ബ്രൂണെയില്‍ സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാന്‍ നിയമം

By Web TeamFirst Published Mar 29, 2019, 10:18 AM IST
Highlights

 മോഷണക്കുറ്റത്തിന് പിടിക്കപ്പെടുന്നവരുടെ വലതു കൈയും ഇടതുകാലും മുറിച്ച് മാറ്റണമെന്ന നിയമം നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. ഇതോടൊപ്പമാണ് സ്വവര്‍ഗരതിക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കാനും ബ്രൂണെ ഭരണകൂടം തീരുമാനമെടുത്തത്. 

ക്വാലാലംപുര്‍(മലേഷ്യ): സ്വവര്‍ഗരതിക്കും വ്യഭിചാരത്തിനും കര്‍ശന ശിക്ഷയുമായി ബ്രൂണെ ഭരണകൂടം. കുറ്റക്കാരെ കല്ലെറിഞ്ഞ് കൊല്ലാനാണ് ബ്രൂണെയിലെ പുതിയ നിയമം അനുശാസിക്കുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ ഈ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും. 

ശരീഅത്ത് നിയമം പിന്തുടരുന്ന ബ്രൂണെയില്‍ വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കര്‍ശന ശിക്ഷ നല്‍കാന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു.സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ ഭരിക്കുന്ന ബ്രൂണെയില്‍ സ്വവര്‍ഗരതി നേരത്തെ തന്നെ നിയമ വിരുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ വധശിക്ഷ  നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.  മോഷണക്കുറ്റത്തിന് പിടിക്കപ്പെടുന്നവരുടെ വലതു കൈയും ഇടതുകാലും മുറിച്ച് മാറ്റണമെന്ന നിയമം നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. ഇതോടൊപ്പമാണ് സ്വവര്‍ഗരതിക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കാനും ബ്രൂണെ ഭരണകൂടം തീരുമാനമെടുത്തത്. 

പുതിയ നിയമപരിഷ്‌കാരമനുസരിച്ച് മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചുമാറ്റും. രണ്ടാമതും മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഇടതുകാലും അറുത്തുമാറ്റും. 

എന്നാല്‍ കഴിഞ്ഞ ഡിസംബറിലാണ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന നിയമം നടപ്പിലാക്കാന്‍ നിര്‍ദേശമുയര്‍ന്നത്. ഇതനുസരിച്ച് ഭരണകൂടം പുതിയ നിയമങ്ങളും വകുപ്പുകളും നിര്‍മ്മിക്കുകയും ചെയ്തു. ഏപ്രില്‍ മൂന്നിന് പരിഷ്‌കരിച്ച നിയമങ്ങളെ സംബന്ധിച്ചും പുതിയ ശരീഅത്ത് നിയമാവലിയെ സംബന്ധിച്ചും ബ്രൂണെ സുല്‍ത്താന്‍ പ്രഖ്യാപനം നടത്തും. അതേസമയം സ്വവര്‍ഗരതിക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധിച്ചു.

വധശിക്ഷ നടപ്പിലാക്കുന്നത് മനുഷ്യത്വരഹിതമായ  പ്രവൃത്തിയാണെന്നും ഇത് രാജ്യത്തിന്‍റെ പുരോഗതിയ്ക്ക് തടസ്സമാണെന്നുമാണ്  നിയമത്തെ എതിര്‍ക്കുന്നവരുടെ വാദം. സംഭവം വിവാദമായതോടെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത് അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ബ്രൂണെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഏപ്രില്‍ മൂന്നിന് ബ്രൂണെ സുല്‍ത്താന്‍ പുതിയ നിയമത്തെ സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചത്. 

click me!