വിദേശികളെ നിയമിക്കുന്നതിലെ നിരോധനം കുവൈറ്റ് ആരംഭിച്ചു

By Web DeskFirst Published Dec 26, 2017, 11:25 PM IST
Highlights

കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ മേഖലയിലെ വിവിധ വകുപ്പുകളില്‍ വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം കുവൈറ്റ് നടപ്പാക്കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. സമ്പൂര്‍ണ കുവൈറ്റ് വത്കരണത്തിന്റെ ഭാഗമായാണ് വിദേശികളുടെ നിയമനം നിരോധിച്ചത്.
കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍റെ നിര്‍ദേശാനുസരണമാണ് വിദേശി നിയമന നിരോധനം സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. 

വിദഗ്‌ധോപദേശകരുടെ കാര്യത്തിലും തീരുമാനം ബാധകമായിരിക്കുമെന്നാണ് അധികൃതരെ ഉദ്ദരിച്ച് പ്രദേശിക അറബ് പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവാസി നിയമന നിരോധന തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയ ചുരുക്കം ചില തസ്തികകളില്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു. 

സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി കുവൈറ്റൈസേഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം വിവിധ സര്‍ക്കാര്‍ ഒഴിവുകളില്‍ സ്വദേശികളെ മാത്രമായി നിയമിക്കുന്നതും ആരംഭിച്ചിരുന്നു. അതോടൊപ്പം, സര്‍ക്കാര്‍ സര്‍വീസിലുള്ള വിദേശികളെ മാറ്റിയശേഷം സ്വദേശികള്‍ക്ക് ആ ജോലി നല്‍കുന്നുണ്ടായിരുന്നു.എന്നിരുന്നാലും, കഴിഞ്ഞ  രണ്ടുവര്‍ഷമായി മന്ദഗതിയില്‍ നടന്നുവന്നിരുന്ന സ്വദേശീവല്‍ക്കരണ പ്രവര്‍ത്തനത്തിനാണ് ഇതോടെ ആക്കം കൂടിയിരിക്കകയാണ്.
 

click me!