കർദ്ദിനാൾ ആലഞ്ചേരിക്കെതിരായ കേസിൽ വഴിത്തിരിവ്; ബാങ്ക് അക്കൗണ്ട് വ്യാജം

By Web TeamFirst Published Apr 28, 2019, 3:13 PM IST
Highlights

കർദ്ദിനാളിന് ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ട് ഇല്ലെന്നും രേഖകൾ വ്യാജമെന്നുമാണ് പൊലീസ് കണ്ടെത്തൽ. സഭാ ഭൂമി ഇടപാടിന് പിന്നാലെ രഹസ്യബാങ്ക് അക്കൗണ്ടിലൂടെ ഇടപാട് നടന്നെന്നായിരുന്നു വിമതവിഭാഗം വൈദികരുടെ ആരോപണം.

കൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിലെ അന്വേഷണം വഴിത്തിരിവിൽ. കർദ്ദിനാളിന് ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ട് ഇല്ലെന്നും രേഖകൾ വ്യാജമെന്നുമാണ് പൊലീസ് കണ്ടെത്തൽ. സഭാ ഭൂമി ഇടപാടിന് പിന്നാലെ രഹസ്യബാങ്ക് അക്കൗണ്ടിലൂടെ ഇടപാട് നടന്നെന്നായിരുന്നു വിമതവിഭാഗം വൈദികരുടെ ആരോപണം.

ഭൂമി ഇടപാടിന് പിന്നാലെ സിറോ മലബാർ സഭയെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു വ്യാജ രേഖാ വിവാദം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി രഹസ്യ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങൾ ഇടപാട് നടത്തിയെന്ന് ആരോപിക്കുന്നതായിരുന്നു രേഖകൾ. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്ലബ്ബ് മെബർഷിപ്പിനായി കർദ്ദിനാൾ ഉൾപ്പെടെയുള്ള ചില ബിഷപ്പുമാർ ഈ  അക്കൗണ്ടിലൂടെ പണം കൈമാറിയെന്നും രേഖകൾ പറയുന്നു.

സഭയുടെ മുൻ വക്താവ് കൂടിയായ ഫാദർ പോൾ തേലക്കാട്ടാണ് ജനുവരിയിൽ നടന്ന സഭാ സിനഡിന് മുൻപാകെ രേഖകൾ ഹാജരാക്കുന്നത്.എന്നാൽ തനിക്ക് ഇങ്ങനെയൊരു അക്കൗണ്ടില്ലെന്നും രേഖകൾ വ്യാജമെന്നും കർദ്ദിനാൾ സിനഡിനെ അറിയിച്ചു. തുടർന്നാണ് അന്വേഷണത്തിന് സഭ നേതൃത്വം ഒരുങ്ങിയത്.

വൈദികനായ ജോബി മാപ്രക്കാവിലിന്‍റെ പരാതിയിൽ ഫാദർ പോൾ തേലക്കാടിനെയും,അപോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മാനത്തോടത്തിനെയും പ്രതിയാക്കി പൊലീസ് കേസെടുത്തു.പ്രാഥമിക അന്വേഷണത്തിൽ തന്നെ സിനഡിൽ വൈദികർ ഹാജരാക്കിയ രേഖകൾ വ്യാജമെന്ന് പൊലീസ് കണ്ടെത്തി.കർദ്ദിനാളിന് ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ടില്ലെന്നും ഇത്തരത്തിൽ ഇടപാടും നടന്നിട്ടില്ലെന്നും ആണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഫാദർ പോൾ തേലക്കാട്ടിന്  ഈ രേഖകൾ എവിടെ നിന്ന് ലഭിച്ചുവെന്നും പൊലീസ് ഇപ്പോൾ പരിശോധിക്കുന്നുണ്ട്.

എന്തെങ്കിലും ഗൂഡാലോചന ഇതിന് പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.ഇതിന്‍റെ ഭാഗമായി മാർ ജോർജ്ജ് ആലഞ്ചേരിയിൽ നിന്നും,ഇന്ത്യൻ കാത്തലിക് ഫോറം ഭാരവാഹികളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. പരാതിക്കാരനും സഭയുടെ ഇന്‍റർനെറ്റ് മിഷൻ ഡയറക്ടറുമായ ഫാദർ ജോബി മാപ്രക്കാവിലിന്‍റെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.

click me!