മുഖം മറയ്ക്കുന്ന പര്‍ദ്ദ ധരിക്കരുത്; എം ഇ എസ് സര്‍ക്കുലറിനെതിരെ ഇ കെ സുന്നി വിഭാഗം

By Web TeamFirst Published May 2, 2019, 12:48 PM IST
Highlights

സമൂഹമാധ്യമങ്ങള്‍ വലിയ സ്വീകാര്യതയാണ് സര്‍‍ക്കുലറിന് നല്‍കിയതെങ്കിലും യാഥാസ്ഥിതികരായ ഇ കെ സുന്നി വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി.

കോഴിക്കോട്: എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വിലക്കിയതിനെതിരെ ഇ കെ സുന്നി വിഭാഗം രംഗത്ത് . മതാചാരങ്ങളുടെ പേരിലായാലും മുഖം മറച്ചുള്ള വേഷവിധാനം അനുവദിക്കരുതെന്നും അടുത്ത അധ്യയനവര്‍ഷം തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്നുമാണ് എം ഇ എസ് അധ്യക്ഷന്‍ ഡോ ഫസല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. എം ഇ എസ് സ്ഥാപനങ്ങളില്‍ നേരത്തെ നടപ്പാക്കിയ തീരുമാനം രണ്ടാഴ്ച മുമ്പാണ് സര്‍ക്കുലറായി പുറത്തിറക്കിയത്.

കോളജിന്‍റെ നിയമാവലി ഈ നിര്‍ദ്ദേശമുള്‍പ്പെടുത്തി പുതുക്കണമെന്നും പറയുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ വലിയ സ്വീകാര്യതയാണ് സര്‍‍ക്കുലറിന് നല്‍കിയതെങ്കിലും യാഥാസത്ഥികരായ ഇ കെ സുന്നി വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം തന്നെ പര്‍ദ്ദ അബായ  തുടങ്ങിയ വസത്രങ്ങളുടെ ഭാഗമായുള്ള മുഖാവരണം ധരിക്കുന്നത് എം ഇ എസ് സ്ഥാപനങ്ങളില്‍ വിലക്കിയിരുന്നു.

മുസ്ലീം വിഭാഗത്തിന്‍റെ വ്യക്തിത്വം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് എംഇഎസിന്‍റേതെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ്  കുറ്റപ്പെടുത്തി. മതേതരവാദിയാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂറെന്നും സമസ്ത ആരോപിച്ചു. മുഖം മറക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ചുതന്നെ ക്യാമ്പസിലെത്തുമെന്ന്  എസ്കെഎസ്എസ്എഫ്  സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

കേരള ഹൈക്കോടതി വിധി സമാനമായ ഒരു പരാതിയില്‍ ഡ്രസ് കോഡ് തീരുമാനിക്കേണ്ടത് അതാത് മാനേജ്മെന്‍റുകളാണെന്ന് കാണിച്ച് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവ് പുതുക്കുകമാത്രമമാണ് ചെയ്തെന്നാണ് എം ഇസിന്‍റെ വിശദീകരണം. എംഇഎസിന്‍റെ കാര്യത്തില്‍ സമസ്ത ഇടപെടേണ്ടെന്നും ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. 

click me!