എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്? കാരണങ്ങൾ അറിയാം

By Web TeamFirst Published Jul 15, 2022, 4:54 PM IST
Highlights

ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഡോളറുമായുള്ള രൂപയുടെ വിനിമയം നടക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് എന്തുകൊണ്ടാണ്?
 

രൂപയുടെ (Rupee) മൂല്യം ദിനപ്രതി കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഡോളറുമായുള്ള (Dollar) രൂപയുടെ വിനിമയം നടക്കുന്നത്. ഒരു ഡോളറിന് 79.99 എന്ന നിരക്കിലാണ് ഇന്ന് രൂപയുടെ മൂല്യം. താമസിയാതെ തന്നെ രൂപയുടെ മൂല്യം 80 കടക്കും. 82 ലേക്ക് രൂപയുടെ മൂല്യം ഇടിയുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.  

എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്? 

ഇന്ത്യൻ രൂപയുടെ മൂല്യം, യുഎസ് ഡോളറിനെ അപേക്ഷിച്ച് ഡിമാൻഡ് ആൻഡ് സപ്ലൈ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഡോളറിന് ഉയർന്ന ഡിമാൻഡ് ഉണ്ടാകുമ്പോൾ, രൂപയുടെ മൂല്യം കുറയുന്നു. ഇത് തിരിച്ചും അങ്ങനെയാണ്. 2022 ആരംഭം മുതൽ തന്നെ രൂപ ദുർബലമായിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം അന്തരാഷ്ട്ര തലത്തിലുള്ള വിതരണ ശൃഖലയെ ബാധിച്ചതും നാണയപ്പെരുപ്പവും ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയെ ബാധിച്ചിട്ടുണ്ട്. 

Read Also: 79.99 ൽ രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്

കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്താൽ, ഡോളറിന്റെ ഡിമാൻഡ് കൂടുതലായിരിക്കും. അതായത് വ്യാപാരങ്ങൾ കൂടുതലും ഡോളറിലാണ് നടക്കുന്നത്. അങ്ങനെ വരുമ്പോൾ ഡോളറിനെതിരെ ആഭ്യന്തര കറൻസിയുടെ മൂല്യം കുറയും.

മറ്റൊരു പ്രധാന കാരണം, രാജ്യത്തെ വിദേശ നിക്ഷേപങ്ങളിൽ ഉണ്ടായ പിൻവലിയൽ ആണ്. ഈ വർഷം 30 ബില്യൺ ഡോളറിലധികം മൂല്യമുള്ള വിദേശ നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടതിനാൽ  ആഭ്യന്തര വിപണികളിൽ വിദേശ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. വിദേശ നിക്ഷേപങ്ങൾ കുറഞ്ഞത്  രൂപയുടെ ഇടിവിന് കാരണമായിട്ടുണ്ട് എന്ന് വിദഗ്ധർ പറയുന്നു.

Read Also: റെക്കോർഡിട്ട് വ്യാപാരക്കമ്മി; അനിയന്ത്രിതമായി ഉയർന്ന് ഇറക്കുമതി

ജൂലൈ 26-27 തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് സൂചന. യുഎസ് ഫെഡ്  നിരക്കുകൾ വർധിപ്പിക്കുമെന്നും ഇത് രൂപയെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട് 

രൂപയുടെ മൂല്യമിടിയുന്നത് എങ്ങനെ പരിഹരിക്കാം ?

രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക് എത്തിയതോടെ കഴിഞ്ഞയാഴ്ച സർക്കാർ ചില നടപടികൾ സ്വീകരിച്ചു. സ്വർണത്തിന്റെ കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ചു, പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിയുടെ നികുതി വർദ്ധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്വർണത്തിന്റെ ഇറക്കുമതി നികുതി 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായും ഉയർത്തി. ഇറക്കുമതി നിയന്ത്രിക്കുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.  ഇറക്കുമതി വെട്ടിക്കുറയ്ക്കാനും രൂപയുടെ മൂല്യം ഉയർത്താനും ഭാവിയിൽ തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം കൂടുതൽ ശക്തമായി സർക്കാർ പ്രോത്സാഹിപ്പിച്ചേക്കാം.

Read Also: GST: ജിഎസ്ടി നിരക്ക് വർദ്ധന: അടുത്ത ആഴ്ച മുതൽ വില കൂടുന്ന സാധനങ്ങൾ ഇവയാണ്

click me!