അര്‍ജന്‍റീന നേടിയ ലോകകപ്പ്; അത് 'കൈക്കൂലി കൊടുത്ത്' വാങ്ങിയത്!

By Web DeskFirst Published May 27, 2018, 4:17 PM IST
Highlights
  • വിപിന്‍ പാണപ്പുഴ എഴുതുന്നു...

ലോകത്തെമ്പാടും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ടീം ഏതാണ്. പല പേരുകള്‍ വരുമെങ്കിലും അര്‍ജന്‍റീന എന്ന പേര് അതില്‍ പ്രധാനമാണ്. അതേ അര്‍ജന്‍റീന... ഡീഗോ മറഡോണ, ബാറ്റി ഗോള്‍ പിന്നെ ഇപ്പോള്‍ മെസി. ലോകത്തിന്‍റെ ഫുട്ബോള്‍ ഇഷ്‍ടത്തിലേക്ക് അര്‍ജന്‍റീനയെ പ്രതിഷ്‍ഠിക്കുന്നത് മറഡോണ ദൈവമായി അവതരിച്ച 1986 മെക്സിക്കോ ലോകകപ്പാണ്. അര്‍ജന്‍റീനിയന്‍ കളികമ്പക്കാരെ സൃഷ്‍ടിക്കുന്നതിന് എട്ട് കൊല്ലം മുന്‍പ് അര്‍ജന്‍റീന തങ്ങളുടെ ആദ്യലോകകപ്പ് നേടിയിരുന്നു. എന്നാല്‍ ഇന്ന് അര്‍ജന്‍റീനന്‍ ആരാധകരോ, കളിപ്രേമികളോ അര്‍ജന്‍റീനയുടെ ആദ്യ ലോകകപ്പ് വിജയത്തെക്കുറിച്ച് സംസാരിക്കാത്തത് എന്താണ്. ഇന്ത്യക്കാരെ സംബന്ധിച്ചോ കേരളക്കാരെ സംബന്ധിച്ചോ ഈ ലോകകപ്പ് നേരിട്ട് കണ്ടിട്ടില്ല; അതാണ് കാരണം എന്നൊക്കെ പറയാം, പക്ഷെ അര്‍ജന്‍റീനക്കാര്‍ പോലും ഈ ലോകകപ്പിനെക്കുറിച്ച് മിണ്ടാറില്ലെന്നാണ് ഫുട്ബോള്‍ ലേഖകനായ ജോണ്‍ സ്‍പൂര്‍ളിംഗ് 'ഡെത്ത് ഓഫ് ഗ്ലോറി' എന്ന പുസ്‍തകത്തില്‍ പറയുന്നത്.

സൈന്യം നടത്തിയ ലോകകപ്പ്

1978 ജൂണ്‍ ഒന്നിനാണ് ലോകകപ്പ് തുടങ്ങുന്നത്. ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്മാരായ പടിഞ്ഞാറന്‍ ജര്‍മ്മനിയും പോളണ്ടും തമ്മില്‍. അന്ന് അര്‍ജന്റീന ഭരിച്ചിരുന്നു സൈനിക മേധാവി ജോര്‍ജ് വിഡേല്‍ ചടങ്ങില്‍ പറഞ്ഞു: സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും ലോകകപ്പാണ് ഇത്.  ഇത് സമാധാനത്തിന്‍റെ ലോകകപ്പാണെന്ന് വിഡേല്‍ തനിക്ക് ഉറപ്പ് നല്‍കി എന്നാണ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസ്സിന്‍ജര്‍ പറഞ്ഞത്.  സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും ലോകകപ്പെന്ന് പറഞ്ഞെങ്കിലും വിഡേല്‍ ഒരു കാര്യം കൂട്ടിച്ചേര്‍ത്തു-  ഈ ലോകകപ്പ് ഞങ്ങള്‍ക്കുള്ളതാണ്, ദേശീയ പതാകയ്‍ക്ക് പിറകില്‍ അണിനിരന്ന അര്‍ജന്റീനന്‍ ജനതയാണ് ഈ ടീമിന്റെ കരുത്ത്... ഭീഷണിയുണ്ടായിരുന്നോ ആ ശബ്‍ദത്തിന്? 

1970 കളുടെ തുടക്കത്തില്‍ ലാറ്റിനമേരിക്കയില്‍ പരക്കെ നടന്ന അമേരിക്കന്‍ സ്വാധീനത്തിലുള്ള ഭരണ അട്ടിമറിയുടെ ഉത്പന്നമാണ് സൈനിക മേധാവി ജോര്‍ജ് വിഡേല്‍ ഭരിക്കുന്ന അന്നത്തെ അര്‍ജന്റീന എന്നത് രാഷ്‍ട്രീയ ചരിത്രമാണ്. അതിനാല്‍ തന്നെ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാഥിതിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസ്സിന്‍ജര്‍ എത്തിയത് എങ്ങനെയെന്ന് വ്യക്തം. തൊഴിലാളി സംഘടനകളെ, തനിക്കെതിരായ രാഷ്‍ട്രീയ പ്രക്ഷോഭങ്ങള്‍, ഇവയെല്ലാം സൈനിക മുഷ്‍ടിയാല്‍ അടിച്ചമര്‍ത്തിയെങ്കിലും വിഡേലിന്  ജനങ്ങളുടെ അതൃപ്‍തിയും, മുറുമുറുപ്പും എന്നും തലവേദനയായിരുന്നു. അതിനാല്‍ തന്നെ ദേശീയത ഉയര്‍ത്തി ജനതയുടെ പ്രതിരോധത്തെ മറികടക്കാന്‍ കിട്ടിയ സന്ദര്‍ഭമായിരുന്നു ലോകകപ്പ്, അര്‍ജന്റീന ലോകകപ്പ് അതിഥേയത്വം വാങ്ങിയെടുത്തത് തന്നെ കൈക്കൂലി കൊടുത്താണെന്നും ചില കഥകളുണ്ട്. എന്തായാലും നിത്യോപയോഗ സാധാനത്തിനും, ഇന്ധനത്തിലും വന്‍ വില കൊടുക്കേണ്ട അന്നത്തെ അര്‍ജന്റീനയില്‍ ലോകകപ്പ് എത്തിയതോടെ ഒരു വസ്‍തു സൌജന്യമായി എല്ലാ തെരുവിലും വില്‍ക്കാന്‍ സൈനിക ഭരണകൂടം നിര്‍ദേശിച്ചു, അത് അര്‍ജന്റീനയുടെ പതാകയായിരുന്നു

ഫുട്ബോള്‍ കഷ്ടതകള്‍ക്കുള്ള മരുന്നോ?


അര്‍ജന്റീനയുടെ അന്നത്തെ സ്‍ട്രൈക്കര്‍,  ലൂക്വേ തങ്ങളുടെ അനുഭവങ്ങള്‍ പിന്നീട് കുറിച്ചുവച്ചത് ഇങ്ങനെയാണ്: "അര്‍ജന്റീനന്‍ ജനത തങ്ങളുടെ ദാരിദ്രവും സങ്കടവും മറക്കുന്നത് പോലെ തോന്നി. ഞങ്ങളുടെ ടീം ബസ് പോകുമ്പോള്‍ അതിന് അടുത്തുകൂടെ ആയിരങ്ങള്‍ ഓടുന്നത് കാണാമായിരുന്നു. പലരും കയ്യില്‍ പൂക്കളുമായി ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് കാണാമായിരുന്നു. രാജ്യത്തിലെ അന്നത്തെ രാഷ്‍ട്രീയ അവസ്ഥയില്‍ ദു:ഖിതനായിരുന്നു ഞാന്‍. എവിടെ ജനകീയ പ്രശ്‍നങ്ങള്‍ നടന്നാലും ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. പക്ഷെ ലോകകപ്പ് വന്നതോടെ എല്ലാം മാറി." ഫുട്ബോള്‍ ശരിക്കും അവരുടെ മനസ് മാറ്റിയോ.?

പക്ഷെ ശരിക്കും ദുര്‍ഘടമായിരുന്നു അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതയെന്ന് വ്യക്തം. ഇറ്റലി, ഫ്രാന്‍സ്, ഹംഗറി എന്നിവര്‍ക്ക് ഒപ്പം മരണ ഗ്രൂപ്പിലായിരുന്നു അവരുടെ സ്ഥാനം. ആദ്യമത്സരത്തില്‍ ഹംഗറിയോട്  1-2നാണ് അര്‍ജന്റീന കടന്നുകൂടിയത്. ആ മത്സരത്തിന് ശേഷം ടീം റൂമിലേക്ക് കയറിവന്ന ഒരു സൈനികന്‍ പറഞ്ഞു.

 

 

"ഇത് മരണ ഗ്രൂപ്പാണ്, ചിലപ്പോള്‍ 'കൂട്ടമരണം' നടക്കും. അത് നിങ്ങളുടെ പ്രകടനം ആശ്രയിച്ചിരിക്കും"

ചിരിക്കുന്ന മുഖത്തോടെയാണ് ആ സൈനിക ഉദ്യോഗസ്ഥന്‍  പറഞ്ഞതെങ്കിലും അത് അത്ര തമാശയല്ലെന്ന് താന്‍ കരുതുന്നുവെന്ന് 'ഡെത്ത് ഓഫ് ഗ്ലോറി' എന്ന പുസ്‍തകത്തില്‍ ലൂക്വേ പറയുന്നു. അടുത്ത മത്സരത്തില്‍ ഫ്രാന്‍സിനോടൊപ്പം അര്‍ജന്റീനയ്‍ക്ക് കളിക്കാന്‍ ഒരു പന്ത്രണ്ടാമനെ കിട്ടിയെന്ന് പറയാം. അതേ, റഫറി. റഫറിയുടെ സഹായത്തിന് ഒപ്പം മറ്റൊരു സംഭവം കൂടിയുണ്ടായി. 2003 ല്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക് കിട്ടിയ ഒരു ഓഡിയോ ടേപ്പില്‍ പറയുന്നത്, അന്ന് അര്‍ജന്റീനന്‍ താരങ്ങള്‍ വലിയ തോതില്‍ ഉത്തേജക മരുന്ന് കഴിച്ചു എന്നാണ്. മാത്രമല്ല ബ്രൂണേസ് അയേസിലെ കാണികളും അന്ന് അക്രമസക്തരായി. ഒടുവില്‍ പ്ലാറ്റിനിയുടെ ടീം തോറ്റു. അടുത്ത മത്സരത്തില്‍ ഇറ്റലിയോട് അര്‍ജന്റീന തോറ്റു. പക്ഷെ രണ്ടാം റൌണ്ടിലേക്ക് മുന്നേറി.ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ചതി

ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ചതിയുടെ കഥ പിന്നീടാണ് നടന്നത്. ആദ്യ ഗ്രൂപ്പില്‍ ഹോളണ്ട്, ഇറ്റലി, ജര്‍മ്മനി, ഓസ്‍ട്രിയ. ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന, ബ്രസീല്‍, പോളണ്ട്, പെറു. ആദ്യ മത്സരത്തില്‍ പെറു ബ്രസീലിനോട് 0-3 ന് തോറ്റു. അര്‍ജന്റീന 2-0ത്തിന് പോളണ്ടിനെ തോല്‍പ്പിച്ചു. പോളണ്ടിനോട് പെറു ഒരു ഗോളിന് തോറ്റു. അര്‍ജന്റീന ബ്രസീല്‍ മത്സരം ഗോള്‍രഹിത സമനിലയായി. പോളണ്ടിനെ ബ്രസീല്‍ 1-3ന് തോല്‍പ്പിച്ചു. ജൂണ്‍ 21നായിരുന്നു ആ മത്സരം. 4. 45നായിരുന്നു ആ മത്സരം. അതിന് പിന്നാലെ വൈകിട്ട് 7.15ന് ആയിരുന്നു അര്‍ജന്റീന- പെറു മത്സരം. അന്ന് പെറുവിനെ 0-6ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന പ്ലേ ഓഫ് ഉറപ്പിച്ചത്.

പക്ഷെ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സംഭവം പുറത്തുവന്നത്. തങ്ങളുടെ ആറു കളിക്കാരെ അര്‍ജന്റീന വിലയ്‌ക്കെടുത്തെന്ന് ആരോപിച്ച് മുന്‍ പെറുവിയന്‍ താരം ജോസ് വലസ്‌ക്കെസ് അടുത്തിടെ രംഗത്ത് എത്തി. തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റാത്ത സത്യമാണിത്. ടീമിനെ ചതിച്ച് അര്‍ജന്റീനന്‍ പണം വാങ്ങിയവരുടെ പേരുകളും  ജോസ് വലസ്‌ക്കെ പുറത്തുവിട്ടു. റോഡുള്‍ഫോ മാന്‍സോ, റൗള്‍ ഗോറിറ്റി, യുവാന്‍ ജോസ് മുനാണ്ടേ, റാമണ്‍ കൈ്വറോഗ എന്നിവരാണ് ആറില്‍ നാലു പേര്‍. രണ്ടു പേര്‍ പിന്നീട് പ്രസിദ്ധരായ ഫുട്‌ബോള്‍ താരങ്ങളായി മാറി എന്നതിനാല്‍ അവരുടെ പേര് പുറത്തു പറയുന്നില്ലെന്നും വലസ്‌ക്കസ് പറഞ്ഞു. മുന്‍ മിഡ് ഫീല്‍ഡറും പെറുവിന്റെ കോച്ചുമായ മാര്‍ക്കോസ് കാല്‍ഡ്രോണ് അക്കാര്യം അറിയാം. നിര്‍ണ്ണായക മത്സരത്തിന് മുമ്പ്,  ഗോളി കൈവറോഗയെ ആദ്യ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തങ്ങള്‍ക്ക് എന്തോ അപകടം മണക്കുന്നുണ്ടെന്ന് വാലസ്‌ക്കസും മറ്റു അഞ്ചു കളിക്കാരും പരിശീലകനെ സമീപിച്ച് മുന്നറിയിപ്പ് കൊടുത്തു.  പക്ഷേ ഗോളിയെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തി. എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങുകയും 90 മിനിറ്റ് കളിക്കുകയും ചെയ്‍തിരുന്ന തന്നെ 2-0 പിന്നില്‍ നില്‍ക്കേ ആദ്യ പകുതിക്ക് ശേഷം പെറു പരിശീലകന്‍ തിരിച്ചു വിളിക്കുകയും ചെയ്‍തു.

ഇതിന് പിന്നാലെ ചറപറ ഗോളുകളും വാങ്ങി. ഈ മത്സരം അന്ന് ഏറെ വിവാദം വിളിച്ചുവരുത്തി. ബ്രസീലിന് പുറത്തേക്കുള്ള വഴിയൊരുക്കിയതും ഈ മാച്ചായിരുന്നു.  ഇത് ഒത്തുകളിയാണെന്ന് അന്ന് ബ്രസീല്‍ പത്രങ്ങള്‍ ആരോപിച്ചിരുന്നു. തങ്ങള്‍ ലോകകപ്പിന് മുന്‍പ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നുവെന്ന് വലസ്‌ക്കസ് പറയുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ പോലും അര്‍ജന്റീനയെ പെറു ലിമയില്‍ വെച്ച 1-3ന് തോല്‍പ്പിച്ചതായിരുന്നു. അതിനാല്‍ തീര്‍ത്തും അവിശ്വസനീയമായിരുന്നു ആ പരാജയം എന്ന്  വലസ്‌ക്കസ് പറയുന്നു. ഇത് സംബന്ധിച്ച് പുസ്‍തകം എഴുതിയതായും  വലസ്‌ക്കസ് പറയുന്നു. 

പിന്നീട് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ട തെളിവ് പ്രകാരം അര്‍ജന്റിനന്‍ സെന്‍ട്രല്‍ ബാങ്കിലെ ഒരു പെറുവിയന്‍ അക്കൌണ്ടിലൂടെ കോടിക്കണക്കിന് രൂപ ഒരു ദിവസത്തില്‍ മാറിയതായി പറയുന്നു. ഇത് പെറുവിയന്‍ കളിക്കാരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടതാണെന്ന് പറയുന്നു. ഇതിന് പുറമേ പെറുവിന്റെ ഭീമന്‍ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന 13 പെറുവീയന്‍ തടവുകാരെ ജയില്‍ മോചിതരാക്കി എന്ന വാര്‍ത്തയും അക്കാലത്ത് പ്രചരിച്ചു.

ഫൈനലിലും നടന്നത് ചതിയോ

പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടെങ്കിലും ഒരു രാജ്യവും 1978 ലോകകപ്പ് ബഹിഷ്‍ക്കരിച്ചില്ല. ആ ലോകകപ്പില്‍ ലോകം പ്രതീക്ഷിച്ച ഒരു താരമായിരുന്നു ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്ബോളിന്റെ ആശാന്‍ യോഹാന്‍ ക്രൈഫ്. അദ്ദേഹത്തിന്‍റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് ലോകം കരുതി. എന്നാല്‍ അര്‍ജന്റീനന്‍ ലോകകപ്പിന് തൊട്ട് മുന്‍പ് ഇദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബാഴ്‍സിലോണയില്‍ വച്ച് തന്റെ കുടുംബത്തിന് നേരെ നടന്ന തട്ടിക്കൊണ്ടുപോകല്‍ ശ്രമമാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ക്രൈഫ് ഇല്ലാതെ റൂഡ് ക്രോള്‍, ആരി ഹാന്‍, വിം ജാന്‍സന്‍, കെറോഫ് സഹോദരന്മാര്‍ തുടങ്ങിയവര്‍ ഡച്ച് നിരയെ നയിച്ചു. അന്ന് ഫുട്ബോളിന്റെ ഇതിഹാസമായി വളര്‍ന്ന് വരുകയായിരുന്ന 17 വയസുകാരനെ ടീമില്‍ എടുക്കാതെയാണ്  സ്ഥിരം പുകവലിക്കാരനായ കോച്ച് സീസര്‍ ലൂയിസ് മെനോട്ടി അര്‍ജന്റീനിയന്‍ ടീമിനെ പ്രഖ്യാപിച്ചത്. ആ 17 വയസുകാരനാണ് പിന്നീട് എട്ട് കൊല്ലത്തിന് ശേഷം അര്‍ജന്റീനയ്‍ക്ക് കിരീടം നേടി കൊടുത്ത മറഡോണ.

സ്‍ട്രൈക്കറായി മരിയോ കോംപസും, ലെപ്പോള്‍ഡോ ലൂക്വേയും. മിഡ് ഫീല്‍ഡില്‍ ഓസ്വാള്‍ഡോ ആര്‍ഡിലസ്, പ്രതിരോധത്തില്‍ ഡാനിയല്‍ പാസറെല്ല, ഗോള്‍വല കാക്കുവാന്‍  യുവാള്‍ഡോ ഫിലോല്‍ എന്നിങ്ങനെയായിരുന്നു ഫൈനലില്‍ അര്‍ജന്റീനന്‍ ടീം. 

ഫൈനല്‍ ദിവസം. ബ്രൂണേസ് അയേസിലെ എസ്റ്റഡിയോ മൊണിമെന്റല്‍ സ്റ്റേഡിയം. 71,483 കാണികള്‍. അതില്‍ നെതര്‍ലാന്റുകാര്‍ തുച്ഛം.  പക്ഷേ ഫൈനലിലും അര്‍ജന്റീനക്കാരുടെ ചതി തീര്‍ന്നില്ലെന്ന് പറയാം. നെതര്‍ലാന്റിന്റെ ടീം ബസ് വളരെ ചുറ്റി പത്ത് മിനുട്ട് വൈകിയാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ഒരു വാം അപ്പിന് പോലും സമയം നല്‍കിയില്ലെന്ന് ചുരുക്കം. മത്സരം ആരംഭിച്ചപ്പോള്‍ മരിയോ കോംപസ് സ്‍കോര്‍ ബോര്‍ഡ് തുറന്നു. അധികം വൈകാതെ ഡ്രിഗ് നാനിംഗ ഡച്ചുകാരുടെ സ്‍കോര്‍ ഒപ്പം എത്തിച്ചു. ഹാഫ് ടൈം കഴിയുമ്പോള്‍ ഇരുവരുടെയും സ്‍കോര്‍ 1-1. തൊണ്ണൂറാമത്തെ മിനുട്ടിന് അടുത്തപ്പോള്‍ ഡച്ച്  സ്‍ട്രൈക്കര്‍ റെന്‍സന്‍ബ്രിക്കിന്റെ ഒരു കിക്ക് പോസ്റ്റില്‍ തട്ടി അകന്നു.

അതിന് ശേഷം അധിക സമയത്തില്‍ ഡാനിയല്‍ ബര്‍ട്ടോണിയും, മരിയ കോംപസും അര്‍ജന്റീനയെ വിജയത്തില്‍ എത്തിച്ചു. അന്ന് തന്റെ ഷോട്ട് ഒരു അഞ്ച് സെന്റിമീറ്റര്‍ മാറിയിരുന്നെങ്കില്‍ ആ ലോകകപ്പിന്റെ ചരിത്രം വേറെ ആയിരിക്കുമെന്ന് റെന്‍സന്‍ബ്രിക്ക് പിന്നീട് പറഞ്ഞിട്ടുണ്ട്. അതിഥേയര്‍ക്ക് വേണ്ടി റഫറി കളിച്ചെന്ന ആരോപണം ഫൈനലിലും ഉയര്‍ന്നിരുന്നു. പക്ഷേ എന്തായാലും അര്‍ജന്റീന തങ്ങളുടെ ആദ്യലോക കിരീടം നേടി, പിന്നീട് ആ ലോകകപ്പ് വിജയത്തിന്റെ പല കള്ളക്കളികളും പുസ്‍തകമായും ഷോകളുമായി ഇറങ്ങി. അതീവ കൌതുകമുള്ള ഒരു കാര്യം കൂടി പറയാം..

"ആ ലോകകപ്പില്‍ ഫെയര്‍ പ്ലേ അവാര്‍ഡ് കിട്ടിയത് അര്‍ജന്‍റീനയ്ക്ക് തന്നെ ആയിരുന്നു.!!

click me!