എഴുപതാം റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകാനായി ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ സംഘവും

By Web TeamFirst Published Jan 25, 2019, 8:10 PM IST
Highlights

ഏഴ് ദിവസത്തെ പര്യടനത്തിയ സംഘത്തിന് നാവിക സേനാ ഉപമേധാവി സ്വീകരണം നല്‍കി. രാജ്യത്തിന്‍റെ എഴുപതാം റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകുന്ന ആവേശത്തിലാണ് വിദ്യാര്‍ത്ഥികള്‍.

ദില്ലി: എഴുപതാം റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകുന്നതിനായി ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ സംഘം ദില്ലിയിലെത്തി. ഏഴ് ദിവസത്തെ പര്യടനത്തിയ സംഘത്തിന് നാവിക സേനാ ഉപമേധാവി സ്വീകരണം നല്‍കി. രാജ്യത്തിന്‍റെ എഴുപതാം റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകുന്ന ആവേശത്തിലാണ് വിദ്യാര്‍ത്ഥികള്‍.

ഭാരതത്തിന്‍റെ പൈതൃക ശേഷിപ്പുകളിലൂടെയും ഭരണസംവിധാനങ്ങളേയും നേരിട്ടറിയാന്‍ 20 ഗള്‍ഫ് വിദ്യാര്‍ത്ഥികളുമായുള്ള പിടിബി സംഘം രാവിലെയാണ് ദില്ലിയില്‍ വിമാനമിറങ്ങിയത്. അന്താരാഷ്ട്രാ വിമാനത്താവളത്തിലെത്തിയ പ്ര‍ൌഡ് ടുബി ആന്‍ ഇന്ത്യന്‍ സംഘത്തെ  ദില്ലി മലയാളി അസോസിയേഷന്‍  പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

നാവികസേനാ ഉപമേധാവി പി. അജിത്കുമാറുമായുള്ള കൂടിക്കാഴ്ചയോടെയാണ് ഏഴുദിവസം നീളുന്ന പര്യടനത്തിന് തുടക്കം കുറിച്ചത്. നാവികസേനയുടെ ചരിത്രവും പരിശീലനവും അഭ്യാസങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് വിവരിച്ച അദ്ദേഹം പുതുതലമുറയെ സേനയിലേക്ക് സ്വാഗതം ചെയ്താണ് യാത്രയാക്കിയത്.

തുടര്‍ന്ന് സംഘം ഇന്ദിരാഗാന്ധി മ്യൂസിയം സന്ദര്‍ശിച്ചു. ഇന്ത്യയുടെ കരുത്തുറ്റ പ്രധാനമന്ത്രിയുടെ ചരിത്രമുറങ്ങുന്ന കാഴ്ചകള്‍ മനസ്സിലും കാമറകളിലും നിറച്ചാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. റിപ്പബ്ളിക്ക് ദിന പരേഡിന് ശേഷം പിടിബി സംഘം സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ നാളെ വൈകീട്ട് അഹമ്മദാബാദിലേക്ക് തിരിക്കും.

click me!