സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടര്‍ക്കെതിരെ ഇടതു സിന്‍ഡിക്കേറ്റിന്റെ പ്രതികാരനടപടി

By Web DeskFirst Published Aug 4, 2017, 3:41 PM IST
Highlights

തിരുവനന്തപുരം: എം ജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടര്‍ ഡോ. വി.സി ഹാരിസിനെ സ്ഥാനത്ത് നിന്ന് നീക്കി ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ പ്രതികാര നടപടി. യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇടതുപക്ഷ അനുഭാവി കൂടിയായ ഡോ. ഹാരിസിനെ നീക്കം ചെയ്തത്. ഇതിനുപിന്നാലെ, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടപടി എന്നാരോപിച്ച് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ അടക്കം പ്രതിഷേധമാരംഭിച്ചു. സിന്‍ഡിക്കേറ്റിന്റെയും വിസിയുടെയും കച്ചവട, അഴിമതി താത്പര്യങ്ങള്‍ അനുസരിക്കുന്നവരെ കൊണ്ടുവരാനുള്ള നീക്കമാണ് ഇതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. 

പ്രമുഖ അക്കാദമീഷ്യനും മികച്ച അധ്യാപകനും എഴുത്തുകാരനുമായ ഡോ. വിസി ഹാരിസ് ഈ വര്‍ഷം ആദ്യമാണ് ഡയരക്ടര്‍ ആയി നിയമിതനായത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ സീനിയോറിറ്റി പ്രകാരം റൊട്ടേഷന്‍ വ്യവസ്ഥയിലാണ് സര്‍വകലാശാലാ കാമ്പസില്‍ ഡയരക്ടര്‍മാരെ നിയമിക്കുന്നത്. അക്കാദമിക് കാര്യങ്ങളേക്കാള്‍ സര്‍വകലാശാലാ കാമ്പസില്‍ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സിന്‍ഡിക്കേറ്റിന് താല്‍പ്പര്യമെന്ന് ആരോപണം വ്യാപകമായതിനു പിന്നാലെയാണ് ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള സിന്‍ഡിക്കേറ്റ് ഡോ. ഹാരിസിനെതിരെ നടപടി സ്വീകരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് പദ്ധതികളോട് ഡോ. ഹാരിസ് വിയോജിക്കുന്നതാണ് നടപടിക്കു കാരണമെന്നാണ് ആരോപണം. മറ്റ് പല ഡിപ്പാര്‍ട്ട്‌മെന്റ് അധ്യക്ഷന്‍മാരും സിന്‍ഡിക്കേറ്റ് നടപടികള്‍ക്കു മുന്നില്‍ നിശ്ശബ്ദരാവുന്ന സാഹചര്യത്തിലും വിയോജിപ്പുകള്‍ തുറന്നു പറഞ്ഞതാണ് സിന്‍ഡിക്കേറ്റിനെ ചൊടിപ്പിച്ചതെന്ന് പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

ഇതുമായി ബന്ധപ്പെട്ട രണ്ട് ദിവസം മുമ്പ് വന്ന പത്ര വാര്‍ത്തകള്‍ കണ്ടതല്ലാതെ, സ്ഥാനത്തുനിന്ന് നീക്കം ചെയ്‌തെന്ന ഒരുത്തരവും കിട്ടിയിട്ടില്ലെന്ന് ഡോ.വിസി ഹാരിസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരന്വേഷണവും നടന്നിട്ടില്ലെന്നും എന്താണ് കുറ്റമെന്ന് അധികൃതര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിസി പറയുന്ന പരാതികളും മറുപടിയും
എന്നാല്‍, ഡോ. ഹാരിസിനെതിരെ സിന്‍ഡിക്കേറ്റിന്റെ കഴിഞ്ഞ യോഗത്തില്‍ തീരുമാനം ഉണ്ടായതായി വൈസ്  ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. രണ്ട് പരാതികളുടെ അടിസ്ഥാനത്തില്‍ ഡോ. ഹാരിസിനെതിരെ സിന്‍ഡിക്കേറ്റ് അന്വേഷണം നടന്നു വരികയാണെന്നും അതിന്റെ റിപ്പോര്‍ട്ട് അടുത്ത ആഴ്ച പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പ് എന്ത് അടിസ്ഥാനത്തിലാണ് ഡോ. ഹാരിസിനെ നീക്കം ചെയ്തതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി. എന്താണ് പരാതികളെന്ന ചോദ്യത്തിന് വിസി പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് കാമ്പസില്‍ കെട്ടിടം നിര്‍മാണത്തിന് എത്തിയ യൂനിവേഴ്‌സിറ്റി അധികൃതരെ ഡോ. ഹാരിസ് ഓടിച്ചു വിട്ടു. രണ്ട്, നാക്ക് (National Assessment & Accreditation Council )വിസിറ്റിനു മുന്നോടിയായി നടക്കുന്ന മോക് വിസിറ്റിന് എത്തിയവരെ വിരട്ടിയോടിച്ചു. ഇക്കാര്യത്തില്‍ ആരാണ് പരാതികള്‍ നല്‍കിയതെന്ന ചോദ്യത്തിനും വിസി ഉത്തരം നല്‍കിയില്ല. പരാതികള്‍ വന്നാല്‍ അന്വേഷണം നടത്തുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുകയും ചെയ്യുന്ന സാധാരണ സാഹചര്യത്തില്‍നിന്ന് വിരുദ്ധമായി എന്തിനാണ് തിടുക്കപ്പെട്ടുള്ള പുറത്താക്കലെന്ന ചോദ്യത്തിനും വിസി ഒഴിഞ്ഞു മാറി. ഈ പരാതികള്‍ വാസ്തവമാണോ എന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് അതിന്റെ വിശദാംശങ്ങള്‍ ഓര്‍മ്മയില്ല എന്നായിരുന്നു മറുപടി. അന്വേഷണം നടത്തുന്ന സമിതി അംഗങ്ങള്‍ ആരെന്ന ചോദ്യത്തിനും അക്കാര്യം ഓര്‍മ്മയില്ല എന്ന് വിസി മറുപടി നല്‍കി. 

എന്നാല്‍, ഈ രണ്ട് ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഡോ. ഹാരിസ് വ്യക്തമായ മറുപടി നല്‍കി. 

1. ഈയടുത്ത് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിനു പുറകില്‍ മൂന്നാലുപേര്‍ ചുറ്റിത്തിരിയുന്നത് കണ്ടപ്പോള്‍ ഡയരക്ടര്‍ എന്ന നിലയില്‍ ആരാണെന്ന് അന്വേഷിച്ചു. യൂനിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് വിഭാഗത്തിലുള്ളവരാണ് എന്നും ഇവിടെ ഓഡിറ്റോറിയം പണിയുന്നതിന് വന്നതാണെന്നുമായിരുന്നു അവരുടെ മറുപടി.  അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഒരു ഓഡിറ്റോറിയം വേണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നതിനാല്‍, സന്തോഷത്തോടെ തന്നെ, അതിനുള്ള പ്ലാന്‍ ഒന്നിച്ച് തയ്യാറാക്കാമെന്ന് അവരോട് വ്യക്തമാക്കി. എന്നാല്‍, പ്ലാനൊക്കെ തങ്ങള്‍ പൂര്‍ത്തിയാക്കിയതായും ഇവിടെ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുമെന്നുമായിരുന്നു മറുപടി. ലൈബ്രറി കോംപ്ലക്‌സ്, സെമിനാര്‍ ഹാള്‍, തിയറ്ററും സിനിമയും വിഷയമായ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നാടക പ്രവര്‍ത്തനങ്ങള്‍ക്കും സിനിമാ പ്രദര്‍ശനങ്ങള്‍ക്കും അനുയോജ്യമായ ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടുന്ന കോംപ്ലക്‌സാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അതൊക്കെ ഉള്ളതാണോ പ്ലാനെന്നും ചോദിച്ചപ്പോള്‍ അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അക്കാദമിക് ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഓഡിറ്റോറിയമാണ് വരേണ്ടതെന്ന് മറ്റു അധ്യാപകരും അവരോട് ആവശ്യപ്പെട്ടു. അവര്‍ മടങ്ങി. ഇതാണ് കെട്ടിടം നിര്‍മാണത്തിന് എത്തിയവരെ തിരിച്ചയച്ചു എന്ന പരാതിയുടെ വാസ്തവം. 

2. നാക് സന്ദര്‍ശനത്തിനു മുന്നോടിയായി നടക്കുന്ന മോക് വിസിറ്റിന് എത്തിയവരെ ഓടിച്ചുവിട്ടു എന്ന ആരോപണം പച്ചക്കള്ളമാണ്. സംഘത്തില്‍ രണ്ടുപേര്‍ വളരെക്കാലമായി പരിചയമുള്ള സുഹൃത്തുക്കളായിരുന്നു. അവര്‍ വന്നപ്പോള്‍ മറ്റ് അധ്യാപകര്‍ക്കൊപ്പമാണ് സ്വീകരിച്ചത്. ഒരു പ്രശ്‌നവുമില്ലാതെയാണ് അവര്‍ മടങ്ങിയത്. അതിനുശേഷം, മോക് വിസിറ്റ് സംഘത്തോട് അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തി സര്‍വകലാശാല വിശദീകരണം ചോദിച്ചു. തുടര്‍ന്ന് ആ സംഘത്തിലുള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍, അങ്ങനെയൊരു പരാതിയേ നല്‍കിയിട്ടില്ല എന്ന് അവര്‍ മറുപടി നല്‍കി. ഇക്കാര്യങ്ങള്‍ വെച്ച് സര്‍വകലാശാലയ്ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇതിനു ശേഷം ഇക്കാര്യത്തില്‍ ഒരു ആശയവിനിമയവുമുണ്ടായിട്ടില്ല. 

വിദ്യാര്‍ത്ഥി പ്രക്ഷോഭം
അതിനിടെ, സിന്‍ഡിക്കേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ കക്ഷി രാഷ്ടീയ ഭേദമില്ലാതെ പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്. ഡോ. വിസി ഹാരിസിനെ ബലിയാടാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സിന്‍ഡിക്കേറ്റ് തെറ്റു തിരുത്തണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. 

കരാര്‍ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തു വരുന്ന ഒരു ജീവനക്കാരിയെ പിരിച്ചു വിടണം എന്നും പകരം സിന്‍ഡിക്കേറ്റ് നിര്‍ദേശിക്കുന്ന ആളെ നിയമിക്കണം എന്നുമുള്ള ഉത്തരവ് ഡോ. വിസി ഹാരിസ് അനുസരിച്ചില്ല എന്ന ആരോപണവും ഇതിനു കാരണമായതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. വര്‍ഷങ്ങളായി സര്‍വകലാശാലാ ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട്, കരം സിന്‍ഡിക്കേറ്റിന് താല്‍പ്പര്യമുള്ളവരെ നിയമിക്കണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് മിക്ക ഡിപ്പാര്‍ട്ട്‌മെന്റുകളിലും വര്‍ഷങ്ങളുടെ സര്‍വീസുള്ള ജീവനക്കാരെ പോലും പിരിച്ചു വിട്ടു. എന്നാല്‍, അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കാതെ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണെന്ന നിലപാട് ഡോ. ഹാരിസ് കൈക്കൊണ്ടതായി പറയുന്നു. ഇടതുപക്ഷത്തിന് താല്‍പ്പര്യമുള്ള ആളുകളെ നിയമിക്കുന്നതിന് എന്നു പറഞ്ഞ് ഇടതുപക്ഷക്കാരി തന്നെയായ ഒമ്പതു വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരിയെ പിരിച്ചു വിടാനായിരുന്നു സിന്‍ഡിക്കേറ്റ് താല്‍പ്പര്യം. ജീവനക്കാരിയെ പിരിച്ചു വിടുന്നതിനുളള ഉത്തരവില്‍ താനായിട്ട് ഒപ്പിടില്ലെന്നും എന്നാല്‍, സിന്‍ഡിക്കേറ്റിനോ വിസിക്കോ അത് ചെയ്യാമെന്നുമുള്ള ഡോ. ഹാരിസിന്റെ നിലപാടും സിന്‍ഡിക്കേറ്റിനെ ചൊടിപ്പിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മറ്റ് പല ഡയരക്ടര്‍മാരും സിന്‍ഡിക്കേറ്റ് താല്‍പ്പര്യങ്ങള്‍ അതേ പടി അനുസരിക്കുമ്പോള്‍ ഡോ. ഹാരിസ് മാത്രം എതിരഭിപ്രായം ഉയര്‍ത്തുന്നത് സിന്‍ഡിക്കേറ്റിലെ ചിലര്‍ക്ക് അലോസരം ഉണ്ടാക്കിയെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഡോ. ഹാരിസിനെ ഒഴിവാക്കിയാല്‍ സിന്‍ഡിക്കേറ്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ അടക്കമുള്ള പദ്ധതികള്‍ എളുപ്പമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

click me!