പി.കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി സര്‍ക്കാര്‍

By Web DeskFirst Published Feb 18, 2017, 7:15 AM IST
Highlights

കോഴിക്കോട്: നെഹ്റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.കോളജിലെ പ്രശ്ന പരിഹാരത്തിന്  കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണമെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് തന്നെ യോഗം ചേര്‍ന്നിരുന്നു.

ഇക്കാര്യം കോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ചപറ്റിയെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് പി കൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച അഞ്ചു ദിവസത്തെ ജാമ്യം റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മ‍ഞ്ചേരി ശ്രീധരന്‍ നായരുമായി അന്വേഷണ ഉദ്യോഗസ്ഥ കിരണ്‍ നാരായണന്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഡിജിപിയില്‍ നിന്ന് കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്. ഇതിനിടെ ജിഷ്ണുവിന്റെ മൃതദേഹം ആദ്യം കണ്ട സഹപാഠികളില്‍ ഒരാളുടെ ശബ്ദരേഖ ബന്ധുക്കള്‍ പുറത്തുവിട്ടു. ജിഷ്ണുവിന്‍റെ വായക്കുള്ളിലും, ഹോസ്റ്റലിലെ ശുചിമുറിയിലും രക്തം കണ്ടതായി  സഹപാഠി വെളിപ്പെടുത്തുന്നു.

click me!