കോഹിന്നൂര്‍ രത്നത്തിനായി അവകാശവാദമുന്നയിക്കാന്‍ ഇന്ത്യക്കാവില്ലെന്ന് പുരാവസ്തുവകുപ്പ്

By gopala krishananFirst Published Apr 20, 2016, 1:06 PM IST
Highlights

ദില്ലി: ബ്രിട്ടനിൽ സൂക്ഷിച്ചിരിക്കുന്ന കോഹിന്നൂർ രത്നം തിരിച്ചു കൊണ്ടുവരുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ കേന്ദ്ര പുരാവസ്തു വകുപ്പ് രംഗത്ത്. കോഹിന്നൂർ രത്നം തിരിച്ചു കൊണ്ടു വരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനു വിരുദ്ധമായി രത്നത്തിനായി അവകാശവാദമുന്നയിക്കാൻ ഇന്ത്യയ്ക്കാവില്ലെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അഭിപ്രായപ്പെട്ടു.

കോഹിന്നൂർ രത്നം തിരിച്ചു കൊണ്ടു വരുന്ന വിഷയം വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ചയാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കേയാണ് കേന്ദ്ര പുരാവസ്തു വകുപ്പ് സർക്കാർ നിലപാടിനെതിരെ രംഗത്തെത്തിയത്. നിയമപരമായി രത്നത്തിനായി അവകാശവാദമുന്നയിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കില്ലെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിലപാടിനെ അനുകൂലിച്ച് പ്രമുഖ ചരിത്രകാരനായ ഇർഫാൻ ഹബീബും രംഗത്തെത്തി.

കോഹിന്നൂ‍ർ രത്നം ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതല്ലെന്നും സിഖ് ഭരണാധികാരിയായ രഞ്ജിത് സിംഗിന്റെ പിൻമുറക്കാർ സമ്മാനമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകിയതാണെന്നും അതിനാൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും നേരത്തെ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ സഖ്യകക്ഷികളിൽ നിന്നടക്കം വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ രത്നം തിരിച്ചു കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസർക്കാർ നിലപാട് തിരുത്തി.

ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ആന്‍റ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട് എന്ന സംഘടനയാണ് കോഹിന്നൂർ‍ രത്നമടക്കം വിദേശത്തുള്ള അമൂല്യ വസ്തുക്കൾ ഇന്ത്യയിൽ തിരികെ കൊണ്ടു വരാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

click me!