മാർ ക്രിസോസ്റ്റം തിരുമേനി: പത്മഭൂഷണം ചാര്‍ത്തിയ ദൈവത്തിന്‍റെ സ്വര്‍ണ്ണനാവ്

By അരുണ്‍ അശോകന്‍First Published Jan 25, 2018, 10:37 PM IST
Highlights

നൂറു വർഷം മുൻപാണ്. പത്തനംതിട്ട കലമണ്ണിൽ കെ ഈ ഉമ്മൻ കശ്ശീശയുടെ ഭാര്യ കാർത്തികപ്പള്ളി നടുക്കേവീട്ടിൽ ശോശാമ്മ നിറവയറായി ഇരിക്കുകയാണ്. വയറു കണ്ടിട്ട് ഇരട്ടക്കുട്ടികളാണെന്ന് എല്ലാവരും പറഞ്ഞുവത്രെ. പക്ഷെ ശോശാമ്മ പ്രസവിച്ചപ്പോൾ കുട്ടി ഒന്ന്. ഒന്നാണെങ്കിലും രണ്ടുപേരുടെ തടിയുള്ളവനാണ് കുഞ്ഞെന്ന് അപ്പനടക്കം എല്ലാവരും പറഞ്ഞെന്നാണ് സ്വന്തം ജനനത്തെക്കുറിച്ച് മാർ ക്രിസോസ്റ്റം തിരുമേനി പറയാറ്.  

തന്റെ ജനനം പോലും നർമ്മം ചേർത്ത് പറയുന്ന വൈദികൻ. അദ്ദേഹം അങ്ങനെ പറഞ്ഞില്ലെങ്കിലേ കേരളം അദ്ഭുതപ്പെടുകയുള്ളൂ. അതുകൊണ്ടാണ് ചിരിയുടെ തന്പുരാനെന്ന് കേരളക്കര ഒന്നാകെ അദ്ദേഹത്തെ വിളിച്ചത്. 

നർമ്മം ഒരു വ്യക്തിയെയും ക്ഷതപ്പെടുത്താനാകരുത്, അത് വ്യക്തിത്വത്തിന്റെ ആഴങ്ങളെ ബോധ്യപ്പെടുത്താനുള്ളതാകണമെന്നായിരുന്നു തിരുമേനിയുടെ നിലപാട്. ഇതുവരെയും അദ്ദേഹം അത് കാത്തുസൂക്ഷിക്കുകയും ചെയ്തു.  തിരുമേനിമാരും രാഷ്ട്രീയക്കാരുമടക്കം എല്ലാവരും അദ്ദേഹത്തിന് നർമ്മത്തിനുള്ള വകയായിരുന്നു. പക്ഷെ ഒരാൾ പോലും ആ നർമ്മത്തിൽ വേദനിച്ചിട്ടില്ല, ആരും പരാതി പറഞ്ഞുമില്ല. ക്രിസ്തുവും കൃഷ്ണനും പോലും. 

അവരും നർമ്മത്തിന്റെ മേന്പൊടിയോടെ തന്നെയായിരുന്നു ആ നാവിൽ നിന്ന് പുറത്തേക്ക് വന്നത്. അതങ്ങനെയാകാതിരിക്കാൻ തരമില്ല , കാരണം ക്രിസോസ്റ്റം എന്ന പേരിന്റെ അർത്ഥം ദൈവത്തിന്റെ സ്വർണനാവെന്നാണ്. കലമണ്ണിൽ റവ . ഫിലിപ്പ് ഉമ്മൻ കശ്ശീശ അക്കാര്യത്തിലും ദൈവത്തിനോട് നൂറും ശതമാനം നീതിപുലർത്തിയവനായി. 

1953 മെയ് ഇരുപതിനാണ് ഫിലിപ്പ് ഉമ്മൻ കശ്ശീശ മാർ ക്രിസോസ്റ്റം എന്ന പേരിൽ മെത്രാനാകുന്നത്. 1999ൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായി. 2007വരെ അദ്ദേഹം സ്ഥാനത്ത് തുടർന്നു. സ്ഥാനം ഒഴിഞ്ഞതിന് ശേഷവും കേരളത്തിന്റെ ആത്മീയ മണ്ഡലത്തിലും സാമൂഹിക മണ്ഡലത്തിലും അദ്ദേഹം നിറഞ്ഞു തന്നെ നിന്നു.  ആ വ്യക്തിത്വത്തോടുള്ള ആദരവായാണ് 2017ൽ അദ്ദേഹത്തിന്റെ നൂറാം ജന്മദിനം കേരളം ഒന്നാകെ ആഘോഷിച്ചത്.  

ദൈവം തനിക്ക് നൽകിയത് ഏറ്റവും സംതൃപ്തമായ ജീവിതമാണെന്നാണ് ക്രിസോസ്റ്റം തിരുമേനി പറയാറ്. സ്വർഗത്തിൽ ചെല്ലുന്പോൾ ദൈവം ഒരു ജനനത്തിന് കൂടിയുള്ള അവസരം തന്നാൽ ഇപ്പോഴത്തെ അതേ ജന്മം തന്നെ ആവർത്തിക്കാനാണത്രെ ഇഷ്ടം. സഫലമായ ജീവിതം. അതാണ് ഒറ്റവരിയിൽ കേരളക്കരയുടെ തിരുമേനി ഡോ. മാർ ക്രിസോസ്റ്റം.  
 

click me!