ട്രാഫിക് നിയമം തെറ്റിച്ചത് 635 തവണ, പിഴ 63,500 രൂപ; ബൈക്ക് ഉടമയെ പിടികൂടിയ പൊലീസ് പെട്ടു

First Published Aug 5, 2018, 1:20 PM IST
Highlights

ഹെൽമെറ്റ് ധരിക്കാതെയും ട്രാഫിക് സിഗ്നൽ തെറ്റിച്ചും 635 തവണയാണ് ഇയാൾ നിയമം ലംഘിച്ചത്. റോ‍‍ഡിലെ സിസിടിവി ക്യാമറകളിലൂടെയാണ് നിയമ ലംഘനങ്ങൾ നടത്തിയ വാഹനത്തെ പൊലീസ് കണ്ടെത്തിയത്. ഇയാൾ നടത്തിയ നിയമലംഘനത്തിനെല്ലാം ചേർത്ത് 63500 രൂപയാണ് പൊലീസ് പിഴയിട്ടത്. 

മൈസൂർ: ട്രാഫിക് നിയമം തെറ്റിച്ച് നിരത്തിലൂടെ വിലസി നടന്ന സ്കൂട്ടർ യാത്രികൻ ഒടുവിൽ മൈസൂർ പൊലീസിന്റെ കയ്യിലകപ്പെട്ടു. പൊലീസ് പരിശോധനക്കിടെ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പെറ്റി അടയ്ക്കാന്‍ വാഹന നമ്പറും മറ്റും വിശദമായി പരിശോധിച്ചപ്പോഴാണ് തങ്ങൾ ഇത്രയും നാൾ തേടിക്കൊണ്ടിരിക്കുന്ന സ്ഥിരം പുള്ളിയാണിതെന്ന് പൊലീസിന് മനസിലായത്. 

ഹെൽമെറ്റ് ധരിക്കാതെയും ട്രാഫിക് സിഗ്നൽ തെറ്റിച്ചും 635 തവണയാണ് ഇയാൾ നിയമം ലംഘിച്ചത്. റോ‍‍ഡിലെ സിസിടിവി ക്യാമറകളിലൂടെയാണ് 
നിയമ ലംഘനങ്ങൾ നടത്തിയ വാഹനത്തെ പൊലീസ് കണ്ടെത്തിയത്. ഇയാൾ നടത്തിയ നിയമലംഘനത്തിനെല്ലാം ചേർത്ത് 63500 രൂപയാണ് പൊലീസ് പിഴയിട്ടത്. തുക ഇയാളുടെ കയ്യിൽ നിന്നും ഈടാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.  

എന്നാൽ പിഴ അടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്ന ഉടമ പിഴതുക കേട്ടതോടെ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതോടെ ഉടമസ്ഥനില്ലാതെ പിഴ എങ്ങനെ അടപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഉടമസ്ഥന്റെ കൈയില്‍ നിന്ന് പണം കിട്ടിയില്ലെങ്കില്‍ പിഴ തുക ലഭിക്കാന്‍ പിടിച്ചെടുത്ത വണ്ടി ലേലത്തില്‍ വിൽക്കണം. എന്നാൽ മൂന്നു വർഷത്തിൽ അധികം പഴക്കമുള്ള സ്കൂട്ടർ ലേലത്തിൽ വിറ്റാലും ഇത്രയും വലിയ തുക ലഭിക്കില്ല. കൂടാതെ കാലങ്ങളായി ഇന്‍ഷൂറന്‍സ് അടയ്ക്കാത്തതിനാല്‍ വില്‍പ്പനയും അത്ര എളുപ്പത്തില്‍ നടക്കില്ല.  ഉടമ മുങ്ങിയെങ്കിലും വാഹനത്തിന്റെ ആർസി ബുക്കിലെ വിവരങ്ങൾ വെച്ച് ഉടമയ്ക്കെതിരെ നോട്ടീസ് അയച്ച് പൊലീസ് കേസ് എടുത്തിട്ടുണ്ട്.   

click me!