കറുത്ത നാളുകളിലെ നായകന്‍: മടക്കം ഓര്‍മകളില്ലാത്ത ലോകത്ത് നിന്നും

By Web TeamFirst Published Jan 29, 2019, 11:28 AM IST
Highlights

ആരേയും കൂസാതെ കൈകളിൽ വിലങ്ങണിയിച്ചു നിൽക്കുന്ന ജോർജിന്‍റെ പഴയ ചിത്രം ജനത്തെ സ്വാധീനിച്ചത് ചെറുതായൊന്നുമല്ല

ഒരു കാലത്ത് സോഷ്യലിസ്റ്റ് സിംഹം എന്നറിയപ്പെട്ട നേതാവായിരുന്നു ജോർജ് ഫെർണാണ്ടസ്. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് പുരോഹിതനാവാൻ പുറപ്പെട്ട ജോർജ്, സെമിനാരി വിട്ടത് സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായാണ്. മംഗലാപുരത്തെ പ്രധാന സോഷ്യലിസ്റ്റുകളിൽ ഒരാളായി മാറിയ ഫെർണാണ്ടസ് വൈകാതെ കർമമണ്ഡലം ബോംബെയിലേക്ക് മാറ്റി. ജോർജിനെ ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ നേതാവുമൊക്കെയാക്കി വളർത്തിയത് ബോംബെ നഗരമാണ്. സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയായി ബോംബെ മുൻസിപ്പൽ തെരെഞ്ഞെടുപ്പിൽ ജയം നേടിയ അദ്ധേഹത്തിന് താമസിയാതെ പാർലമെന്‍റിലേക്കും ടിക്കറ്റ് കിട്ടി. 

1969ൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ഇന്ദിരാഗാന്ധിയ്ക്ക് ആദ്യ ഷോക്ക് നൽകിയ ഫെർണാണ്ടസ് 1974ൽ റെയിൽവേ പണിമുടക്കിന് നേതൃത്വം നൽകി രാജ്യത്തെ ഒന്നാകെ സ്തംഭിപ്പിച്ചു. 

അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ഏറ്റവും കൂടുതൽ വേട്ടയാടിയ പ്രതിപക്ഷ നേതാവും അദ്ദേഹമായിരുന്നു. ഒളിയിടങ്ങൾ പലവട്ടം മാറിയെങ്കിലും ഒടുവിൽ പൊലീസ് ഫെർണാണ്ടസിനെ പിടികൂടി. ആരേയും കൂസാതെ കൈകളിൽ വിലങ്ങണിയിച്ചു നിൽക്കുന്ന ജോർജിന്‍റെ പഴയ ചിത്രം ജനത്തെ സ്വാധീനിച്ചത് ചെറുതായൊന്നുമല്ല. 

ബറോഡ ഡൈനമിക് കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ജോർജ് ജയിലിൽ നിന്ന് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ജയിൽ മോചിതനായ ശേഷം അദ്ധേഹം ജനതാ സർക്കാരിലെ വ്യവസായ മന്ത്രിയായി. 

തളയ്ക്കാനാവാത്ത രാഷ്ട്രീയ നേതാവായി ജോർജ് മാറുന്നതാണ് പിന്നീട് കണ്ടത്. 1977ൽ ജോർജ് റെയിൽവേ മന്ത്രിയായിരിക്കുമ്പോഴാണ് കൊങ്കൺ റെയിൽവേ പദ്ധതിക്ക് തുടക്കമിടുന്നത്. 1990കളിൽ ബി ജെ പി ക്കൊപ്പം ചേർന്ന് എൻ ഡി എ യുടെ ഭാഗമായി മാറിയ ജോർജ് വാജ്പേയി മന്ത്രിസഭയിലെ പ്രധാനിയായി. പ്രതിരോധമന്ത്രിയായിരിക്കെയുണ്ടായ തെഹൽകാകേസും ശവപ്പെട്ടി കുംഭകോണവും അദ്ധേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിന് ദുഷ്പേരുണ്ടാക്കി

അൽഷിമേഴ്സ് രോഗബാധിതനായിരുന്നതിനാൽ ഏറെ നാളായി ഓർമകൾ അലട്ടാത്ത ലോകത്തായിരുന്ന ജോർജ്. ഇന്ത്യൻ രാഷ്ട്രീയത്തിന് മായാത്ത ഒരു പിടി ഓർമകൾ നൽകിയാണ് ജോർജ് ഫെർണാണ്ടസ് വിട വാങ്ങുന്നത്. 


 

click me!