യവ്യക്തികൾ നിലവിലെ സംവിധാനം പ്രവർത്തിപ്പിക്കാൻ തയ്യാറായി വരികയാണെങ്കിൽ അതിൽ നിന്നും ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാകുമെന്നും പിയൂഷ്ഗോയൽ കൂട്ടിച്ചേര്‍ത്തു.
 

click me!