കള്ളക്കടത്തിന്റെ ഏതു മാര്‍ഗവും മണം പിടിച്ച് തകര്‍ക്കും; പൊലീസ് നായയ്ക്ക് വന്‍തുക വാഗ്ദാനവുമായി ലഹരിമരുന്ന് മാഫിയ

By Web TeamFirst Published Aug 4, 2018, 3:21 PM IST
Highlights

ലക്ഷക്കണക്കിന്  രൂപ വില വരുന്ന ലഹരിമരുന്നുകളാണ് സോംബ്രാ വിവിധ കള്ളക്കടത്തു സംഘങ്ങളില്‍ നിന്നും കണ്ടെത്തിയത്. വിവധ രീതികള്‍ അവലംബിച്ചിട്ടും സോംബ്രോയുടെ കണ്ണ് തെറ്റിക്കാന്‍ പറ്റാതായതോടെയാണ് കള്ളക്കടത്തുകാര്‍ സോബ്രോയയുടെ തലക്ക് വന്‍തുക വാഗ്ദാനവുമായി എത്തിയത്.

ബൊഗോട്ട: കള്ളക്കടത്ത് സംഘത്തിന്റെ പേടി സ്വപ്നമായി മാറിയ നായയുടെ തലയ്ക്ക് വന്‍തുക വാഗ്ദാനവുമായി കളളക്കടത്ത് മാഫിയ. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ ലഹരിമരുന്ന് വിരുദ്ധ പൊലീസ് സ്ക്വാഡിലെ നായയായ സോംബ്രായുടെ തലയ്ക്കാണ് വിലയിട്ടിരിക്കുന്നത്. 7000 ഡോളര്‍ (ഏകദേശം 4.8 ലക്ഷം രൂപ) ആണ് സോംബ്രായുടെ തലയ്ക്ക് സംഘം വിലയിട്ടത്. ലക്ഷക്കണക്കിന്  രൂപ വില വരുന്ന ലഹരിമരുന്നുകളാണ് സോംബ്രാ വിവിധ കള്ളക്കടത്തു സംഘങ്ങളില്‍ നിന്നും കണ്ടെത്തിയത്. വിവധ രീതികള്‍ അവലംബിച്ചിട്ടും സോംബ്രോയുടെ കണ്ണ് തെറ്റിക്കാന്‍ പറ്റാതായതോടെയാണ് കള്ളക്കടത്തുകാര്‍ സോബ്രോയയുടെ തലക്ക് വന്‍തുക വാഗ്ദാനവുമായി എത്തിയത്. സോംബ്രോയെ കൊല്ലണമെന്ന് നിര്‍ബന്ധമില്ല, തട്ടിയെടുത്താലും മതി അഞ്ച് ലക്ഷം രൂപ സ്വന്തമാക്കാന്‍.

കൊളംബിയയിലെ കുപ്രസിദ്ധ ലഹരിമരുന്ന് ഇടപാട് സംഘമായ ക്ലാന്‍ ഡെല്‍ ഗോള്‍ഫോ ആണ് സോംബ്രായെ ലക്ഷ്യമിട്ട് പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. 2016ല്‍ മാത്രം സംഘത്തിന്റെ 2.9 ടണ്‍ കൊക്കെയ്നാണ് സോംബ്രാ മണത്തുപടിച്ചത്. പഴങ്ങള്‍ കൂട്ടിയിട്ട കുട്ടകളില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചത്. എന്നിട്ടും സോബ്രോയുടെ ഘ്രാണ ശക്തിയെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല. 2017ൽ സാന്റാ മാര്‍ട്ടാ നഗരത്തില്‍നിന്നും സമാനമായ രീതിയിൽ ഒളിപ്പിച്ച് വെച്ച 1.1 ടണ്‍ കൊക്കെയ്നും നായ മണത്തുപിടിച്ചു. ഇതോടെയാണ് സോംബ്രായെ കൊല്ലുകയോ പൊലീസില്‍ നിന്ന് തട്ടിയെടുക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരിക്കുകയാണ് സംഘം.

ജര്‍മന്‍ ഷെപേര്‍ഡ് വിഭാഗത്തില്‍പ്പെട്ട ആറു വയസ്സുകാരിയായ സോംബ്രാ കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊലീസിനൊപ്പമുണ്ട്. നിഴല്‍ എന്നാണ് സോംബ്രായുടെ പേരിനര്‍ത്ഥം. മറ്റു വസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുന്ന മയക്കുമരുന്ന് മണത്തു കണ്ടുപിടിക്കാന്‍ സോംബ്രായ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് ബൊഗോട്ട പൊലീസ് പറഞ്ഞു.  അഞ്ചു വര്‍ഷത്തിനിടെ 9 ടണ്‍ മയക്കുമരുന്ന് കണ്ടെത്തിയതുള്‍പ്പെടെ റെക്കോര്‍ഡ് നേട്ടങ്ങളാണ് സോംബ്രായുടെ പട്ടികയിലുള്ളത്. നൂറു കണക്കിന് മയക്കുമരുന്ന്, കള്ളക്കടത്ത് പദ്ധതികള്‍ തകര്‍ക്കുകയും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  

എന്നാല്‍ സോബ്രോയെ കൊലയ്ക്ക് കൊടുക്കാന്‍ താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥര്‍ നായയെ താല്‍ക്കാലികമായി വിമാനത്താവള സുരക്ഷാ ചുമതലയിലേക്ക് മാറ്റിയിരിക്കുകയാണ്. സോംബ്രായ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുമായും നല്ല ആത്മബന്ധമാണ് ഉള്ളതെന്ന് പൊലീസ് ഉദ്യോഗസ്ഥയായ ജോസ് റൊജാസ് പറയുന്നു.  സോംബ്രയ്ക്ക് മാത്രമല്ല സേനയിലെ മിടുക്കരായ മറ്റു ചില നായകള്‍ക്കും സമാനമായ രീതിയില്‍ ഭീഷണിയുണ്ടായിട്ടുണ്ടെന്നും റൊജാസ് കൂട്ടിച്ചേർത്തു.


 

click me!