അന്ന് ജര്‍മ്മനി തീരുമാനിച്ചു; ഇനി ഫുട്ബോളില്‍ തോല്‍ക്കില്ലെന്ന്

By Web DeskFirst Published Jun 22, 2018, 9:25 PM IST
Highlights
  • 2000 ത്തില്‍ ജര്‍മ്മനി തീരുമാനിച്ചു ഇനി ഫുട്ബോളില്‍ പിന്നോട്ടില്ല

ഒരുപാട് പ്രതീക്ഷകളുമായി 2000 ത്തില്‍ യൂറോ കപ്പിനിറങ്ങിയ ജര്‍മ്മന്‍ ടീമിന് നേടിനായത് വെറും ഒരു പോയിന്‍റ് മാത്രം. ഇംഗ്ലണ്ടും പോര്‍ച്ചുഗലും റുമാനിയയും അടങ്ങിയ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പുറത്തുപോകേണ്ടി വന്നു ജര്‍മ്മനിക്ക്. ടീം തിരിച്ച് സ്വന്തം നാട്ടിലെത്തിപ്പോള്‍ വൈകാരിക പ്രകടനങ്ങളെപ്പറ്റിയല്ല ജര്‍മ്മന്‍ ജനത ആലോചിച്ചത് പകരം എന്തുകൊണ്ട് തങ്ങള്‍ തോറ്റുപോയി എന്നാണ്. വൈകാതെ അതിനുളള കാരണവും അവര്‍ കണ്ടെത്തി, രാജ്യത്ത് ഫുട്ബോള്‍ തളരുകയാണ്. കുട്ടികള്‍ക്ക് ഫുട്ബോളില്‍ തല്‍പര്യം കുറഞ്ഞ് വരുന്നു.

പിന്നീട് ഫുട്ബോള്‍ ശക്തികളായ യൂറോപ്യന്‍ രാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ജര്‍മ്മനിക്കാര്‍ രാജ്യത്ത് നടപ്പാക്കിയത്. ജര്‍മ്മന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തപ്പോള്‍ ആ ജനതയും ഒപ്പം നിന്നു. റൂട്ട് ആന്‍ഡ് ബ്രാഞ്ച് റീഫോംസ് എന്ന് പേരിട്ട ഫുട്ബോള്‍ ഉത്തേജന പരിപാടിയില്‍ രാജ്യത്തെ ഫുട്ബോള്‍ കോച്ചിംഗ് അക്കാഡമികളും ട്രെയിനിംഗ് സെന്‍ററുകളും ജര്‍മ്മനി വികസിപ്പിച്ചു. ഫുട്ബോളിന് പ്രത്യേക ട്രെയിനിംഗ് സ്കീമുകള്‍ തന്നെ പ്രഖ്യാപിച്ചു. ഫുട്ബോളിന് രാജ്യത്തിന്‍റെ സമ്പത്ത് പോലും പ്രശ്നമാക്കാതെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം 2014 ബ്രസീല്‍ ലോകകപ്പില്‍ കണ്ടു. ജര്‍മ്മനി ഫിഫാ ലോക കിരീടം സ്വന്തം നാട്ടിലെത്തിച്ചു. 

ഇന്നും ജര്‍മ്മന്‍ സര്‍ക്കാരിന്‍റെ നയം അങ്ങനെ തന്നെയാണ് ഫുട്ബോളിന് പണം പ്രശ്നമേയല്ല. സാമ്പത്തികമായി സുരക്ഷിതം എന്ന് പറയാവുന്ന അവസ്ഥയിലാണ് ജര്‍മ്മനിയുടെ നിലനില്‍പ്പെങ്കിലും. വ്യാപാര രംഗത്ത് ജര്‍മ്മനി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. നയപരമായി സാമ്പത്തിക ദേശീയത നടപ്പാക്കുന്നതിന് വലിയ പ്രാധാന്യവും അവര്‍ നല്‍കിവരുന്നു. സാമ്പത്തിക ദേശീയത നയം അവരെ വിദേശ തലത്തില്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.  തൊഴിലില്ലായ്മ വളരെ കുറയ്ക്കാനായത് അവരെ സംബന്ധിച്ച വലിയ നേട്ടമാണ്. 3.5 ശതമാനമാണ് ജര്‍മ്മനിയുടെ തൊഴിലില്ലായ്മ നിരക്ക്. ഇത് യുഎസിനെക്കാളും ബ്രിട്ടനെക്കാളും കുറഞ്ഞ നിരക്കാണ്. റഷ്യന്‍ ലോകകപ്പിനോടനുബന്ധിച്ച് ഗോള്‍ഡ് മാന്‍ സാഷെയാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

തൊഴില്ലായ്മ കുറഞ്ഞ് നില്‍ക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുളള സാമ്പത്തിക കരുത്തുമുണ്ടെങ്കില്‍ ഫുട്ബോള്‍ വളരാന്‍ എളുപ്പമാണ്. ഈ അവസ്ഥ ധൈര്യപൂര്‍വ്വം ഫുട്ബോള്‍ ഒരു പ്രഫഷനായി സ്വീകരിക്കാന്‍ ജര്‍മ്മന്‍ യുവാക്കളെ പ്രേരിപ്പിച്ചു. 2006 ല്‍ ലോകകപ്പ് സ്വന്തം നാട്ടില്‍ നടന്നപ്പോള്‍ ജര്‍മ്മനി ലോകകപ്പിനെ ഉപയോഗിച്ചത് യുവാക്കളെയും കുട്ടികളെയും ഫുട്ബോളിലേക്ക് ആകര്‍ഷിക്കാനുളള കര്‍മ്മ പരിപാടിയായിക്കൂടിയാണ്. സ്റ്റേഡിയങ്ങള്‍ പുനര്‍നിര്‍മ്മിച്ചതിനൊപ്പം സ്വന്തം ജനതയുടെ മനസ്സില്‍ ജര്‍മ്മനി ഫുട്ബോളിനെ നട്ടുനനച്ചു വളര്‍ത്തി. 

ലോകകപ്പിന് ശേഷം സ്പാനിഷ് ലീഗുകളിലേക്കും ഇംഗ്ലീഷ് ലീഗുകളിലേക്കും അനേകം ജര്‍മ്മന്‍കാര്‍ കുടിയേറി. ജര്‍മ്മനിയിലെ ക്ലബ് പോരാട്ടങ്ങളിലും യുവ സാന്നിധ്യം വര്‍ദ്ധിച്ചു. 2014 ബ്രസീല്‍ ലോകകപ്പ് വിജയത്തിലാണ് അവരെ ആ കുതിപ്പ് കൊണ്ടെത്തിച്ചത്. ഇച്ഛാശക്തിയുളള ഭരണ നേതൃത്വവും അധ്വാനിക്കാന്‍ കഴിവുളള ജനതയും ഒരോ ലക്ഷ്യത്തോടെ ഒന്നിച്ച് ഇനി പിന്നോട്ടില്ല എന്ന് തീരുമാനമെടുത്തതിന്‍റെ ഫലമാണ് 2018 ല്‍ റഷ്യയില്‍ പുതിയ അടവുകളോടെ പോരാട്ടത്തിനിറങ്ങാന്‍ ജര്‍മ്മന്‍ പടയ്ക്ക് ശക്തികൊടുത്തത്. 

click me!