ലോകസഭാ തെരഞ്ഞെടുപ്പ്; ദേശീയ തലത്തില്‍ വന്‍ ഒരുക്കങ്ങള്‍ക്ക് കോണ്‍ഗ്രസ്

By Web TeamFirst Published Aug 26, 2018, 7:53 AM IST
Highlights

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തന്നെയാകും ഇത്തവണ കോണ്‍ഗ്രസിന്‍റെ പ്രചാരണം. തെര‌ഞ്ഞെടുപ്പ് തന്ത്രങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള 9 അംഗ കോര്‍ക്കമ്മിറ്റിയിൽ എ.കെ.ആന്‍റണി, ഗുലാംനബി ആസാദ്, പി.ചിദംബരം, അശോക് ഖലോട്ട്, മല്ലികാര്‍ജ്ജുന ഖാര്‍ഖേ, അഹമ്മദ് പട്ടേൽ, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജോവാല, കെ.സി.വേണുഗോപാൽ എന്നിവരാണുള്ളത്.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ വലിയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ദേശീയ തലത്തിൽ വിവിധ സമിതികൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് രൂപീകരിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് കമ്മറ്റിയിൽ എ.കെ.ആന്‍റണിക്കൊപ്പം കെ.സി.വേണുഗോപാലിനെയും ഉൾപ്പെടുത്തി. കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കായി നിലവിലെ കോര്‍ കമ്മിറ്റിയും പ്രകടന പത്രിക സമിതിയും വിപുലീകരിച്ചു. 

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തന്നെയാകും ഇത്തവണ കോണ്‍ഗ്രസിന്‍റെ പ്രചാരണം. തെര‌ഞ്ഞെടുപ്പ് തന്ത്രങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള 9 അംഗ കോര്‍ക്കമ്മിറ്റിയിൽ എ.കെ.ആന്‍റണി, ഗുലാംനബി ആസാദ്, പി.ചിദംബരം, അശോക് ഖലോട്ട്, മല്ലികാര്‍ജ്ജുന ഖാര്‍ഖേ, അഹമ്മദ് പട്ടേൽ, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജോവാല, കെ.സി.വേണുഗോപാൽ എന്നിവരാണുള്ളത്. 19 അംഗ പ്രകടന പത്രിക സമിതിയിൽ ശശി തരൂര്‍, ബിന്ദു കൃഷ്ണ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ 13 അംഗ പ്രചരണ കമ്മിറ്റിക്കും രൂപം നൽകി. ഈ സമിതിയിൽ വി.ഡി.സതീശനെ ഉൾപ്പെടുത്തി. സെപ്റ്റംബര്‍ ആദ്യവാരം മുതൽ ഈ സമിതികൾ സജീവമാകും. 

രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാന തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികളും കോണ്‍ഗ്രസ് സജീവമാക്കും. മുൻകാല രീതികൾ മാറ്റി സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യപിക്കാനും സാധ്യതയുണ്ട്. റഫാൽ ഉൾപ്പടെയുള്ള വിഷയങ്ങൾ മോദി സര്‍ക്കാരിനെതിരെ വലിയ പ്രചരണ വിഷയമാക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് ഘടകങ്ങൾക്ക് രാഹുൽ ഗാന്ധി നൽകിയിരിക്കുന്ന നിര്‍ദ്ദേശം. 
 

click me!