അജിതയുടെ ഭര്‍ത്താവാണെന്ന് അവകാശവാദം, മൃതദേഹം വിട്ടുനല്‍കണമെന്ന് വിനായകം

By Web DeskFirst Published Dec 7, 2016, 8:51 AM IST
Highlights

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്‍കരിക്കുന്നതിന് പൊലീസ് തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഭര്‍ത്താവാണെന്ന അവകാശവാദവുമായി തമിഴ്‍നാട് മാവോയിസ്റ്റ് സംഘടനാ നേതാവ്. അജിതയുടെ മൃതദേഹം വിട്ടുനല്‍കണമെന്ന്  സിപിഐഎംഎല്‍ പീപ്പിള്‍സ് ലിബറേഷന്‍ നേതാവ് വിനായകം ആവശ്യപ്പെട്ടു.  ഒളിവിലായിരുന്നപ്പോള്‍ അജിതയെ വിവാഹം ചെയ്‍തിരുന്നെന്നും വിനായകം  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാവോയിസ്റ്റ് അജിതയുടെ മൃതദേഹം കാണാനോ ഏറ്റുവാങ്ങാനോ അവകാശികളാരും എത്തിയിരുന്നില്ല. ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ലെങ്കില്‍ പൊലീസ് തന്നെ സംസ്‍കരിക്കാനാണ് തീരുമാനം. മൃതദേഹം ഏറ്റുവാങ്ങാനുള്ള സന്നദ്ധത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ക്കു മാത്രമേ വിട്ടുനല്‍കൂയെന്ന നിലപാടിലാണ് പൊലീസ്. ഈ ഘട്ടത്തിലാണ് അജിതയുടെ ഭര്‍ത്താവാണെന്നറിയിച്ച് ചെന്നൈസ്വദേശിയും, പീപ്പിള്‍സ് ലിബറേഷന്‍സ് നേതാവുമായ വിനായകം രംഗത്തെത്തിയിരിക്കുന്നത്. 2002 സെപ്റ്റബറില്‍ അജിതെയ വിവാഹം കഴിച്ചുവെന്നാണ് വിനായകം പറയുന്നത്. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  രണ്ടു മാസം കഴിഞ്ഞ് ഇരുവരും അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയശേഷം ആറു വര്‍ഷം ഒന്നിച്ച് താമസിച്ചെന്നും, അതിനുശേഷമാണ് അജിത കുപ്പുദേവരാജന്‍റെ സംഘത്തിലെത്തിയതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്‍തിട്ടില്ല

വിവാഹിതരായതിന്‍റെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിനായകത്തിന്‍റെ വാദം പ    ലീസ് അംഗീകരിക്കാനിടയില്ല. നേരത്തെ ബന്ധം തെളിയിക്കുന്ന രേഖകള്‍ ലഭിച്ചശേഷമാണ് കുപ്പുദേവരാജന്‍റെ മൃതദേഹം കാണാന്‍ സഹോദരനെ പൊലീസ് അനുവദിച്ചത്.  മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ നാളെ വരെ സൂക്ഷിക്കാനാണ് നിലവിലെ തീരുമാനം.

click me!