ദിലീപിനെതിരായ നടപടിയില്‍ തീരുമാനം വേണം: 'അമ്മ'യ്ക്ക് വീണ്ടും നടിമാരുടെ കത്ത്

By Web TeamFirst Published Oct 6, 2018, 12:12 PM IST
Highlights

അഭിഭാഷകരില്‍ നിന്നും ലഭിച്ച നിയമോപദേശവും സമാനമായ കേസുകളില്‍ പ്രമുഖ സംഘടനകള്‍ സ്വീകരിച്ച അച്ചടക്ക നടപടികളും ചൂണ്ടിക്കാട്ടികൊണ്ടുള്ള വിശദമായ കത്താണ് നടിമാര്‍ക്ക് വേണ്ടി പത്മപ്രിയ ഇന്നലെ നല്‍കിയത്. 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച്ചയ്ക്ക് അകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ എന്നിവര്‍ എ.എം.എ.എയ്ക്ക് കത്ത് നല്‍കി. എ.എം.എം.എയുടെ ഭാരവാഹിയോഗം ഇന്ന് ചേരാനിരിക്കേയാണ് നടിമാര്‍ അമ്മ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഇതു മൂന്നാം തവണയാണ് നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം തെളിയുന്ന വരെ ദിലീപിനെ താരസംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് നടിമാര്‍ ആവശ്യപ്പെടുന്നത്. കൊച്ചിയില്‍ ഓഗസ്റ്റില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഇതിന്‍റെ നിയമവശം പരിശോധിക്കണമെന്നാണ് അമ്മ ഭാരവാഹികള്‍ അറിയിച്ചത്. .

ചൊവ്വാഴ്ച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം വേണമെന്ന് ആവശ്യപ്പെടുക വഴി കടുത്ത നിലപാടിലേക്കും പരസ്യപ്രതിഷേധത്തിലേക്കും തങ്ങള്‍ പോകുമെന്ന സൂചനയാണ് നടിമാര്‍ നല്‍കുന്നത്.  ദിലീപ് സംഘടനയില്‍ നിന്നും സ്വയം പുറത്തു പോയ സ്ഥിതിക്ക് ഇനിയൊരു പുറത്താക്കല്ലിന്‍റെ ആവശ്യമില്ലെന്നാണ് അമ്മ ഭാരവാഹികള്‍ നേരത്തെ ചര്‍ച്ചയില്‍ പറഞ്ഞിരുന്നത്. 

ഈ വാദം പൊളിക്കാനായി സുപ്രീംകോടതി അഭിഭാഷകരുമായി നടിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. അഭിഭാഷകരില്‍ നിന്നും ലഭിച്ച നിയമോപദേശവും സമാനമായ കേസുകളില്‍ പ്രമുഖ സംഘടനകള്‍ സ്വീകരിച്ച അച്ചടക്ക നടപടികളും ചൂണ്ടിക്കാട്ടികൊണ്ടുള്ള വിശദമായ കത്താണ് നടിമാര്‍ക്ക് വേണ്ടി പത്മപ്രിയ ഇന്നലെ നല്‍കിയത്. 

അതേസമയം രാവിലെ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട എ.എം.എം.എ പ്രസിഡന്‍റ്  മോഹന്‍ലാല്‍ ദിലീപിനെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് നിയമോപദേശം ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് എന്നാല്‍ അതെന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. വൈകിട്ട് ഏഴ് മണിക്കാണ് അമ്മ ഭാരവാഹികളുടെ യോഗം. 

click me!