പരീക്ഷയ്ക്ക് രണ്ടാഴ്ച: ഇനിയും പാഠപുസ്തകങ്ങള്‍ നല്‍കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഗ്നോയുടെ ഇരുട്ടടി

By Web TeamFirst Published Nov 16, 2018, 4:14 PM IST
Highlights

പാഠ്യ സാമഗ്രികള്‍ കിട്ടാതെ കുട്ടികള്‍ പരീക്ഷ എഴുതേണ്ട അവസ്ഥ. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ പാഠ്യ സാമഗ്രികള്‍ക്കുള്ള തുക മുന്‍കൂറായി അടച്ച കുട്ടികളോടാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദൂര വിദ്യാഭ്യാസ സര്‍വ്വകലാശാലയായ ഇഗ്നോയുടെ ഈ ക്രൂരത. 

തിരുവനന്തപുരം: പരീക്ഷ തൊട്ടടുത്ത് എത്തിയിട്ടും ഇഗ്നോയില്‍ (ഇന്ദിരാ ഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റി) വിവിധ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കിട്ടിയില്ല. രണ്ടാഴ്ചയ്ക്കകം വര്‍ഷാന്ത്യ പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് ഈ അവസ്ഥ. ഈ സാഹചര്യത്തില്‍, പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സര്‍വകലാശാല അവഗണിക്കുകയാണ്. 

ഡിസംബര്‍ ആദ്യവാരമാണ് ഇഗ്നോ വര്‍ഷാന്ത്യ പരീക്ഷകള്‍ ആരംഭിക്കുന്നത്. എന്നാല്‍, പല പാഠ്യവസ്തുക്കളുടെയും അച്ചടി പോലും പൂര്‍ത്തിയായിട്ടില്ല എന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. അടുത്ത അക്കാദമിക്ക് വര്‍ഷത്തിലും ഈ പ്രശ്നം തുടരാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പാഠ്യ സാമഗ്രികള്‍ കിട്ടാതെ കുട്ടികള്‍ പരീക്ഷ എഴുതേണ്ട അവസ്ഥ. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ പാഠ്യ സാമഗ്രികള്‍ക്കുള്ള തുക മുന്‍കൂറായി അടച്ച കുട്ടികളോടാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദൂര വിദ്യാഭ്യാസ സര്‍വ്വകലാശാലയായ ഇഗ്നോയുടെ ഈ ക്രൂരത. 

ഒരു വര്‍ഷം മുമ്പ് സാമ്പത്തിക ലാഭം മുന്നില്‍ കണ്ട് പുസ്തക വിതരണം കേന്ദ്രീകൃതമാക്കിയതിനെ തുടര്‍ന്നാണ് പഠന സാമഗ്രികള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടായത്. മലയാളിയായ ഡോ. വിഎന്‍ രാജശേഖരന്‍ പിള്ള ഇഗ്‌നോയുടെ ചുമതല വഹിച്ച സമയത്താണ് പാഠ്യ വസ്തുക്കള്‍ വികേന്ദ്രീകൃതമായി വിതരണം ചെയ്യാന്‍ തീരുമാനം എടുത്തത്. ഈ സമ്പ്രദായത്തില്‍ താരതമ്യേന പ്രശ്‌നങ്ങള്‍ കുറവായിരുന്നു. എന്നാല്‍, ചെലവു ചുരുക്കലിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഇഗ്‌നോ അധിൃകതര്‍ ഈ സമ്പ്രദായം അവസാനിപ്പിച്ച് പഴയ കേന്ദ്രീകൃത സമ്പ്രദായം തിരിച്ചു കൊണ്ടുവന്നു. ഇത് മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കാണാനോ പരിഹരിക്കാനോ നടപടി സ്വീകരിക്കുന്നതില്‍ കാണിച്ച അനാസ്ഥയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത്. 

അതിനിടെ, കണ്ണൂര്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ദില്ലി ഹൈക്കോടതി നാലാഴ്ചയ്ക്കകം പാഠ്യ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബിരുദ കോഴ്സിന് രജിസറ്റര്‍ ചെയ്ത മലയാളിയായ എം അമൃത് അഡ്വ. ശ്രീറാം വഴി നല്‍കിയ പരാതിയില്‍ കഴിഞ്ഞ മാസം 23നാണ്് ജസ്റ്റിസ് സുനില്‍ ഗൗര്‍ വിധിപുറപ്പെടുവിച്ചത്.

ഈ വിധിയെത്തുടര്‍ന്ന്, കഴിയുന്നത്ര പുസ്തകം അടിയന്തിരമായി എത്തിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കുറച്ച് പുസ്തകങ്ങള്‍ എത്തിയിട്ടുള്ളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ പരീക്ഷയ്ക്ക് ആഴ്ചകള്‍ മുന്‍പ് ഏതാനും ആയിരക്കണക്കിന് പേജുകളുള്ള ബുക്കുകള്‍ കിട്ടിയിട്ട് എങ്ങനെ ഇവ പഠിച്ച് പരീക്ഷ എഴുതും എന്ന ചോദ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. എംകോം അടക്കമുള്ള പല കോഴ്സുകള്‍ക്കും ഇനിയും ഒരൊറ്റ പാഠ്യ സാമഗ്രി പോലും ലഭ്യമായിട്ടില്ലാത്ത വിദ്യാര്‍ത്ഥികളാണ് ഭൂരിപക്ഷവും. മറ്റ് സര്‍വകലാശാലകളുടെ കോഴ്സുകളില്‍നിന്നും വ്യത്യസ്തമായി, സര്‍വകലാശാല നല്‍കുന്ന പാഠ്യസാമഗ്രികള്‍ മാത്രമാണ് മിക്ക കുട്ടികള്‍ക്കും ആശ്രയം. വിദൂര വിദ്യാഭ്യാസ പദ്ധതിയായതിനാലാണ് ഈ സ്ഥിതി. കോഴ്‌സുകളില്‍ ചേര്‍ന്നവര്‍ ഒരു വര്‍ഷം നഷ്ടമാകുമെന്ന് മനസിലാക്കിക്കൊണ്ടു തന്നെ പരീക്ഷയ്ക്ക് ഫീസടച്ച് കാത്തിരിക്കുകയാണ്. 

അമൃത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉടനടി പ്രശ്നം പരിഹരിക്കാനും നിയമാനുസൃതമായ ദുരിതപരിഹാരം നടപ്പാക്കാനുമാണ് ഇഗ്നോയ്ക്ക് ദില്ലി ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പ്രശ്നം പരിഹരിക്കാന്‍ എന്ത് ചെയ്തുവെന്ന് നാലാഴ്ചയ്ക്കകം പരാതിക്കാരനെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പാഠ്യ സാമഗ്രികള്‍ ഇല്ലാത്ത സാഹചര്യത്തില്‍, പരീക്ഷ നീട്ടിവെക്കണമെന്ന് അമൃത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മറ്റു കുട്ടികള്‍ പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് ഒറ്റപ്പെട്ട പ്രശ്നമാണെന്ന രീതിയിലാണ്   സര്‍വകലാശാലാ അധികൃതര്‍ പ്രശ്‌നത്തെ സമീപിച്ചതെന്നും  അതിനാല്‍ സാമഗ്രികള്‍ ലഭിക്കാത്തവരും വൈകി മാത്രം ലഭിച്ചവരും ഇഗ്‌നോ രജിസ്ട്രാര്‍, വി സി എന്നിവരെ ഇ-മെയിലില്‍ അറിയിക്കുന്നത് സഹായകരമാകുമെന്നും അമൃത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പഠനവര്‍ഷം പാഴാക്കിയതിന് ഇഗ്‌നോയില്‍ നിന്ന് നഷ്ടപരിഹാരവും വരും പരീക്ഷകളില്‍ ഫീസിളവും ആവശ്യപ്പെട്ടിരിക്കയാണ് ഈ വിദ്യാര്‍ത്ഥി.

കേരളത്തില്‍ മാത്രം തിരുവനന്തപുരം, കൊച്ചി, വടകര എന്നീ പ്രാദേശിക കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇഗ്നോയുടെ വിവിധ കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രശ്നം വഷളാവുകയും പരാതികള്‍ വര്‍ദ്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡിജിറ്റല്‍ പഠന സാമഗ്രികള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. എന്നാല്‍, 3500 ഓളം പേജുകളുള്ള പാഠ്യ സാമഗ്രികള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുന്നതിന്റെ സാമ്പത്തിക ബാദ്ധ്യത വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ എളുപ്പമല്ല. ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളെയാണ് ഇതേറ്റവും ബാധിക്കുന്നത്. പാഠ്യസാമഗ്രികളുടെ വില മുന്‍കൂറായി അടച്ച കുട്ടികള്‍ക്കാണ് ഈ അധിക ചെലവു കൂടി വഹിക്കേണ്ടി വരുന്നത്. കൂടാതെ ഇത്തരത്തില്‍ ലഭ്യമാക്കിയ ഡിജിറ്റല്‍ പുസ്തകങ്ങളില്‍ത്തന്നെ, രേഖാമൂലമായ അനുവാദമില്ലാതെ പ്രിന്റ് ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്ന് എഴുതിയിട്ടുള്ളതായും ഡൗണ്‍ലോഡ് ചെയ്യാനുള്ള അനുവാദമേ നല്‍കിയിട്ടുള്ളൂ എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസം  സാര്‍വ്വത്രികമാക്കാന്‍ പ്രതിജ്ഞാബദ്ധമായ 'ജനങ്ങളുടെ സര്‍വ്വകലാശാല' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് ഇത്തരം നിരുത്തരവാദപരമായ നടപടികള്‍ എന്ന് വിദ്യാര്‍ത്ഥികള്‍ നിരീക്ഷിക്കുന്നു.

click me!