പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠന സഹായത്തിന് പൊതുമാനദണ്ഡമായി

By Web DeskFirst Published Oct 4, 2017, 9:47 PM IST
Highlights

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠന സഹായം നല്‍കുന്നതിന് പൊതുമാനദണ്ഡം രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തൃശൂര്‍ സ്വദേശിനിയായ റിമാ രാജന് പോര്‍ച്ചുഗലിലെ സര്‍വ്വകലാശാലയില്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാകാത്തത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രി ഉടനടി ഇടപെടുകയും റിമയുടെ വിദ്യാഭ്യാസം തുടരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത്തരം നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ക്കൂടിയാണ് ഇപ്പോള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠന സഹായം നല്‍കുന്നതിന് പൊതുമാനദണ്ഡം രൂപീകരിക്കുന്നതിലേക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.

മന്ത്രി എ കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കുന്നതിന് ധനസഹായം നല്‍കുവാന്‍ വ്യക്തമായ വ്യവസ്ഥകള്‍ നിലവില്‍ ഉണ്ടായിരുന്നില്ല. ലോകനിലവാരമുള്ളതും ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ളതുമായ കോഴ്സുകള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിവരുന്നത്. എന്നാല്‍ ഏതെല്ലാം കോഴ്സുകള്‍ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത് എന്ന് അറിയാതെയും സര്‍ക്കാര്‍ അംഗീകാരം ഇല്ലാതെയും വിദേശത്ത് പഠനത്തിനായി ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ പോവുകയും പിന്നീട് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് കോഴ്സ് പൂര്‍ത്തീകരിക്കാനാവാതെ പ്രയാസപ്പെടുന്ന സ്ഥിതിയുമാണ് നിലവിലുള്ളത്. അത്തരം വിഷമതകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റും സമീപകാലത്ത് വരികയും വലിയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഒരു പൊതുമാനദണ്ഡവും സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള സംവിധാനവും ഇല്ലാത്തതായിരുന്നു ഈ മേഖലയിലുള്ള പ്രധാന ന്യൂനത. ഇക്കാര്യത്തിലുള്ള അവ്യക്തത ഇല്ലാതാക്കിക്കൊണ്ടും കാലതാമസം ഒഴിവാക്കിക്കൊണ്ടും വിദേശപഠനത്തിനുള്ള മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിക്കുകയാണ്.

ഈ സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷത്തിനകം 6 പേര്‍ക്ക് 53 ലക്ഷം രൂപ വിദേശപഠനത്തിനായി അനുവദിച്ചിട്ടുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലത്ത് 10 പേര്‍ക്ക് 63 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അതില്‍ ലണ്ടനില്‍ പഠിക്കുന്ന കാസര്‍ഗോഡ് സ്വദേശി ബിനീഷ് ബാലന്‍ സാമ്പത്തിക സഹായം ലഭിച്ചവരില്‍ ഉള്‍പ്പെടും. സപ്തംബറില്‍ എന്റെ വിദേശയാത്രയോട് അനുബന്ധിച്ച് ഞാന്‍ ലണ്ടനില്‍ വെച്ച് ശ്രീ. ബിനീഷ് ബാലനെ കാണുകയുണ്ടായി. ഏറെക്കാലം കഷ്ടപ്പെട്ടിട്ടാണ് ബിനീഷിന് സര്‍ക്കാര്‍ ധനസഹായം ലഭിച്ച് ലണ്ടനിലെത്താന്‍ സാധിച്ചത്. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടു കൂടിയാണ് ബിനീഷ് ഇപ്പോള്‍ പഠിക്കുന്നത്. ലണ്ടനില്‍ വെച്ച് ബിനീഷിനെ നേരില്‍ കണ്ടപ്പോള്‍ എല്ലാ സഹായത്തിനും എന്നും സര്‍ക്കാര്‍ സഹായത്തിനുണ്ടാകും എന്ന് ഉറപ്പുനല്‍കിയിരുന്നു.

ദളിത് വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ പല വിദ്യാര്‍ത്ഥികള്‍ക്കും വര്‍ഷങ്ങളോളം വിദേശപഠന സഹായത്തിനായി കാത്ത് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അവരില്‍ പലര്‍ക്കും ശ്രമം ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്. കാലാകാലങ്ങളായി തുടര്‍ന്നുപോന്ന അവ്യക്തത നിറഞ്ഞ നടപടിക്രമങ്ങള്‍ മൂലം വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ച് സര്‍ക്കാര്‍ ദളിത് വിഭാഗത്തിന് എതിരാണ് എന്ന കുപ്രചരണം വരെ ഇതിന്റെ ഭാഗമായി ചില കോണില്‍ നിന്നും ബോധപൂര്‍വ്വം ഉയര്‍ന്നുവന്നു. ഒരു പൊതുമാനദണ്ഡം ഇക്കാര്യത്തില്‍ രൂപീകരിക്കുമെന്നും അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യാക്കും എന്നും അന്യായമായ കാലതാമസം പൂര്‍ണമായും ഒഴിവാക്കും എന്നും അന്ന് തന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ഉത്തരവായ പൊതുമാനദണ്ഡ പ്രകാരം വിദേശപഠനത്തിന് ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് തനിക്ക് സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ടോ എന്ന് സ്വയം അറിയുന്നതിന് സാധിക്കും. മാത്രമല്ല സമയബന്ധിതമായി സര്‍ക്കാര്‍ അംഗീകാരം ലഭ്യമാക്കാനും ആനുകൂല്യം അനുവദിക്കുന്നതിനും ക്രമീകരണം നടത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ സര്‍ക്കാര്‍ അംഗീകാരം പ്രതീക്ഷിച്ച് വിദേശത്ത് പോയി പ്രയാസപ്പെടുന്ന ഒരു ദുരവസ്ഥയ്ക്ക് പൂര്‍ണമായും പരിഹാരം കാണാന്‍ ഇതുമൂലം കഴിയും.

വിദേശത്ത് പഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വ്വകലാശാലകള്‍/സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന യോഗ്യതകളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും അവരുടെ അനുമതി ലഭിച്ചതിന് ശേഷവുമാണ് പ്രവേശനം നേടുന്നത്. മറ്റ് രാജ്യങ്ങളില്‍ പോകുന്നതിന്റെ വിസ അടക്കമുള്ള നടപടിക്രമങ്ങള്‍ അവര്‍ പാലിക്കുന്നുണ്ട്. അതോടൊപ്പം സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നതില്‍ മുന്‍കൂര്‍ അനുമതി ലഭ്യമാക്കിയിരിക്കണമെന്ന നിഷ്കര്‍ഷം കൂടി മാനദണ്ഡത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട്.

പൊതുമാനദണ്ഡ പ്രകാരം ലോകറാങ്കിംഗില്‍ ആദ്യത്തെ 500 റാങ്കില്‍ വരുന്ന സ്ഥാപനങ്ങളില്‍ പ്രവേശനം നേടാം. പ്രവേശനം ലഭിക്കുമെന്നതിനുള്ള ഓഫര്‍ ലെറ്റര്‍ ലഭിച്ച് രണ്ട് ആഴ്ചക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. മാനദണ്ഡപ്രകാരം ധനസഹായം അനുവദിക്കുന്നതിനുള്ള അറിയിപ്പ് 10 ദിവസത്തിനകം വിദ്യാര്‍ത്ഥിക്ക് ലഭ്യമാക്കും. അത്തരം ഒരു അറിയിപ്പിനെ തുടര്‍ന്ന് മാത്രമെ സര്‍ക്കാര്‍ ധനസഹായത്തോടെ കോഴ്സിന് പ്രവേശനം നേടുവാന്‍ പാടുള്ളു. അതല്ലാതെ സ്വന്തം നിലയില്‍ പ്രവേശനം നേടുന്നവര്‍ക്ക് വിദേശ സ്കോളര്‍ഷിപ്പ് ലഭ്യമാകുന്നതല്ല.

12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്. അംഗീകാരം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ നല്‍കും. ഒരു തവണ പോകുവാനും തിരികെ വരുവാനുമുള്ള യാത്രാ ചെലവ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, ട്യൂഷന്‍ ഫീസ്, അക്കമഡേഷന്‍, ലിവിങ് എക്സ്പെന്‍സ്, വിസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.

12 ലക്ഷം മുതല്‍ 20 ലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികളുടെ അക്കമഡേഷന്‍, ലിവിംഗ് എക്സ്പന്‍സ് എന്നിവയുടെ 50 ശതമാനവും മറ്റ് ചെലവുകളും പൂര്‍ണ്ണമായും നല്‍കും. 20 ലക്ഷത്തിന് മുകളില്‍ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് യഥാര്‍ത്ഥ ട്യൂഷന്‍ ഫീസ് മാത്രമായിരിക്കും അനുവദിക്കുക. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഈ വരുമാന പരിധികള്‍ ഒന്നും തന്നെ ബാധകമല്ല.

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട അധസ്ഥിത വിഭാഗത്തിനെ വിദ്യാഭ്യാസത്തിലൂടെ മാത്രമെ യഥാര്‍ത്ഥ ശാക്തീകരണം നടക്കുകയുള്ളു. നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട അവസരങ്ങള്‍ അവര്‍ക്ക് പ്രാപ്യമാക്കണം എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയം. ഈ സര്‍ക്കാര്‍ എന്നും ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളും. സര്‍ക്കാര്‍ അവരോടൊപ്പമുണ്ടാകുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ.

click me!