പണത്തിനായി ഏത് പാർട്ടിക്കായും പ്രചാരണം നടത്താം, ന്യായീകരിക്കാം; താരങ്ങളെ കുടുക്കി കോബ്രാ പോസ്റ്റ്

By Web TeamFirst Published Feb 19, 2019, 7:09 PM IST
Highlights

ജാക്കി ഷറോഫ്, വിവേക് ഒബ്‍റോയ്, സണ്ണി ലിയോൺ, പൂനം പാണ്ഡെ, രാഖി സാവന്ത് എന്നിങ്ങനെ 36  പ്രമുഖർ പണം വാങ്ങി സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പാർട്ടികൾക്കായി പ്രവർത്തിക്കാൻ തയ്യാറായി.

ദില്ലി: ബോളിവുഡ് സെലിബ്രറ്റികളെ വെട്ടിലാക്കി കോബ്രാ പോസ്റ്റിന്‍റെ പുതിയ ഇൻവസ്റ്റിഗേഷൻ റിപ്പോർട്ട്. പണം വാങ്ങി രാഷ്ട്രീയ പാർട്ടികളുടെ ആശയം പ്രചരിപ്പിക്കാൻ തയ്യാറാകുന്ന സെലിബ്രറ്റികളാണ് കോബ്ര പോസ്റ്റിന്‍റെ ഓപ്പറേഷൻ കരോക്കെയിൽ കുടുംങ്ങിയത്.

അറുപത് മിനുട്ട് ഡോക്യുമെന്‍ററിയിൽ ജാക്കി ഷറോഫും വിവേക് ഒബ്‍റോയിയും സണ്ണി ലിയോണുമുൾപ്പെടെയുള്ള 36  പ്രമുഖർ പണം വാങ്ങി സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പാർട്ടികളുടെ  ആശയപ്രചരണം നടത്താൻ തയ്യാറാകുന്നതിന്‍റെ തെളിവുകളാണുള്ളത്.  

 

ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ പിആർ ഏജന്‍റുമാരെന്ന വ്യാജേനയാണ് കോബ്രപോസ്റ്റ് താരങ്ങളെ സമീപിച്ചത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും രാഷ്ട്രീയ പാർട്ടികൾക്കായി ആശയ പ്രചാരണം നടത്താൻ റിപ്പോർട്ടർമാർ പണം വാഗ്ദാനം ചെയ്യുകയായിരുന്നു. 36 താരങ്ങൾ പണം വാങ്ങി ആശയം പ്രചരിപ്പിക്കാൻ തയ്യാറായി.

പിന്നണി ഗായകരായ അഭിജിത്ത് ഭട്ടാചാര്യ, കൈലാഷ് ഖേർ, ബാബ സെഹ്ഗാൾ, നടന്മാരായ ശക്തി കപൂർ, ജാക്കി ഷറോഫ്, വിവേക് ഒബ്റോയി, സോനു സൂദ്, മഹിമ ചൗധരി, പുനീത് ഇസ്സാർ, സുരേന്ദ്രപാൽ, പങ്കജ് ധീർ, മകൻ നികിതിൻ ധീർ, ടിസ്ക ചോപ്ര, പൂനം പാണ്ഡെ സണ്ണി ലിയോൺ എന്നിങ്ങനെ 36 പേരാണ് കോബ്ര പോസ്റ്റിന്‍റെ ഓപ്പറേഷൻ കരോക്കെയിൽ കുടുങ്ങിയത്.

രാഷ്ട്രീയ പാർട്ടികൾക്കായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കാൻ രണ്ട് ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപവരെയാണ് താരങ്ങൾ ആവശ്യപ്പെട്ടത്. ഇത് ഔദ്യോഗിക പ്രചരണമല്ലെന്നും പിൻവാതിൽ ജോലിയാണെന്നും റിപ്പോ‍ർട്ടർമാ‌ർ വ്യക്തമാക്കുന്നുണ്ട്. ഇലക്ഷന് മുന്നോടിയായുള്ള പ്രചാരണ വേലയാണിതെന്ന് അറിഞ്ഞ് കൊണ്ട് തന്നെ പണം വാങ്ങി ആശയ പ്രചരണം നടത്താൻ ഇവർ തയ്യാറാകുകയായിരുന്നു.

കരാറായ മുഴുവൻ തുണയും പണമായി തന്നെ കയ്യിൽ ഏൽപ്പിക്കണമെന്നാണ് താരങ്ങൾ ആവശ്യപ്പെട്ടത്. കള്ളപ്പണം കൈകാര്യം ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഈ താരങ്ങൾക്കില്ലെന്ന് ഇത് വ്യക്തമാക്കുന്നതായി കോബ്രാ പോസ്റ്റ് ആരോപിക്കുന്നു.

എന്നാൽ വിദ്യാബാലൻ, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ടണ്ഡണ്‍ എന്നിവർ ഈ ആവശ്യവുമായി എത്തിയവരോട് സഹകരിക്കാൻ തയ്യാറല്ലെന്ന് അറിയിക്കുകയും ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു.

click me!