Latest Videos

നാലേനാല് വോട്ടര്‍മാരുള്ള നാട്; അവിടെ പോളിംഗ് ബൂത്ത് സ്ഥാപിക്കാന്‍ ഒരു സാഹസികയാത്രയും

By Web TeamFirst Published Nov 7, 2018, 5:29 PM IST
Highlights

ഇവിടെ പോളിംഗ് ബൂത്ത് സ്ഥാപിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ ഒരു സാഹസികമായ കാനനയാത്രയ്ക്ക് തയ്യാറാകണം. മെയിന്‍ റോഡില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകത്തുചെന്നാല്‍ പിന്നെ, കാടും, കുന്നുകളുമാണ്. നിറയെ പാറക്കെട്ടുകളുള്ള കുന്നുകളിലൂടെ ഏതാണ്ട് ആറ് കിലോമീറ്റര്‍ പോകണം

കൊരിയ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏതുനാട്ടിലായാലും എത്ര ഉള്‍പ്രദേശമാണെങ്കിലും വോട്ടര്‍മാര്‍ക്ക് വേണ്ട സൗകര്യമൊരുക്കുകയെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി. ഇനി വോട്ടര്‍മാരുടെ എണ്ണം കുറവാണെന്ന് വച്ച് ആ ബൂത്ത് കണ്ടില്ലെന്ന് നടിക്കാന്‍ വയ്യല്ലോ. 

അത്തരത്തില്‍ രസകരമായ ഒരു വാര്‍ത്തയാണ് ഛത്തീസ്ഗഢിലെ ഭരത്പൂര്‍- സോന്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് വരുന്നത്. ഇവിടെ ശെരണ്‍ദന്ദ് എന്ന് പേരുള്ള ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തില്‍ ആകെയുള്ളത് നാല് വോട്ടര്‍മാരാണ്. ഇതില്‍ മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളും. 

ഗ്രാമത്തിന്റെ ഭൂരിഭാഗവും കാടാണ്. ഇവിടെ പോളിംഗ് ബൂത്ത് സ്ഥാപിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ ഒരു സാഹസികമായ കാനനയാത്രയ്ക്ക് തയ്യാറാകണം. മെയിന്‍ റോഡില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകത്തുചെന്നാല്‍ പിന്നെ, കാടും, കുന്നുകളുമാണ്. നിറയെ പാറക്കെട്ടുകളുള്ള കുന്നുകളിലൂടെ ഏതാണ്ട് ആറ് കിലോമീറ്റര്‍ പോകണം. തീര്‍ന്നില്ല, പിന്നെയൊരു പുഴയും കടക്കണം. 

ഇങ്ങനെയെല്ലാം അതിസാഹസികമായി പോയി അവിടെ പോളിംഗ് ബൂത്ത് സ്ഥാപിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്‍.കെ ദഗ്ഗ അറിയിച്ചു. പോളിംഗ് നടക്കുന്ന ദിവസത്തിന് മുമ്പേ തന്നെ അവിടെ ചെന്ന് നാല് വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാനായി ഒരു ടെന്റ് സ്ഥാപിക്കാനാണ് തീരുമാനം. 

ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടിംഗ് നടക്കുക. നവംബര്‍ 12, 20 തീയ്യതികളിലായാണ് പോളിംഗ്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.
 

click me!