കുല്‍ഭൂഷണ്‍ കുടുംബത്തിന്‍റേത് അവസാന കൂടിക്കാഴ്ചയാകില്ലെന്ന് പാക്കിസ്ഥാന്‍

By Web DeskFirst Published Dec 25, 2017, 8:18 PM IST
Highlights

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചതിന് പിന്നാലെ ഇത് അവസാത്തെ കൂടിക്കാഴ്ചയായിരിക്കില്ലെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം. ഇരുവര്‍ക്കും കുല്‍ഭൂഷനെ കാണാന്‍ വീണ്ടും അവസരം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. 

പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ പിറന്നാള്‍ ദിനമായതിനാലാണ് ഡിസംബര്‍ 25 തന്നെ സന്ദര്‍ശനത്തിന് നല്‍കാന്‍ തീരുമാനിച്ചത്. ഈ സന്ദര്‍ശനാനുമതിയില്‍നിന്ന് കുല്‍ഭൂഷണ്‍ ജാദവിന്റൈ കാര്യത്തില്‍ പാക്കിസ്ഥാന്‍ നിലപാടില്‍ മാറ്റമുണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമാണെന്നും ഫൈസല്‍ പറഞ്ഞു.  

ഭീകരവാദിയാണെന്ന് കുല്‍ഭൂഷന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ചാര സംഘടന റോയുടെ നിര്‍ദേശ പ്രകാരം പാകിസ്താനെ അസ്ഥിരപ്പെടുത്താനും രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താനുമാണ് കല്‍ഭൂഷന്‍ ശ്രമിച്ചതെന്നും മുഹമ്മദ് ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

മാര്‍ച്ച് 2016 ന് പാക് പിടിയിലായതിന്  ശേഷം ഇതാദ്യമായാണ് കുടുംബത്തിന് കുല്‍ഭൂഷണെ കാണാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കുന്നത്. വിദേശ മന്ത്രാലയത്തിന്റെ ഓഫീസില്‍ വച്ച് നാല്‍പ്പത് മിനുട്ടോളം അമ്മയും ഭാര്യയുമായി കുല്‍ഭൂഷണ്‍ സംസാരിച്ചു. പാക് കോടതി കുല്‍ഭൂഷണ്‍ ജാധവിന് വധശിക്ഷ വിധിച്ചതാണ്. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് പരിഗണനയിലാണ്.  

30 മിനുട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും കൂടിക്കാഴ്ച 10 മിനുട്ടുകൂടി നീട്ടി നല്‍കിയിരുന്നു. കനത്ത സുരക്ഷയിലായിലാണ് കൂടിക്കാഴ്ച നടന്നത്. ഇസ്ലാമാബാദില്‍ എത്തിയ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിന് വിമാനത്താവളം മുതല്‍ പ്രത്യേക കമാന്‍ഡോ സുരക്ഷ ഒരുക്കിയിരുന്നു. 

കൂടിക്കാഴ്ച നടക്കുന്ന ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയം ഓഫീസിലും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇന്ത്യ സമ്മതിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തിനെ കാണുന്നതിനായി ഡിസംബര്‍ 20 നാണ് പാകിസ്ഥാന്‍ വിസ അനുവദിച്ചത്. കുല്‍ഭൂഷന്റെ കുടുംബം പല തവണ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ അത് നിഷേധിക്കുകയായിരുന്നു. ചാരപ്രവര്‍ത്തി കേസില്‍ ജയിലില്‍ അടച്ചവര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം.

ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്താരാഷ്ട്രാ കോടതിയില്‍ തെളിഞ്ഞിരുന്നു.

click me!