ആരോഗ്യസര്‍വ്വകലാശാലയില്‍ മാര്‍ക്ക് ദാനം; സ്വാശ്രയകോളേജുകള്‍ക്ക് റാങ്ക് പെരുമഴ

By ജി ആര്‍ അനുരാജ്First Published Jan 18, 2017, 7:48 AM IST
Highlights

ജി ആര്‍ അനുരാജ്

ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. സ്വാശ്രയകോളേജുകളിലെ കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കി റാങ്കുകള്‍ സമ്മാനിക്കുന്നുവെന്നതാണ് പുതിയ ആരോപണം. എം ഫാം പരീക്ഷയുടെ ഫലം വന്നപ്പോള്‍ ചാലക്കുടിയിലെ ഒരു പ്രമുഖ കോളേജിന് ആദ്യ മൂന്നു റാങ്കുകളും ലഭിച്ചത് സംശയാസ്‌പദമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗം സ്വാശ്രയലോബിയുടെ പിടിയിലാണെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന്റെ ഫലമായി വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ തോല്‍പ്പിക്കുന്നതായും ആരോപണമുണ്ടായിരുന്നു. അതിനിടെയാണ് ഇന്റേണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കി സ്വാശ്രയ കോളേജുകള്‍ക്ക് റാങ്കുകള്‍ വാരിക്കോരി നല്‍കുന്നുവെന്ന പുതിയ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്.

ചാലക്കുടിയിലെ പ്രമുഖ ഫാര്‍മസി കോളേജിലാണ് ഇത്തവണ എംഫാമിന്റെ ആദ്യ മൂന്നു റാങ്കും. ഇവരുടെ മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ചില സംശയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് മറ്റു കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിന് ക്ലാസ് ശരാശരി അടക്കമുള്ള നിരവധി പരിമിധികള്‍ നിലനില്‍ക്കുമ്പോഴാണ് അമ്പതില്‍ നാല്‍പ്പത്തിയെട്ടും അതിലധികവും നല്‍കിയിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. തിയറി പരീക്ഷയില്‍ അറുപത് മുതല്‍ എമ്പത് വരെ ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റേണല്‍ പരീക്ഷയില്‍ നൂറു ശതമാനത്തോളം മാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ചാല്‍ വ്യക്തമാകും. 0.1 ശതമാനം തെറ്റിനു പോലും വലിയ മാര്‍ക്കുകള്‍ നഷ്ടമാവുന്ന പ്രാക്ടിക്കല്‍ പരീക്ഷകളില്‍ ഇരുപത്തിയഞ്ചില്‍ ഇരുപത്തിനാലും 100ല്‍ തൊണ്ണൂറ്റിയെട്ടും മാര്‍ക്ക് വരെ നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സെമിനാറിന് നൂറില്‍ 99 മാര്‍ക്ക് നല്‍കിയതും വിവാദമായിരിക്കുകയാണ്. ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് ഫാര്‍മസി പ്രബന്ധങ്ങളില്‍ ഒന്ന് 99 മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിയുടേത് ആണോയെന്ന ചോദ്യവും ഉയരുന്നു. പേറ്റന്റ് ലഭിച്ച തീസിസുകള്‍ സര്‍ക്കാര്‍ കോളേജുകളില്‍ ഉണ്ടായിട്ടും, അതിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്കാണ് സ്വാശ്രയകോളേജിലെ വിദ്യാര്‍ത്ഥിക്ക് ലഭിച്ചിരിക്കുന്നത്. 300ല്‍ 298 മാര്‍ക്ക് വരെയാണ് തീസിസിന് സ്വാശ്രയകോളേജിലെ കുട്ടിക്ക് ലഭിച്ചിരിക്കുന്നത്.

റാങ്കുകള്‍ സ്വാശ്രയത്തിന് മാത്രമോ...?

മെറിറ്റില്‍ പ്രവേശനം ലഭിച്ച്, സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തോല്‍പ്പിക്കപ്പെടുമ്പോഴാണ്, മെറിറ്റില്‍ താഴെയുണ്ടായിരുന്ന സ്വാശ്രയകോളേജിലെ വിദ്യാര്‍ത്ഥികള്‍ റാങ്കുകള്‍ വാരിക്കൂട്ടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍വ്വകലാശാല റാങ്കുകളും ഉയര്‍ന്ന വിജയശതമാനവും ചില സ്വാശ്രയകോളേജുകള്‍ കൈയടക്കിവെച്ചിരിക്കുന്നുവെന്നതാണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. ഒന്നും രണ്ടു വര്‍ഷത്തെ പരീക്ഷകളില്‍ ഏതെങ്കിലും ഒരെണ്ണം നഷ്‌ടമായവരെ നാലാം വര്‍ഷ പരീക്ഷ എഴുതിക്കാതിരിക്കുന്ന റൂളും സര്‍വ്വകലാശാലയില്‍ നിലവിലുണ്ട്. സ്വാശ്രയ കോളേജുകളിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി കൊണ്ടുവന്നതാണ് ഈ റൂളെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കേരള ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗം ഡീന്‍, സ്വാശ്രയകോളേജ് പ്രതിനിധിയാണ്. വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി, ഇന്റേണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കല്‍, വിദ്യാര്‍ത്ഥിവിരുദ്ധമായ റൂളുകള്‍ എന്നിവയ്‌ക്ക് പിന്നില്‍ ഇദ്ദേഹമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സര്‍വ്വകലാശാല ഫാര്‍മസി വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

തോല്‍പ്പിക്കേണ്ടവരെ തോല്‍പ്പിക്കുന്നത് ഇങ്ങനെ...

ഇനി സര്‍വ്വകലാശാലയുടെ മൂല്യനിര്‍ണയത്തിലെ അപാകതയൊന്ന് നോക്കാം. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പഠിക്കുന്ന രജത്തിന്റെ പേപ്പര്‍ സ്‌കോര്‍ ഷീറ്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആദ്യ മൂല്യനിര്‍ണ്ണയത്തില്‍ 38 മാര്‍ക്ക് കിട്ടിയ രജത്തിന് രണ്ടാമത്തെ മൂല്യനിര്‍ണ്ണയത്തില്‍ 52 മാര്‍ക്ക് കിട്ടി വിജയിച്ചു. എന്നാല്‍ മൂന്നാമത്തെ മൂല്യനിര്‍ണ്ണയത്തില്‍ 43 മാര്‍ക്ക് കിട്ടി. അങ്ങനെ കുറഞ്ഞ രണ്ടു മാര്‍ക്കിന്റെ ശരാശരി എടുത്തിട്ട് 39 മാര്‍ക്ക് ആക്കി.  വിദ്യാര്‍ത്ഥി ഈ വിഷയത്തില്‍ തോറ്റതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംശയം തോന്നിയ രജത്ത് പേപ്പറിന്റെ കോപ്പി വാങ്ങി മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകരെ കൊണ്ട് വാല്യൂ ചെയ്യിപ്പിച്ചു. അറുപതില്‍ അധികം മാര്‍ക്ക് എന്തായാലും കിട്ടണമെന്നാണ് മെഡിക്കോസിലെ അദ്ധ്യാപകര്‍ പറയുന്നത്.

click me!