മുസ്ലിമിനെ വിവാഹം കഴിച്ചു; ഹിന്ദു സ്ത്രീയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയില്ലെന്ന് ക്ഷേത്രം

By Web TeamFirst Published Aug 10, 2018, 9:44 AM IST
Highlights

പശ്ചിമ ബംഗാളില്‍ വാണിജ്യ നികുതി വിഭാഗത്തില്‍ അസിസ്റ്റന്റ് കമ്മീഷണറായ ഇംതിയാസ് റഹ്മാനും കുടുംബത്തിനുമാണ് ക്ഷേത്ര അധികാരികളില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. കഴിഞ്ഞ ആഴ്ചയാണ് ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇംതിയാസിന്റെ ഭാര്യ നിവേദിത ഘട്ടക് ദില്ലിയില്‍ വച്ച് മരിക്കുന്നത്. ഭാര്യയുടെ വിശ്വാസമനുസരിച്ച് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ശേഷമുള്ള ചടങ്ങുകള്‍ക്കായി ദില്ലിയിലെ ചിത്തരംഞ്ജന്‍ പാര്‍ക്കിലെ കാളി ക്ഷേത്രത്തില്‍ ഇടം ബുക്ക് ചെയ്തിരുന്നു.

ദില്ലി: മുസ്ലിം വിശ്വാസിയെ വിവാഹം ചെയ്തതിനാല്‍ ഹിന്ദു സ്ത്രീയുടെ മരണാനന്തര കര്‍മങ്ങള്‍ ക്ഷേത്രത്തില്‍ ചെയ്യാന്‍ കഴിയില്ലെന്ന് ക്ഷേത്ര അധികാരികള്‍. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായ സ്ത്രീ ഹിന്ദു മതാചാരമായിരുന്നു ജീവിതത്തില്‍ പിന്തുടര്‍ന്നിരുന്നത്. പശ്ചിമ ബംഗാളില്‍ വാണിജ്യ നികുതി വിഭാഗത്തില്‍ അസിസ്റ്റന്റ് കമ്മീഷണറായ ഇംതിയാസ് റഹ്മാനും കുടുംബത്തിനുമാണ് ക്ഷേത്ര അധികാരികളില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. 

കഴിഞ്ഞ ആഴ്ചയാണ് ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇംതിയാസിന്റെ ഭാര്യ നിവേദിത ദില്ലിയില്‍ വച്ച് മരിച്ചത്. ഭാര്യയുടെ വിശ്വാസമനുസരിച്ച് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ശേഷമുള്ള ചടങ്ങുകള്‍ക്കായി ദില്ലിയിലെ ചിത്തരംഞ്ജന്‍ പാര്‍ക്കിലെ കാളി ക്ഷേത്രത്തില്‍ ആയിരത്തിമുന്നൂറ് രൂപ അടച്ചിരുന്നു. ആഗസ്റ്റ് 12 നായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ബുക്കിങ് റദ്ദാക്കിയെന്ന് ക്ഷേത്രത്തില്‍ നിന്ന് അറിയിക്കുകയായിരുന്നു.  മുസ്ലിം ആണെന്ന വസ്തുത മറച്ച് വച്ചാണ് ഇംതിയാസ് റഹ്മാന്‍ മരണാനന്തര ചടങ്ങുകള്‍ക്കായി ക്ഷേത്രത്തെ സമീപിച്ചതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ആരോപിക്കുന്നത്. മുസ്ലിം വിശ്വാസിയെ വിവാഹം ചെയ്തതോടെ യുവതി സ്വാഭാവികമായും ഹിന്ദു മതത്തിന് പുറത്തായെന്നും ക്ഷേത്ര ഭാരവാഹികള്‍ വിശദമാക്കുന്നു. 

മരണാനന്തര ചടങ്ങുകള്‍ക്കായുള്ള അപേക്ഷകളില്‍ നിവേദിതയുടെ ഭര്‍ത്താവിന്റെ ഗോത്രം പരിശോധിച്ചപ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നുള്ള വസ്തുത തിരിച്ചറിഞ്ഞതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് കൊണ്ടാണ് മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കാത്തതെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. ഹിന്ദു ആചാരങ്ങള്‍ അനുസരിച്ചാണ് ആ സ്ത്രീ ജീവിച്ചതെന്നതിനെ ഞങ്ങള്‍ മാനിക്കുന്നു,  എന്നാല്‍ ചടങ്ങുകള്‍ നടത്താന്‍ മുസ്ലിം വിശ്വാസികള്‍ ക്ഷേത്രത്തില്‍ കയറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ക്ഷേത്ര അധികാരികള്‍ വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇംതിയാസ് റഹ്മാന്‍ കൊല്‍ക്കത്തയിലുള്ള ക്ഷേത്രങ്ങളെ ഈ ആവശ്യവുമായി സമീപിക്കാതെ ദില്ലിയിലുള്ള ക്ഷേത്രത്തെ സമീപിച്ചതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.

click me!