കുല്‍ഭൂഷണുമായുള്ള കൂടിക്കാഴ്ച; വിവസ്ത്രരാക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിച്ചെന്ന് കുടുംബം

By Web DeskFirst Published Dec 26, 2017, 4:05 PM IST
Highlights

ദില്ലി: കുൽഭൂഷണ്‍ ജാദവിനെ കാണാനെത്തിയ കുടുംബത്തിന്‍റെ സംസ്കാരത്തെയും വിശ്വാസത്തെയും പാക്കിസ്ഥാൻ അപമാനിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. വസ്ത്രം അഴുപ്പിച്ച് പരിശോധന നടത്തിയതിനൊപ്പം കെട്ടുതാലി വരെ പാക് ഉദ്യോഗസ്ഥര്‍ അഴിച്ചുവാങ്ങി. കുൽഭൂഷനെ കണ്ടശേഷം ഭാര്യയുടെ ഷൂസ് തിരിച്ചുനൽകിയ പാക് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. രാവിലെ കുടുംബം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടു.

സുരക്ഷയുടെ പേരിൽ കേട്ടുകേൾവിയില്ലാത്ത അപമാനമാണ് ഭീകരവാദിയെന്ന് ആരോപിച്ച് പാകിസ്ഥാൻ പിടികൂടിയ കുൽഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അദ്ദേഹത്തിന്‍റെ അമ്മക്കും ഭാര്യക്കും നേരിടേണ്ടിവന്നതെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചത്. കുൽഭൂഷനെ ഇരുത്തിയ ചില്ലുകൂടിന് അരുകിലേക്ക് പോകുന്നതിന് മുമ്പ് ഭാര്യയുടെയും അമ്മയുടെയും വസ്ത്രങ്ങൾ അഴിപ്പിച്ച് പരിശോധിച്ചു, താലി മാല, വള, കമ്മൽ എന്നിവ ഊരിവാങ്ങി. പൊട്ട് മാറ്റാൻ ആവശ്യപ്പെട്ടു. ഷൂസ് അഴിച്ചുവാങ്ങി. കുൽഭൂഷനെ കണ്ട് മടങ്ങുമ്പോൾ എത്ര അഭ്യര്‍ത്ഥിച്ചിട്ടും ഭാര്യയുടെ ഷൂസ് തിരിച്ചു നൽകിയില്ല. 

കുടുംബത്തിന് അരുകിലേക്ക് പാക് മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ല എന്ന ധാരണ ലംഘിച്ചു. പല സ്ഥലത്തും പാക്ക് മാധ്യമങ്ങൾ കുടുംബത്തെ അപമാനിച്ചു. അമ്മയെ മാതൃഭാഷയായ മറാത്തിയിൽ സംസാരിക്കാൻ അനുവദിച്ചില്ല. സംസാരത്തിനിടെ മറാത്തി കടന്നുവന്നപ്പോൾ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കുടുംബത്തെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയ ഡെപ്യുട്ടി ഹൈക്കമീഷൻ ജെ.പി.സിംഗിനെ സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. ഇത്തരത്തിൽ ഇരുരാജ്യങ്ങളുംഉണ്ടാക്കിയ എല്ലാ ധാരണകളും പാക്കിസ്ഥാൻ ലംഘിച്ചുവെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാര്‍ പറഞ്ഞു.

ഇസ്ലാമാബാദിൽ നിന്ന് തിരിച്ചെത്തിയ ശേഷം രാവിലെ വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി കുൽഭൂഷണ്‍ ജാദവിന്‍റെ കുടുംബം കൂടിക്കാഴ്ച നടത്തി. കുൽഭൂഷണ്‍ ജാദവിന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കുടുംബം പറയുന്നത്. ആരോ നിര്‍ബന്ധിപ്പിച്ച് പറയിപ്പിക്കുന്നതുപോലെയാണ് പലപ്പോഴും തോന്നിയതെന്നും കുടുംബം വിശദീകരിച്ചു. പാക്കിസ്ഥാനിലെ ഭീകരവാദത്തിന്‍റെ മുഖമാണ് കുൽഭൂഷണ്‍ ജാദവ് എന്നായിരുന്നു ഇന്നലെ പാക്കിസ്ഥാൻ പറഞ്ഞത്. കുറ്റം കുൽഭൂഷണ്‍ ജാദവ് സമ്മതിച്ചുവെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലെ ദുരൂഹതകൾ അന്താരാഷ്ട്ര കോടതിയെ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

click me!