
തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിച്ച് അനുമതി നല്കുന്ന സര്‍ക്കാരിന്‍റെ പുതിയ സോഫ്റ്റ് വെയറിനെതിരെ അംഗീകൃത എഞ്ചിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും രംഗത്ത്. സര്‍ക്കാരിന്‍റെ തന്നെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉള്ളപ്പോള്‍ സ്വകാര്യ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് അഴിമതിക്ക് ഇടയാക്കുമെന്നാണ് ആരോപണം.
നിലവില്‍ ഇൻഫമേഷന്‍ കേരളാ മിഷൻ തയ്യാറാക്കിയ ' സങ്കേതം ' എന്ന സോഫ്റ്റ് വെയറും കോഴിക്കോട് കോര്‍പ്പറേഷനും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും ചേര്‍ന്ന് രൂപീകരിച്ച ' സുവേഗ ' എന്ന സോഫ്റ്റ് വെയറുമാണ് കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ക്ക് ഉള്ളത്. വലിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ അപേക്ഷകള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഈ രണ്ട് സോഫ്റ്റ് വെയറുകളും വികസിപ്പിച്ച് വരികയാണ്.
പൊടുന്നനെയാണ് ഗുരുവായൂര്‍, പാലക്കാട്, ആലപ്പുഴ മുൻസിപ്പാലിറ്റികള്‍ ഉള്‍പ്പെടെ, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ ഈ രണ്ട് സ്വതന്ത്ര സോഫ്റ്റ് വെയറുകളും പിൻവലിച്ചത്. പകരം പുതുതായി ഹൈദരാബാദ് ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുടെ ഐബിപിഎംഎസ് എന്ന പേരിലുള്ള സോഫ്റ്റ് വെയര്‍ പ്രാബല്യത്തില്‍ വരുത്തി. ഈ സോഫ്റ്റ് വെയറില്‍ കെട്ടിട പ്ലാൻ വരയ്ക്കുന്ന ഓട്ടോകാഡ് മാത്രമേ അപ് ലോഡ് ചെയ്തിട്ടുള്ളൂ. ഓട്ടോ കാഡ് ലൈസൻസിന് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നല്‍കണം.
തിരുവനന്തപുരം കോര്‍പ്പഷറേഷനില്‍ ഐബിപിഎംഎസ് ഉപയോഗിക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ മാസം ലഭിച്ച 375 കെട്ടിട നിര്‍മ്മാണ അപേക്ഷകളില്‍ നാലെണ്ണത്തിന് മാത്രമാണ് അനുമതി നല്‍കാന്‍ ആയിട്ടുള്ളൂ. സ്വകാര്യ സോഫ്റ്റ് വെയര്‍ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം നിര്‍മ്മാണ മേഖല സ്തംഭിച്ച നിലയിലാണെന്നും എഞ്ചിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും ആരോപിക്കുന്നു. എന്നാല്‍ പുതിയ സോഫ്റ്റ് വെയറില്‍ ചെലവ് കുറഞ്ഞ കോറല്‍ കാര്‍ഡു പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗത്തില്‍ വരുത്തി പ്രശ്നം പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.
കൊച്ചില്‍ സി -മാസ് എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പലപ്പോഴും മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമാണ് കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുന്നത്. അപേക്ഷിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കണമെന്നാണ് ചട്ടമെങ്കിലും സോഫ്റ്റ് വെയര്‍ തകറാറിന്‍റെ പേരില്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പലപ്പോഴും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam