തിരുവനന്തപുരത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മദ്യം കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

By Web DeskFirst Published Jul 25, 2018, 1:02 AM IST
Highlights

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഏഴ്  തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന കിരൺ ഡേവിഡിനെ സിനിമാ സ്റ്റൈലിലായിരുന്നു കസ്റ്റംസ് പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മദ്യം കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്ലസ് മാക്സ് കമ്പനി ഉദ്യോഗസ്ഥനും തിരുവനന്തപുരം സ്വദേശിയുമായ കിരൺ ഡേവിഡിനെയാണ് ഗോവയിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. കമ്പനിക്ക് സഹായം ചെയ്ത കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോർജിനായുള്ള പരിശോധന ശക്തമാക്കി

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഏഴ്  തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന കിരൺ ഡേവിഡിനെ സിനിമാ സ്റ്റൈലിലായിരുന്നു കസ്റ്റംസ് പിടികൂടിയത്.  ഗുരുതരമായ അസുഖമാണെന്ന വ്യാജ മെഡിക്കൽ രേഖ ഹാജരാക്കി കിരൺ ഗോവയിലേക്ക കടക്കുകയായിരുന്നു. കസ്റ്റസ് ജോയിന്റ് കമ്മീഷണർ അനീഷ് പി രാജന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ഗോവയിലെത്തി. അപ്പോഴേക്കും  കിരൺ തീവണ്ടി മാർഗം കേരളത്തിലേക്ക് പുറപ്പെട്ടു. കണ്ണൂർ, കോഴിക്കോട് യൂണിറ്റുകളിലെ കസ്റ്റംസ് സംഘം ട്രെയിനിൽ പിന്തുടർന്നു. ഒടുവിൽ കൊച്ചിയിലെത്തിയപ്പോൾ ആർ.പിഎഫ് സഹായത്തോടെ കിരണിനെ പിടികൂടുകയായിരുന്നു.

ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ലക്ഷങ്ങളുടെ മദ്യം പുറത്ത് വിൽപ്പന നടത്തിയതിലെ പ്രധാന കണ്ണി കിരൺ ഡേവിഡ് ആണെന്ന് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ പ്ലസ് മാക്സ് സിഇഒ സുന്ദരവാസൻ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ കമ്പനിക്ക്  മദ്യം കടത്താനായി കൈമാറിയത് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോർജ്ജ് ആണ്. കേസിൽ ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ ഇയാൾ ഒളിവിൽ പോയിട്ടുണ്ട്. ഇവർക്ക് പുറമെ എയർപോർട്ട് ഡയറക്ടർക്കും കസ്റ്റംസ് ഉദ്യോസ്ഥർ സമൻസ് അയച്ചിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ തന്നെ കേസിൽ പെടുത്താൻ ശ്രമിക്കുകയാണെന്ന് ചൂണ്ടികാട്ടി എയർപോട്ട് ഡയറക്ടർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

click me!