ഇസ്രത് ജഹാന്‍ കേസ്: ബിജെപി കോടതിയെ വഴി തെറ്റിയ്‌ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്

By Asianet NewsFirst Published Apr 20, 2016, 1:59 PM IST
Highlights

ദില്ലി: ഇസ്രത് ജഹാന്‍ കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇടപെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായും നുണപ്രചാരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ്. കേസില്‍ കോടതിയെ വഴി തെറ്റിയ്‌ക്കാനാണ് ബിജെപി ശ്രമിയ്‌ക്കുന്നതെന്നും ഇപ്പോഴുള്ള വിചാരണാനടപടികള്‍ നിര്‍ത്തിവെച്ചത് എന്തിനെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ഗുജറാത്തിലെ മെട്രോപൊളിറ്റന്‍ കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ഇസ്രത് ജഹാന്റേത് വ്യാജഏറ്റുമുട്ടലായിരുന്നുവെന്ന് വിധിച്ചതാണ്. എന്നിട്ടും വ്യാജഏറ്റുമുട്ടല്‍ നടത്തിയെന്ന് ആരോപിയ്‌ക്കപ്പെട്ട പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കോടതി വിധിയ്‌ക്കും മുകളില്‍ നിന്ന് നുണപ്രചാരണം നടത്താനാണ് ബിജെപി ശ്രമിയ്‌ക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതു തടയാന്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരത്തോട് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ആവശ്യപ്പെട്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ലഷ്കര്‍ പ്രവര്‍ത്തകരായ ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ് പിള്ളയുമടക്കം നാല് പേര്‍ 2004 ജൂണ്‍ പതിനഞ്ചിന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ വാദം.

click me!