പ്രളയബാധിതരെ സഹായിക്കാനായി കേന്ദ്രം കേരളത്തിന് അനുവദിച്ച അരി സൗജന്യമായിട്ടല്ല

Aug 21, 2018, 6:37 PM IST

പ്രളയബാധിതരെ സഹായിക്കാനായി കേന്ദ്രം കേരളത്തിന് അനുവദിച്ച അരി സൗജന്യമായിട്ടല്ല. കേന്ദ്ര ഉത്തരവ് അനുസരിച്ച് കിലോയ്ക്ക് 25 രൂപ നിരക്കില്‍ പിന്നീട് നല്‍കണം. അരി സൗജന്യമായി നല്‍കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. 

ഒരു ലക്ഷം മെട്രിക് ടണ്‍ അരി വേണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 89549 മെട്രിക് ടണ്‍ അരി ആണ് കേന്ദ്രം അനുവദിച്ചത്. ഇപ്പോള്‍ പണം നല്‍കേണ്ടതില്ലെങ്കിലും പിന്നീട് പണം നല്‍കണം. അല്ലാത്ത പക്ഷം കേരളത്തിന് അനുവദിച്ച വിഹിതത്തില്‍നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. 

കേന്ദ്രസഹായം ഉണ്ടെങ്കിലും അത് സൗജന്യമല്ലാത്തത് ആസയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല, നിലവില്‍ കേരളത്തിന് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വിഹിതപ്രകാരം അരി കിലോയ്ക്ക് മൂന്ന് രൂപയാണ്. എന്നാല്‍ ഈ പ്രളയ ദുരിതം നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിന് നല്‍കുന്ന അരി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് കേന്ദ്രം നല്‍കുന്നത്. 

ഈ പ്രശ്നം കേന്ദ്രത്തിന്‍റെ മുമ്പില്‍ ഉന്നയിക്കാന്‍ ആണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നാണ് സൂചന. പ്രളയത്തെ തുടര്‍ന്ന് സര്‍വ്വ കക്ഷിയോഗം നടക്കുകയാണ്. യോഗത്തില്‍ വിഷയം ഉന്നയിക്കും.